ജനാധിപത്യത്തിന്റെ പ്രഭാവം തലമുറകളിലേക്കു പടരട്ടെ: തോൽവിക്കിടെ രാഹുലിന്റെ കുറിപ്പ്!
Mail This Article
കോട്ട (രാജസ്ഥാൻ) ∙ രാജ്യത്ത് ഐക്യം സ്ഥാപിക്കുകയും അവകാശങ്ങൾക്കായി പോരാടാൻ കഴിയുന്ന ജനങ്ങളുടെ ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുകയുമാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള ചിത്രം പങ്കുവെച്ചാണ് രാഹുല്‍ ഗാന്ധി സമൂഹമാധ്യമത്തിൽ ഇങ്ങനെ കുറിച്ചത്. ജനാധിപത്യത്തിന്റെ പ്രഭാവം ഈ തലമുറയിൽ മാത്രം ഒതുങ്ങരുതെന്നും എല്ലാ തലമുറകളിലും വ്യാപിക്കണമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തിലുള്ളവരുടെ അവകാശങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുകയും ഇന്ത്യയുടെ ജനാധിപത്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം കുറിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യത്തെ പറ്റിയും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെ പറ്റിയും പറഞ്ഞത്.
അതേസമയം, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ അതി ദയനീയ തോല്‍വിയിലേക്കാണ് കോണ്‍ഗ്രസ് കൂപ്പുകുത്തിയത്. 2017ല്‍ 77 സീറ്റുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ 16 സീറ്റില്‍ മാത്രമാണ് ലീഡ് നേടാനായത്. ഇതുവരെ സഹായിച്ചിരുന്ന ഗ്രാമീണ, ഗോത്ര മേഖലകളെല്ലാം ഇത്തവണ കോണ്‍ഗ്രസിനെ കൈവിട്ടു. അതിനിടെ, ഹിമാചല്‍ പ്രദേശില്‍ 39 സീറ്റില്‍ ലീഡ് നേടി അധികാരത്തിലെത്താനായതാണ് പാര്‍ട്ടിയുടെ ഏക ആശ്വാസം.
English Summary: Rahul Gandhi's Post On Bharat Jodo Yatra In FB Amidst Gujarat Election Defeat