സ്വർഗത്തിൽനിന്ന് എണ്ണയൊഴുകുന്നു, രാജ്യത്ത് മുഴുപ്പട്ടിണി; ധൂർത്തടിച്ച് പ്രസിഡന്റും മകനും
Mail This Article
നീണ്ട നാൽപത്തിമൂന്ന് വർഷങ്ങളായി ഒരു രാജ്യത്തിന്റെ തലവൻ. ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രസിഡന്റായിരുന്ന വ്യക്തി. ആ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ ആറാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ തിയദൊറോ ഒബിയാങ് എൻഗുമ എംബസാഗോയെന്ന രാജ്യത്തലവൻ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുന്നു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഇക്വറ്റോറിയൽ ഗിനിയുടെ പ്രസിഡന്റാണ് തിയദൊറോ ഒബിയാങ്. ഈ കൊച്ചുരാജ്യം അടുത്തിടെ ഇന്ത്യയിലും വൻ ചർച്ചയായിരുന്നു. മലയാളികൾ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന ‘എംടി ഹീറോയിക് ഐഡം’ എന്ന കപ്പൽ പിടിച്ചെടുത്ത് അതിലെ 26 പേരെ തടവിലാക്കിയത് ഇക്വറ്റോറിയൽ ഗിനിയാണ്. സമുദ്രാതിർത്തി ലംഘിച്ചെന്നും ക്രൂഡ് ഓയിൽ മോഷ്ടിക്കാൻ ശ്രമിച്ചു എന്നുമുള്ള നൈജീരിയയുടെ ആരോപണത്തെ തുടർന്നായിരുന്നു ഗിനി സൈന്യം നാവികരെ പിടികൂടിയത്. ഇക്വറ്റോറിയൽ ഗിനി എന്ന ഈ കൊച്ചുരാജ്യത്തെയും അവിടുത്തെ പ്രസിഡന്റിനെ പറ്റിയും അറിയാൻ ഇനിയുമേറെയുണ്ട്. ആരാണ് ഒബിയാങ്? എന്തുകൊണ്ടാണ് 43 വർഷമായി, ശക്തനായ ഒരു എതിരാളി പോലും ഇദ്ദേഹത്തിനെതിരെ മത്സരിച്ചു ജയിക്കാത്തത്? എന്താണ് ഇക്വറ്റോറിയൽ ഗിനിയുടെ രാഷ്ട്രീയം? വിശദമായി പരിശോധിക്കാം.