ന്യൂസ്മേക്കര്‍ 2022: അന്തിമ പട്ടികയായി; ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു
Mail This Article
കൊച്ചി∙ മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2022 തിരഞ്ഞെടുപ്പിന്‍റെ അന്തിമപട്ടികയായി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍, ഗായിക നഞ്ചിയമ്മ, ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എന്നിവരാണ് പട്ടികയിൽ ഇടംനേടിയത്. ഫൈനല്‍ റൗണ്ട് വോട്ടെടുപ്പ് ആരംഭിച്ചു.
10 പേരടങ്ങിയ പ്രാഥമികപട്ടികയില്‍നിന്നു കൂടുതല്‍ പ്രേക്ഷകരുടെ വോട്ടുനേടിയ 4 പേരാണു ന്യൂസ് മേക്കര്‍ അന്തിമപട്ടികയിൽ. എല്‍ഡിഎഫിന്റെ കണ്‍വീനര്‍ കസേരയിലെത്തിയും വിമാനയാത്രയ്ക്കിടയില്‍ പ്രതിഷേധിച്ചവരെ നേരിട്ടും വാര്‍ത്തകള്‍ സൃഷ്ടിച്ചാണ് ഇ.പി.ജയരാജന്‍ ഫൈനല്‍ റൗണ്ടിൽ പ്രവേശിച്ചത്. അട്ടപ്പാടിയിലെ ആദിവാസി ഊരില്‍നിന്നു രാജ്യത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടി മലയാളത്തിന് അഭിമാനമായ വ്യക്തിയാണു നഞ്ചിയമ്മ. അവഗണനയിലും തളരാതെ പോരാടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയ താരമാണു സഞ്ജു സാംസണ്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചും സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തെ അമ്പരപ്പിച്ചും ശശി തരൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
ഫൈനല്‍ റൗണ്ട് വോട്ടെടുപ്പില്‍ അന്തിമപട്ടികയിലെ ഈ നാലുപേരില്‍നിന്ന് ഏറ്റവുമധികം പിന്തുണ നേടുന്ന വ്യക്തി ന്യൂസ്മേക്കര്‍ പുരസ്കാരം നേടും. മനോരമ ന്യൂസ് ഡോട്കോം/ ന്യൂസ് മേക്കര്‍ സന്ദര്‍ശിച്ച് പ്രേക്ഷകര്‍ക്കു വോട്ട് രേഖപ്പെടുത്താം. കെഎല്‍എം ആക്സിവ ഫിന്‍െവസ്റ്റിന്റെ സഹകരണത്തോടെയാണ് ന്യൂസ് മേക്കര്‍ 2022 സംഘടിപ്പിക്കുന്നത്.
English Summary: Final candidate list announced for Manorama News Newsmaker 2022