ADVERTISEMENT

ഷിംല ∙ മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. മുകേഷ് അഗ്നിഹോത്രിയാണ് ഉപമുഖ്യമന്ത്രി. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും. സുഖ്‌വിന്ദറിന്റെ പേരാണു ഹൈക്കമാൻഡ് അംഗീകരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകുമെന്നതു സംബന്ധിച്ച അനിശ്ചിതത്വത്തിന് ഇതോടെ വിരാമമായി.

സുഖ്‌വിന്ദറിനു പുറമെ, അന്തരിച്ച മുൻമുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടത്. നിയമസഭാകക്ഷി യോഗത്തിൽ സമവായമുണ്ടാകാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു.

ഹിമാചലിലെ ഹാമിർപുരിലെ നഡൗനിൽനിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദർ. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എൽഎൽബി ബിരുദധാരിയായ സുഖ്‌വിന്ദർ, കോൺഗ്രസ് സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 

ഹിമാചലിൽ പ്രബല വിഭാഗമായ ഠാക്കുർ സമുദായത്തിൽ നിന്നുള്ളവരാണ് ഏറ്റവുമധികം തവണ മുഖ്യമന്ത്രിമാരായിട്ടുള്ളത്. ആ രീതി തുടർന്നതാണ് സുഖുവിന് നറുക്കു വീഴാൻ കാരണം. ലോക്സഭാംഗമായ പ്രതിഭയും ഈ വിഭാഗത്തിൽനിന്നാണെങ്കിലും മുഖ്യമന്ത്രിയാക്കിയാൽ അവർ ഒഴിയുന്ന സീറ്റിലേക്കും അവരെ നിയമസഭയിലേക്കു ജയിപ്പിക്കാനുമായി 2 ഉപതിരഞ്ഞെടുപ്പുകൾ കോൺഗ്രസിനു നേരിടേണ്ടി വരും. മാത്രമല്ല എംഎൽഎമാർക്കിടയിൽ നിന്നുള്ളയാൾ മുഖ്യമന്ത്രിയാകണമെന്ന വാദത്തോടുള്ള ഹൈക്കമാൻഡിന്റെ യോജിപ്പും സുഖുവിന് തുണയായി. 

English Summary: Sukhwinder Singh Sukhu to be Himachal Pradesh CM, announcement soon: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com