സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധി ആവശ്യമില്ല: സ്റ്റേ ചെയ്തു ഹൈക്കോടതി
Mail This Article
കൊച്ചി ∙ സാങ്കേതിക സര്‍വകലാശാല വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർദേശം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് നടപടി. സെർച്ച് കമ്മിറ്റിയിൽ ചാൻസിലറുടെ പ്രതിനിധി ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കെടിയു താൽക്കാലിക വിസിയായി സിസ തോമസിനു തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശത്തിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
സർക്കാരിന് ആശ്വാസം നൽകുന്ന നിരീക്ഷണങ്ങളാണ് ഇന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽനിന്ന് ഉണ്ടായിട്ടുള്ളത്. സിസ തോമസിനു മതിയായ യോഗ്യതയുണ്ടെന്നും സ്ഥിരം വിസിയെ മൂന്നു മാസത്തിനകം നിയമിക്കണമെന്നും നിർദേശിച്ചുകൊണ്ടായിരുന്നു ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചു തള്ളിയത്.
സർക്കാർ ഹർജി നിലനിൽക്കില്ലെന്ന ചാൻസലറുടെയും സിസ തോമസിന്റെയും വാദം നേരത്തെ കോടതി തള്ളിയിരുന്നു. ഉത്തരവിനെ സർക്കാർ ചോദ്യം ചെയ്തത് അത്യപൂർവ ഹർജിയിലൂടെയാണ് എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. യുജിസി മാനദണ്ഡപ്രകാരം മാത്രമേ നിയമനം നടത്താനാകൂ എന്നും സിംഗിൾ ബെഞ്ച് വിശദീകരിച്ചിരുന്നു.
English summary: Kerala HC on KTU VC search committee