ഈ വർഷം ഇതുവരെ പിടികൂടിയത് 3,083 കിലോ സ്വർണം; കൂടുതൽ കേരളത്തിൽ
Mail This Article
ന്യൂഡൽഹി∙ 2022 നവംബർ വരെ ആകെ 3,083 കിലോ കള്ളക്കടത്തു സ്വർണം പിടിച്ചെടുത്തതായി കേന്ദ്രം. ഇതിൽ കൂടുതൽ പിടിച്ചെടുത്തത് കേരളത്തിൽനിന്നാണ്. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. കഴിഞ്ഞ വർഷം 2,383 കിലോ സ്വർണവും 2020ൽ 2,154 കിലോ സ്വർണവും 2019ൽ 3,673 കിലോ സ്വർണവും പിടിച്ചെടുത്തു. ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 3,588 കേസാണ്.
ഈ വർഷം നവംബർ വരെ കേരളത്തിൽനിന്ന് 690 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. 2021 ൽ 587 കിലോയും 2020 ൽ 406 കിലോയും 2019ൽ 725 കിലോയും പിടിച്ചെടുത്തു. കേരളം കൂടാതെ ഉയർന്ന തോതിൽ കള്ളക്കടത്ത് സ്വർണം ഈ നവംബർ വരെ പിടിച്ചെടുത്തത് മഹാരാഷ്ട്ര (474 കിലോ), തമിഴ്നാട് (440 കിലോ), ബംഗാൾ (369 കിലോ) എന്നിവിടങ്ങളിൽനിന്നായിരുന്നു.
സ്വർണക്കള്ളക്കടത്തിൽ കഴിഞ്ഞ മൂന്നു വർഷമായി മൂന്ന് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കള്ളക്കടത്ത് തടയാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു. തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റേ ആണ് ചോദ്യം ചോദിച്ചത്.
English Summary: Enforcement agencies seized 3,083 kg of gold till November this year; Kerala accounts for the maximum seizures