‘വയലാർ രവിയുടെയും മേഴ്സിയുടെയും മാതൃകാ ദാമ്പത്യം; വ്യക്തി ബന്ധങ്ങൾക്ക് വില കൽപിച്ചു’
Mail This Article
കൊച്ചി ∙ സ്മരണകളിലേക്കു തിരിച്ചു നടന്നപ്പോൾ മുൻ മന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ വയലാർ രവിയുടെ കണ്ണുകൾ ഈറനണിഞ്ഞു. കൊച്ചിയിൽ എറണാകുളം പ്രസ് ക്ലബിന്റെ പി.എസ്.ജോൺ എൻഡോവ്മെന്റ് പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങാൻ ടൗൺഹാളിൽ എത്തിയതായിരുന്നു അദ്ദേഹം. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം അദ്ദേഹം അതു തുറന്നു പറയുകയും ചെയ്തു. ‘‘മനസ്സിനു ബുദ്ധിമുട്ടുണ്ടാക്കുന്ന പരിപാടിയായിട്ടാണ് എനിക്ക് ഇതു തോന്നിയത്. പഴയ ചങ്ങാതിയായിരുന്നു പി.എസ്.ജോൺ’’ എന്നു പറഞ്ഞ് ഓർമകളിലേക്ക് ഊളിയിട്ടു.
വയലാർ രവിക്കു പി.എസ്.ജോൺ എൻഡോവ്മെന്റ് പുരസ്കാരം സമ്മാനിച്ച ശേഷം സംസാരിക്കുമ്പോൾ മുഖ്യമന്ത്രി ‘‘വയലാർ രവിയും മേഴ്സി രവിയും തമ്മിൽ അത്രമേൽ അലിഞ്ഞുചേർന്ന ദാമ്പത്യമായിരുന്നു’’ എന്നു പറയുമ്പോൾ തലകുലുക്കിയ ശേഷം താഴേയ്ക്കു നോക്കി കണ്ണുകൾ തുടയ്ക്കുന്നുണ്ടായിരുന്നു. ഇന്നു ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കൾക്കിടയിൽ സ്ഥാനമുള്ള വ്യക്തിയാണ് വയലാർ രവി എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശേഷണം. കേരള രാഷ്ട്രീയത്തെ ചടുലവും ഊര്‍ജസ്വലവുമാക്കിയ വയലാര്‍ രവിക്ക് ഈ പുരസ്‌കാരം സമ്മാനിക്കുന്നതില്‍ സന്തോഷമുണ്ട്. മാധ്യമപ്രവര്‍ത്തനരംഗത്തു മൂല്യാധിഷ്ഠിതമായി നിലകൊണ്ട വ്യക്തിയാണ് പി.എസ്.ജോണ്‍. വയലാര്‍ രവിയെപ്പോലെതന്നെ പുതുതലമുറ ഉള്‍ക്കൊള്ളേണ്ട മൂല്യങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചു. ഇരുവരും പരസ്പരം അറിഞ്ഞവരും അടുത്തു പ്രവര്‍ത്തിച്ചവരുമാണ്. ആ നിലയ്ക്ക് പി.എസ്. ജോണിന്റെ പേരിലുള്ള പുരസ്‌കാരം വയലാര്‍ രവിക്ക് നല്‍കുന്നതില്‍ പ്രത്യേക ഔചിത്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘‘ദേശീയ രാഷ്ട്രീയത്തിനു കേരളം നല്‍കിയ നിരവധി പ്രമുഖരില്‍ ഒരാളാണ് വയലാർ രവി. പ്രഗൽഭനായ പാര്‍ലമെന്റേറിയന്‍, സമര്‍ഥനായ നിയമസഭാ സാമാജികന്‍, കാര്യക്ഷമതയുള്ള ഭരണാധികാരി, പ്രസംഗവൈഭവമുള്ള നേതാവ് എന്നിങ്ങനെ പലതലങ്ങളിലായി ശ്രദ്ധേയമായ വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിലും കേന്ദ്രത്തിലും അദ്ദേഹം മന്ത്രിയായിരിക്കുമ്പോൾ കേരളത്തിന്റെയും കേരളീയരുടെയും പൊതുതാൽപര്യങ്ങൾ മുൻനിർത്തി പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസിക്ഷേമ മന്ത്രിയായിരിക്കുമ്പോൾ ചെയ്ത പല കാര്യങ്ങളും നന്ദിയോടെ ഓർക്കുന്ന പ്രവാസി സമൂഹം ഇപ്പോഴുമുണ്ട്.
വയലാർ രവിയെക്കുറിച്ച് ഓർക്കുമ്പോഴെല്ലാം മനസ്സിൽ വരുന്നത് അദ്ദേഹത്തിന്റെ മാതൃകാ ദാമ്പത്യത്തെക്കുറിച്ചു കൂടിയാണ്. മേഴ്സി രവിയെക്കുറിച്ചു പറയാതെ വയലാർ രവിയെക്കുറിച്ചു പറഞ്ഞ് അവസാനിപ്പിക്കാനാവില്ല. അത്രമേൽ പരസ്പരം അലിഞ്ഞു ചേർന്ന ദമ്പതികളായിരുന്നു അവർ. മാതൃകാപരമായ പാരസ്പര്യം എന്നു പറയാം. മേഴ്സി സ്വന്തം നിലയിൽതന്നെ നേതാവായിരുന്നു. ഇരു നേതാക്കളും ഒരുമിച്ചപ്പോൾ പരസ്പരം രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടി പ്രയോജനമാകുന്ന സവിശേഷ ബന്ധമായി അതു മാറി. മേഴ്സിയിൽനിന്നു രവിക്കും രവിയിൽനിന്നു മേഴ്സിക്കും പഠിക്കാനുണ്ടാിയരുന്നു. ആ അർഥത്തിൽ കൂടെയാണ് അത് മാതൃകാ ദാമ്പത്യമാകുന്നത്.
മേഴ്സിയുടെ അകാല വേർപാട് വയലാർ രവിയെ ചിറകൊടിഞ്ഞ പറവയുടെ അവസ്ഥയിലാക്കി. അന്നു മുതലാണ് പൊതു പ്രവർത്തനത്തിൽ ജ്വലിച്ചുനിന്ന അവസ്ഥയിൽനിന്നു വയലാർ രവി പതിയെ പിൻവാങ്ങി തുടങ്ങിയത്. മേഴ്സിയില്ലാത്ത ജീവിതം അദ്ദേഹത്തിനു വളരെ വിഷമകരമായി അനുഭവപ്പെട്ടു എന്നത് അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും അറിയാം. വയലാർ രവി അങ്ങേയറ്റം സെക്കുലറായിരുന്നു. പൊതുരംഗത്തും സ്വകാര്യ രംഗത്തും ആ മതേതരതലം പ്രതിഫലിച്ചു നിന്നു. ജാതി ചിന്തയോ വർഗീയതയോ അദ്ദേഹത്തെ തീണ്ടിയിട്ടില്ല. നന്മയെ നന്മയായി കാണാനും അംഗീകരിക്കാനും അത്തരം കണ്ണടകളൊന്നും ഉപയോഗിച്ചില്ല. ആ വിശാലമായ മാനവിക കാഴ്ചപ്പാട് രാഷ്ട്രീയത്തിലെ പുതു തലമുറകൾ ജീവിതത്തിൽ പകർത്തേണ്ടതാണ്.
രാഷ്ട്രീയ എതിർപ്പിന്റെ പേരിൽ വ്യക്തി ബന്ധങ്ങളെ അദ്ദേഹം ഇല്ലാതാക്കിയില്ല. വ്യക്തി ബന്ധങ്ങൾക്ക് അദ്ദേഹം വലിയ വില കൽപിച്ചു. രാഷ്ട്രീയ വിയോജിപ്പുകൾ മനസ്സിലാക്കി അതിനെ ആ നിലയ്ക്കു കാണാൻ അദ്ദേഹം എന്നും സന്നദ്ധനായിരുന്നു. അടിയന്തരാവസ്ഥയിൽ നിരവധി കേസുകൾ വിദ്യാർഥി നേതാക്കൾക്കെതിരെ വന്നിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷവും പലകേസുകളും നിലനിന്നു. പല വിദ്യാർഥി നേതാക്കളും വലഞ്ഞു. അന്ന് ചില വിദ്യാർഥികൾ ഭരണാധികാരികളെയും കണ്ടു. രാഷ്ട്രീയ കേസുകൾ എന്ന നിലയിൽ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു. പ്രമുഖ നേതാക്കൾ കയ്യൊഴിഞ്ഞു.
വയലാർ രവി ആഭ്യന്തരമന്ത്രിയായപ്പോൾ അദ്ദേഹത്തെ പോയിക്കണ്ടു. അതിനെന്താ ചെയ്യാവുന്ന കാര്യമാണല്ലോ എന്നു പറഞ്ഞു. പലർക്കും വിചിത്രമെന്നു തോന്നുന്ന രാഷ്ട്രീയ നിലപാടുകൾ നിറഞ്ഞതായിരുന്നു വയലാർ രവിയുടേത്. അദ്ദേഹത്തിന്റെ തലമുറയിൽ ഇത്രമേൽ ഊർജം പ്രസരിപ്പിച്ച മറ്റൊരു കോൺഗ്രസ് നേതാവുമില്ല. വയലാര്‍ രവിയുടെ വിശാലമായ മാനവിക കാഴ്ചപ്പാട് രാഷട്രീയത്തിലെ പുതുതലമുറ പകര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം പ്രസ് ക്ലബ് മുന്‍ പ്രസിഡന്റും മലയാള മനോരമയുടെ രാഷ്ട്രീയകാര്യ ലേഖകനും ബ്യൂറോ ചീഫുമായിരുന്ന പി.എസ്.ജോണിന്റെ സ്മരണാര്‍ഥം എറണാകുളം പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പി.എസ്.ജോണ്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം.ആര്‍.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി.
പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ജിജീഷ് കരുണാകരന്‍ പ്രശസ്തി പത്രം അവതരിപ്പിച്ചു. എറണാകുളം പ്രസ് ക്ലബിന്റെ മെമന്റോ മുഖ്യമന്ത്രി പിണറായി വിജയന് പ്രസിഡന്റ് എം.ആര്‍.ഹരികുമാര്‍ സമ്മാനിച്ചു. മേയര്‍ എം.അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എംപി, ടി.ജെ.വിനോദ് എംഎല്‍എ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, പ്രസ് ക്ലബ് സെക്രട്ടറി എം.സൂഫി മുഹമ്മദ്, ട്രഷറര്‍ മനു ഷെല്ലി തുടങ്ങിയവര്‍ പ്രസംഗിച്ചു. വയലാര്‍ രവി മറുപടി പ്രസംഗം നടത്തി.
English Summary: CM Pinarayi Vijayan about Vayalar Ravi and his personal and political life