വിസ്മയ കേസ്: കിരൺ ജയിലിൽ തുടരും; ശിക്ഷ നടപ്പാക്കരുതെന്ന ഹർജി തള്ളി
Mail This Article
കൊച്ചി ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ശിക്ഷ നടപ്പാക്കുന്നതു നിർത്തി വയ്ക്കണം എന്നാവശ്യപ്പെട്ട് വിസ്മയയുടെ ഭർത്താവായിരുന്ന പ്രതി കിരൺകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹർജിയിൽ തീരുമാനം ആകുന്നതു വരെ ശിക്ഷ നടപ്പാക്കുന്നതു നിർത്തിവയ്ക്കണം എന്നായിരുന്നു പ്രതിയുടെ ആവശ്യം. ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, സോഫി തോമസ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.
കഴിഞ്ഞ വർഷം ജൂൺ 21നാണ് വിസ്മയ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയ്ക്കു കാരണമെന്നാരോപിച്ച് വീട്ടുകാർ രംഗത്ത് എത്തിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. കിരൺ കുമാർ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ 10 വർഷം തടവും, വിവിധ വകുപ്പുകളിലായി 12.55 ലക്ഷം രൂപ പിഴയും കൊല്ലത്തെ വിചാരണക്കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
English Summary: Vismaya Case: High Court rejects Kiran Kumar's petition