ഹിമാചൽ മുഖ്യമന്ത്രിയായി അധികാരമേറ്റ് സുഖ്‌വിന്ദർ സിങ് സുഖു; മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രി
Mail This Article
ഷിംല∙ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷിംലയിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലികൊടുത്തു. മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.
രണ്ടു ദിവസത്തെ മാരത്തൺ ചർച്ചകൾക്കും സംസ്ഥാന നേതാക്കൾക്കിടയിലെ അധികാര വടംവലിക്കുമൊടുവിലാണ് സുഖുവിനെ മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തത്. പിസിസി പ്രസിഡന്റും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭാ സിങ്, മുകേഷ് അഗ്നിഹോത്രി എന്നിവരെ മറികടന്നാണ് പാർട്ടി ഹൈക്കമാൻഡ് സുഖുവിനെ പിന്തുണച്ചത്. മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രതിഭയെ അനുനയിപ്പിക്കാൻ അവരുടെ മകൻ വിക്രമാദിത്യ സിങ്ങിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും 2 ഉപമുഖ്യമന്ത്രിമാർ വേണ്ടെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തു. വിക്രമാദിത്യയ്ക്ക് മന്ത്രിസഭയിൽ പ്രധാന വകുപ്പ് നൽകിയേക്കും. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രതിഭ പ്രതികരിച്ചു.
English Summary: Congress leader Sukhvinder Singh Sukhu will take the oath as Himachal Pradesh's Chief Minister