കൊച്ചുവേളി ടെർമിനലിന്റെ രണ്ടാം ഘട്ട വികസനം പൂർത്തിയായി; ചെലവ് 39 കോടി
Mail This Article
പത്തനംതിട്ട∙ കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ ടെർമിനലിന്റെ രണ്ടാം ഘട്ട വികസനം ഞായറാഴ്ച (11ന്) പൂർത്തിയാകും. വൈകിട്ടോടെ നിർമാണ ജോലികൾ തീർക്കാനുള്ള ശ്രമത്തിലാണു റെയിൽവേ അധികൃതർ. ജനുവരിയിൽ തുടങ്ങിയ പണികൾ പണമില്ലാത്തതിനാൽ ഇടയ്ക്കുവച്ചു നിന്നുപോയിരുന്നു. വൈകിയാണു ബാക്കി തുക ലഭിച്ചത്. 3 പ്ലാറ്റ്ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനുമാണു പുതിയതായി ലഭിക്കുക.
ഇതോടെ മൊത്തം 6 പ്ലാറ്റ്ഫോമുകൾ, 4 സ്റ്റേബിളിങ് ലൈനുകൾ, അറ്റകുറ്റപ്പണിക്കുള്ള 3 പിറ്റ്‌ലൈനുകൾ എന്നിവയാണു കോച്ചുവേളിയിലുണ്ടാവുക. 2005ൽ സ്ഥാപിച്ച സ്റ്റേഷനിൽ മൂന്നാം പ്ലാറ്റ്ഫോമിനു താഴെ ട്രാക്കില്ലെന്നതു മനോരമയാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. പ്ലാറ്റ്ഫോം ലൈനുകൾ തമ്മിൽ ബന്ധിപ്പിക്കാത്തതിനാൽ ട്രെയിനുകളുടെ പ്ലാറ്റ്ഫോം മാറ്റവും ഷണ്ടിങ്ങും ഇവിടെ പ്രയാസമായിരുന്നു. 39 കോടി രൂപ ചെലവിലാണു രണ്ടാം ഘട്ട വികസനം പൂർത്തിയാകുന്നത്.
കൊച്ചുവേളിയിൽ സൗകര്യമില്ലെന്നു പറഞ്ഞു ട്രെയിനുകൾ വേണ്ടെന്നു വയ്ക്കാൻ തിരുവനന്തപുരം ഡിവിഷനോ ദക്ഷിണ റെയിൽവേയ്ക്കോ ഇനി കഴിയില്ല. മാസ്റ്റർ പ്ലാൻ അനുസരിച്ചു ഇനി ഒരു സ്റ്റേബിളിങ് ലൈനും ഒരു പിറ്റ് ലൈനും കൂടി കൊച്ചുവേളിയിൽ വരാനുണ്ട്. മാസ്റ്റർ പ്ലാനിന്റെ മൂന്നാം ഘട്ടത്തിനു പിന്നീട് അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. കൊച്ചുവേളിയിൽ ട്രാക്കുകളുടെ കട്ട് ആൻഡ് കണക്‌ഷൻ ജോലികൾ നടക്കുന്നതിനാൽ ഞായറാഴ്ച ഒട്ടേറെ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ഡപ്യൂട്ടി ചീഫ് എൻജിനീയർ ചന്ദ്രുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തുണ്ട്.
ദക്ഷിണ റെയിൽവേ മുൻ ജനറൽ മാനേജർ ജോൺ തോമസ്, മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുൻ എഡിആർഎം പി.ജയകുമാർ എന്നിവരുടെ പരിശ്രമമാണു കൊച്ചുവേളിയിൽ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ ഇടയാക്കിയത്. 2021ൽ മാത്രമാണു റെയിൽവേ പ്ലാറ്റ്ഫോം വിപുലീകരണ പദ്ധതി ഏറ്റെടുത്തത്. 39 കോടിയുടെ പദ്ധതിക്ക് ആദ്യം അനുവദിച്ചത് 4 കോടി മാത്രം. ഇതു കുടിശിക തീർക്കാൻകൂടി തികയാതിരുന്നതിനാൽ കരാറുകാർ പണി നിർത്തി പോയി. അൽഫോൻസ് കണ്ണന്താനം ഇടപെട്ടു 9 കോടി പിന്നീടു ലഭ്യമാക്കിയതോടെ നിർമാണം പുനഃരാരംഭിച്ചു.
കൂടുതൽ പ്ലാറ്റ്ഫോം സൗകര്യം വന്നതോടെ ട്രെയിനുകൾ അനാവശ്യമായി ഒൗട്ടറിൽ പിടിച്ചിടുന്നത് ഒഴിവാക്കാൻ കഴിയും. 2005ൽ പ്രവർത്തനം ആരംഭിച്ച സ്റ്റേഷനിൽ 6 പ്ലാറ്റ്ഫോമുകളിൽ മൂന്നെണം മാത്രമാണു പ്രവർത്തന ക്ഷമമായിരുന്നത്. ഒന്നിൽ ട്രാക്ക് ഇല്ലായിരുന്നെങ്കിൽ മറ്റു രണ്ടെണ്ണത്തിൽ സിഗ്‌നൽ സംവിധാനം ഇല്ലായിരുന്നു. മൈസൂരു – കൊച്ചുവേളി, ബെംഗളൂരു – കൊച്ചുവേളി ഹംസഫർ എന്നിവ രാവിലെ പ്ലാറ്റ്ഫോം ഒഴിയുന്നതും കാത്ത് ഒൗട്ടറിൽ കിടക്കണമായിരുന്നു. ഈ രണ്ടു ട്രെയിനുകളുടെയും എത്തിച്ചേരുന്ന സമയത്തിൽ ൈവകാതെ മാറ്റം വരും.
∙ കൂടുതൽ ട്രെയിനുകൾ
ലോകമാന്യതിലക് – കൊച്ചുവേളി ബൈവീക്ക്‌ലി ഡെയ്‌ലിയാക്കുക, മുംബൈയിലേക്കു കോട്ടയം, കൊങ്കൺ വഴി പുതിയ ട്രെയിൻ അനുവദിക്കുക, ധൻബാദ് – ആലപ്പി എക്സ്പ്രസ്, കണ്ണൂർ – ആലപ്പി എക്സ്പ്രസ് കൊച്ചുവേളിയിലേക്കു നീട്ടുക, കൊച്ചുവേളി – മംഗളൂരു ജംക്‌ഷൻ അന്ത്യോദയ ആഴ്ചയിൽ മൂന്നു ദിവസമാക്കുക, കൊച്ചുവേളിയിൽനിന്നു കൊല്ലം, ചെങ്കോട്ട വഴി പോണ്ടിച്ചേരിയിലേക്കു പുതിയ സർവീസ്, കൊച്ചുവേളി – മഡ്ഗാവ്, കൊച്ചുവേളി – ഹൈദരാബാദ് തുടങ്ങിയ ട്രെയിൻ ആവശ്യങ്ങൾ യാത്രക്കാരുടെ സംഘടനകൾ മുന്നോട്ടു വയ്ക്കുന്നു.
കൊച്ചുവേളിയിൽ കൂടുതൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. ഒാട്ടമാറ്റിക് കോച്ച് വാഷിങ് പ്ലാന്റിനായി പണം വകയിരുത്തി 2 വർഷം കഴിഞ്ഞിട്ടും അതിന്റെ പണികളൊന്നും കൊച്ചുവേളിയിൽ നടന്നിട്ടില്ല. ബസ് സൗകര്യം ലഭ്യമാക്കിയാൽ കൊച്ചുവേളിയിലേക്കു കൂടുതൽ യാത്രക്കാർ എത്തും. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പൂർത്തിയായ മേയിൽതന്നെ കൊച്ചുവേളിയിലെ പണികൾ തീർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേരളത്തിന് അതു വലിയ നേട്ടമാകുമായിരുന്നു.
∙ ബസ് ഒാടിക്കാതെ കെഎസ്ആർടിസി
കൊച്ചുവേളിയിൽ ചെന്നിറങ്ങുന്നവർ നേരിടുന്ന ഏറ്റവും വലിയ ദുരിതം നഗരത്തിലേക്കു പോകാൻ ആവശ്യത്തിനു ബസ് ഇല്ലെന്നതാണ്. കെഎസ്ആർടിസി ഇപ്പോഴും 2 എസി ബസുകളാണു ട്രെയിനുകളുടെ സമയം കണക്കാക്കി സ്റ്റേഷനിൽ ഇടുന്നത്. ഇതു കൊണ്ടു പ്രയോജനമില്ലെന്നു ഭൂരിപക്ഷം യാത്രക്കാരും പറയുന്നു. ട്രെയിനിറങ്ങുന്നവർ ഒാട്ടോറിക്ഷക്കാർ ചോദിക്കുന്ന അധികനിരക്കു നൽകി യാത്ര ചെയ്യേണ്ട ഗതികേടിലാണ്. മറ്റു റൂട്ടുകളിലെല്ലാം കെഎസ്ആർടിസി സർക്കുലർ ബസുകളുണ്ടെങ്കിലും കൊച്ചുവേളിയിലേക്കു ബസ് ഒാടിക്കാൻ കെഎസ്ആർടിസിക്കു താൽപര്യമില്ല. സമാന്തര വാഹനങ്ങളെ സഹായിക്കുന്ന നിലപാടാണു കെഎസ്ആർടിസിയുടേതെന്ന് ആക്ഷേപമുണ്ട്.
കെഎസ്ആർടിസിക്ക് കഴിയില്ലെങ്കിൽ സ്വകാര്യ ബസുകൾക്കു പെർമിറ്റ് നൽകാൻ സർക്കാർ നടപടിയെടുക്കണമെന്നു ടെക്നോപാർക്കിൽ ജോലി െചയ്യുന്ന വിനോദ് വടക്കേടത്ത് പറയുന്നു. തമിഴ്നാട്ടിലെ ഏതു റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയാലും പ്രധാന ബസ് സ്റ്റാൻഡുകളെ ബന്ധിപ്പിച്ചു രാത്രിയും പകലും ബസ് സർവീസുണ്ട്. ചെന്നൈ സെൻട്രൽ, സേലം, കോയമ്പത്തൂർ, മധുര, നാഗർകോവിൽ റെയിൽവേ സ്റ്റേഷനുകളിലെല്ലാം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസുകൾ 24 മണിക്കൂറും സർവീസ് നടത്തുന്നു. രാത്രി നിശ്ചിത സമയത്തിനുശേഷം പുലർച്ചെ വരെ ഡബിൾ ചാർജ് നൽകണമെന്നു മാത്രം. ഇവിടെ അതിനും കെഎസ്ആർടിസിക്കു താൽപര്യമില്ല.
∙ നേമത്തിന് വേണ്ടത് കൂട്ടായപരിശ്രമം
കൊച്ചുവേളിയിൽ 2005ൽതന്നെ നടക്കേണ്ട മാസ്റ്റർ പ്ലാനിലെ ജോലികളാണു 17 വർഷത്തിനുശേഷം ഇപ്പോൾ നടപ്പായത്. ഇത്രയും കാലതാമസമുണ്ടായതിനു നീതീകരണമൊന്നുമില്ല. തിരുവനന്തപുരം ഡിവിഷൻ ഇതിനുവേണ്ട പ്രാധാന്യം നൽകാതിരുന്നതാണു തിരിച്ചടിയായത്. ഈ കാലയളവിൽ േകരളത്തിനു ലഭിക്കേണ്ടിയിരുന്ന ഒട്ടേറെ ട്രെയിനുകൾ നഷ്ടമായി. ഏതു ട്രെയിൻ ശുപാർശ വന്നാലും തിരുവനന്തപുരത്തു പ്ലാറ്റ്ഫോം സൗകര്യമില്ലെന്നു പറഞ്ഞാണു ദക്ഷിണ റെയിൽവേ നിഷേധിച്ചിരുന്നത്. പ്രതിവാര ട്രെയിനുകളുടെ കേന്ദ്രമായി കൊച്ചുവേളി മാറിക്കഴിഞ്ഞു.
തിരുവനന്തപുരം സെൻട്രൽ പോലെ കൂടുതൽ പ്രതിദിന ട്രെയിനുകളും സ്റ്റേഷനിലേക്കു മെച്ചപ്പെട്ട ഗതാഗത സൗകര്യവും ഒരുക്കിയാൽ കൊച്ചുവേളി സാറ്റലൈറ്റ് ടെർമിനൽ ഇനിയും വികസിക്കും. ഒപ്പം നേമം ടെർമിനലും അടിയന്തരമായി യാഥാർഥ്യമാക്കണം. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകൾ നേമത്തുനിന്നും നാഗർകോവിൽ ഭാഗത്തേക്കുള്ള ട്രെയിനുകൾ കൊച്ചുവേളിയിൽനിന്നും ആകുന്നതോടെ തിരുവനന്തപുരം സെൻട്രലിൽ എത്തിയാൽ ഏതു ദിശയിലും യാത്ര ചെയ്യാൻ ട്രെയിൻ ലഭിക്കും.
തിരുവനന്തപുരം – നേമം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുകയും സമാന്തരമായി നേമം ടെർമിനൽ നിർമാണം ആരംഭിക്കുകയും വേണം. ആദ്യ ഘട്ടത്തിൽ 4 സ്റ്റേബിളിങ് ലൈനുകളും 1 പിറ്റ്‌ലൈനും 2 അഡീഷനൽ പ്ലാറ്റ്ഫോം ലൈനുകളുമാണു േനമത്തു ശുപാർശ ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പവർകാർ ഷെഡ്, 4 പിറ്റ്‌ലൈൻ, സിക്ക് ലൈനുകൾ എന്നിവയും ശുപാർശ ചെയ്തിട്ടുണ്ട്. പദ്ധതി നിർത്തി വച്ചിരിക്കുകയാണെന്നും ദക്ഷിണ റെയിൽവേയുടെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നുമാണു റെയിൽവേ ബോർഡിന്റെ പുതിയ നിലപാട്. നേമം യാഥാർഥ്യമാക്കാൻ ജനപ്രതിനിധികൾ കൂട്ടായി പരിശ്രമിക്കണമെന്നു യാത്രക്കാർ പറയുന്നു.
English Summary: Terminal's second phase completed in Kochuveli railway station