ADVERTISEMENT

തിരുവനന്തപുരം ∙ വര്‍ഗീയ ഫാഷിസ്റ്റ് ഭരണത്തില്‍ നിന്നും രാജ്യം മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ ഫലസൂചികയാണ് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ വിജയമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഭരണത്തിന്റെ തണലില്‍ ബിജെപി ഉയര്‍ത്തിയ വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഹിമാചല്‍ പ്രദേശില്‍ തിളക്കമാര്‍ന്ന വിജയം നേടിയ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിയുന്ന വിജയമാണ് ഹിമാചല്‍ പ്രദേശിലേത്. കോര്‍പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ബിജെപിക്കാണ് ജയസാധ്യത കൽപിച്ചതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

‘‘മതേതര വോട്ട് ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായകരമായ നിലപാടാണ് ചില രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്നത്. അരവിന്ദ് കേജ്‌രിവാളിന്റെ എഎപിയും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മും ബിജെപിയുടെ ചട്ടുകങ്ങളായി ഗുജറാത്തില്‍ പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് ഇരുപാര്‍ട്ടികളും ഗുജറാത്തില്‍ പ്രവര്‍ത്തിച്ചത്. ബിജെപിക്ക് അപ്രാപ്യമായ ന്യൂനപക്ഷ വോട്ടുകളില്‍ ഉവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം കൊണ്ട് അവര്‍ നേട്ടമുണ്ടാക്കുകയും മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടിയെ ഉപയോഗിക്കുകയും ചെയ്തു.’’ – സുധാകരൻ പറഞ്ഞു.

‘‘2011ലെ സെന്‍സസ് പ്രകാരം 95.17 ശതമാനം ഹിന്ദുമത വിശ്വാസികളുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഭരണത്തുടര്‍ച്ചക്കായി അവിടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ ബിജെപി ശ്രമിച്ചിട്ടും അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനായി. മതേതര ജനാധിപത്യ വിശ്വാസികള്‍ കോണ്‍ഗ്രസില്‍ അര്‍പിച്ച വിശ്വാസമാണ് എല്ലാത്തരം വര്‍ഗീയതയേയും പരാജയപ്പെടുത്തി ഹിമാചല്‍ പ്രദേശില്‍ വിജയിക്കാൻ കോൺഗ്രസിനെ സഹായിച്ചത്. ഇത് രാജ്യം വര്‍ഗീയതയെ കയ്യൊഴിഞ്ഞ് മതേതര ജനാധിപത്യത്തിലേക്ക് മടങ്ങിവരുന്നുവെന്ന സന്ദേശമാണ് നല്‍കുന്നത്’’ – സുധാകരൻ ചൂണ്ടിക്കാട്ടി.

മതേതര ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനും വര്‍ഗീയതയെ ഇന്ത്യന്‍ മണ്ണില്‍ നിന്നു തുരത്താനും കോണ്‍ഗ്രസിലൂടെ സാധ്യമാകുകയെന്ന് ജനം വിശ്വസിക്കുന്നു എന്നതിന് തെളിവു കൂടിയാണ് ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലമെന്നും സുധാകരന്‍ പറഞ്ഞു.

English summary: K Sudhakaran on Gujarat, Himachal election result

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com