നഡ്ഡയുടെ തട്ടകത്ത് ബിജെപിയെ തകര്‍ത്ത് കിങ് മേക്കറായി ഹിമാചലിന്റെ ‘പ്രിയങ്ക’രി
Mail This Article
ഹിമാചൽ പ്രദേശിൽ ബിജെപിയെ അട്ടിമറിച്ച് നേടിയ വിജയത്തോടെ കോണ്‍ഗ്രസിന്റെ കിങ് മേക്കറായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പുതിയ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ കീഴില്‍ പ്രിയങ്കാ ഗാന്ധിയാണ് സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. സഹോദരൻ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലും അമ്മയും മുൻ അധ്യക്ഷയുമായ സോണിയ ഗാന്ധി ആരോഗ്യകാരണങ്ങളാൽ വീട്ടിലും ഒതുങ്ങിയപ്പോൾ, ഹിമാചലിൽ കോൺഗ്രസിന്റെ താരപ്രചാരകയായിരുന്നു പ്രിയങ്ക ഗാന്ധി. ഹിമാചലിൽ സ്വന്തമായി വീടുള്ള പ്രിയങ്ക, ഹിമാചലുകാരുടെ പ്രിയപ്പെട്ട നാട്ടുകാരി കൂടിയാണ്.
ഹിമാചൽ ഗ്രാമീണരുടെ ‘പൾസ്’ അറിഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രചാരണം. അധികാരത്തിലേറിയാല്‍ പെന്‍ഷന്‍ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കുമെന്നും അഗ്നിപഥ് പദ്ധതിയും ഉയർത്തിക്കാട്ടി. പ്രസംഗിച്ച വേദികളിലെല്ലാം പ്രിയങ്ക പറഞ്ഞു: ‘കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ പഴയ പെൻഷൻ പദ്ധതി (ഓൾഡ് പെൻഷൻ സ്കീം) പുനഃസ്ഥാപിക്കും, കേന്ദ്രത്തിൽ അധികാരത്തിലെത്തുമ്പോൾ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കും’. സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 680 കോടി രൂപയുടെ സ്റ്റാര്‍ട്ടപ്പ് ഫണ്ട്, ഒരു ലക്ഷം സര്‍ക്കാര്‍ ജോലി, യുവാക്കള്‍ക്ക് 5 ലക്ഷം തൊഴില്‍, ഓരോ നിയമസഭാ മണ്ഡലത്തിലും 4 വീതം ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍, മൊബൈല്‍ ചികിത്സാ ക്ലിനിക്കുകള്‍, ഫാം ഉടമകള്‍ക്ക് ഉല്‍പന്നങ്ങളുടെ വിലനിര്‍ണയാധികാരം തുടങ്ങിയ വാഗ്ദാനങ്ങളുമായി സ്ത്രീ വോട്ടർമാരുടെ മനം കവരാനും പ്രിയങ്കയ്ക്കായി. പരമ്പരാഗത രാഷ്ട്രീയ വഴികളിലൂടെ വിജയം നേടാനായിരുന്നു ശ്രമം. തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന കാര്യത്തില്‍ തുടക്കം മുതല്‍ ശ്രദ്ധ പുലര്‍ത്തികൊണ്ട് താഴെത്തട്ടില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സ്വന്തം തട്ടകത്തിൽ ബിജെപിയെ ‘മലർത്തിയടിച്ച്’ കോൺഗ്രസ് നേടിയ വിജയം പ്രിയങ്കയുടെ ‘സ്വകാര്യ’ വിജയം കൂടിയാണ്. ഈ വർഷാദ്യം നടന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ പ്രചാരണ മേൽനോട്ടത്തിന് പ്രിയങ്ക ഉണ്ടായിരുന്നു. എന്നാൽ, 2017ൽ യുപിയില്‍ 7 സീറ്റ് നേടിയ കോൺഗ്രസ്, 2022ലെ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റിലൊതുങ്ങി. ഇതു പ്രിയങ്കയുടെ പ്രതിച്ഛായയ്ക്കും മങ്ങലേൽപ്പിച്ചിരുന്നു. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്നും അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
1985നു ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ചാണക്യതന്ത്ര’വും തകർത്തുകൊണ്ടാണ് കോണ്‍ഗ്രസ് വിജയരഥത്തിലേറിയത്. 40 സീറ്റുകൾ കോണ്‍ഗ്രസിനു നേടാനായപ്പോൾ ബിജെപി 25 സീറ്റുകൾ നേടി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റുമാണ് നേടിയത്.
English Summary: Himachal Pradesh Election Result 2022: Priyanka Gandhi become the kingmaker of Congress