ADVERTISEMENT

ന്യൂയോർക്ക്∙ ട്വിറ്ററിന്റെ പുതിയ മേധാവി ഇലോൺ മസ്കിന് ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിലെ ഒന്നാം സ്ഥാനം നഷ്ടമായി. 340 ബില്യൻ ഡോളറിൽനിന്ന് മസ്ക്കിന്റെ ആസ്തിമൂല്യം 168.5 ബില്യൺ ഡോളറായി കുറഞ്ഞു. ട്വിറ്റർ ഏറ്റെടുക്കലിന് 44 ബില്യൻ ഡോളർ ചെലവഴിച്ചതിനു പിന്നാലെയാണ് സ്‌പേസ് എക്‌സ്, ടെസ്‌ല എന്നിവയുടെയും സിഇഒയായ മസ്കിന്റെ ആസ്തിയിൽ കുറവു വന്നത്. ടെസ്‌ലയുടെ ഓഹരിമൂല്യം ഇടിഞ്ഞതും തിരിച്ചടിയായി.

ഫാഷൻ ഭീമനായ എൽവിഎംഎച്ചിന്റെ സിഇഒ ബെർണാഡ് അർനോൾട്ടാണ് ശതകോടീശ്വരന്മാരിലെ പുതിയ ഒന്നാമൻ. 172.9 ബില്യൻ ഡോളറാണ് ബെർണാഡിന്റെ ആസ്തിമൂല്യം. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി 125 ബില്യൻ ഡോളർ ആസ്തിയുമായി മൂന്നാം സ്ഥാനം നിലനിർത്തി. ആമസോൺ മേധാവി ജെഫ് ബെസോസ്, ബിൽ ഗേറ്റ്‌സ് എന്നിവർക്ക് 116 ബില്യൻ ഡോളർ ആസ്തിയുണ്ട്. 89.7 ബില്യൻ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 24.7 ബില്യന്‍ ഡോളർ ആസ്തിയുള്ള ശിവ് നാടാർ 49-ാം സ്ഥാനത്താണ്.

Bernard-Arnault
ബെർണാഡ് അർനോൾട്ട്

ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ഇലോൺ മസ്‌കിന്റെ ട്വിറ്ററിലെ അമിതമായ ഇടപെടലിനെക്കുറിച്ച് ടെസ്‌ല നിക്ഷേപകർ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ട്വിറ്ററിനെ താൽകാലികമായിട്ടാണ് നയിക്കുന്നതെന്ന് മസ്ക് നിക്ഷേപകർക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. കമ്പനിയിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയതിന് ശേഷം ട്വിറ്ററിൽ പുതിയ സിഇഒയെ നിയമിക്കാനാണ് മസ്ക്കിന്റെ പദ്ധതി.

ഈ വർഷം ഏപ്രിലിലാണ്, 3.67 ലക്ഷം കോടി രൂപയ്ക്ക് (4400 കോടി ഡോളർ) ട്വിറ്റർ ഏറ്റെടുക്കാൻ ഇലോൺ മസ്ക് കരാർ ഒപ്പുവച്ചത്. പിന്നീട് നിരവധി നാടകീയ സംഭവങ്ങൾക്കുശേഷമാണ് ഒക്ടോബർ 27നു ഇടപാട് പൂർത്തിയായത്. കരാർ അവസാനിപ്പിച്ചതായി ജൂലൈയിൽ മസ്ക് പ്രഖ്യാപിച്ചു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച യഥാർഥ കണക്കുകൾ നൽകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മസ്കിന്റെ പിന്മാറ്റം. ഇതിനെതിരെ ട്വിറ്റർ നിയമപോരാട്ടവും ആരംഭിച്ചതോടെയാണ് മസ്കിന് ഇടപാടു പൂർത്തിയാക്കേണ്ടി വന്നത്. ട്വിറ്റർ സിഇഒ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ മസ്ക് സ്വീകരിച്ചിരുന്നു.

English Summary: Elon Musk Is Now The World's Second Richest Man. New No. 1 Is...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com