ഐഎഫ്എഫ്കെ സമാപനത്തിന് പ്രതിഷേധ കൂവല്‍; തോൽപ്പിക്കാനാകില്ലെന്ന് രഞ്ജിത്
Mail This Article
തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്കെ) സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്തിന് കൂവല്‍. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്കു സീറ്റ് കിട്ടാത്തതിലെ പ്രതിഷേധമാണ് സമാപനചടങ്ങില്‍ ഡെലിഗേറ്റുകള്‍ അറിയിച്ചത്. കൂവൽ പ്രതീക്ഷിച്ചതാണെന്നും കൂവിതോല്‍പ്പിക്കാനാകില്ലെന്നും രഞ്ജിത് മറുപടി നല്‍കി.
‘കൂവലൊന്നും പുത്തരിയല്ല. 1976ൽ എസ്എഫ്ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമ തിയറ്ററുകളിൽ വരും. അന്ന് എത്രപേർ കാണുമെന്ന് നമുക്ക് നോക്കാം.’– രഞ്ജിത്ത് പറഞ്ഞു.
ഡിസംബർ 12ന് ഉച്ചയ്ക്ക് 3.30ന് നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രദർശനത്തിനിടെയാണ് സംഘർഷം ഉണ്ടായത്. രാവിലെ മുതൽ ക്യൂ നിന്നവർക്കും തിയറ്ററിനകത്തു കടക്കാൻ കഴിഞ്ഞില്ല. പ്രദർശന സമയമായപ്പോൾ വലിയ ഉന്തുംതള്ളും ഉണ്ടായി. തർക്കം സംഘർഷത്തിലേക്കു കടന്നപ്പോൾ വഴുതക്കാട് പൊലീസ് എത്തി 3 പേരെ കസ്റ്റഡിയിൽ എടുത്തു. നവീൻ കിഷോർ, നിഹാരിക, മുഹമ്മദ് ഹനീം എന്നിവർക്കെതിരെയാണ് കേസെടുത്തത്.
നിയമവിരുദ്ധമായ സംഘം ചേരൽ, പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള അനധികൃത കൂട്ടംചേരൽ, കലാപത്തിനുള്ള ശ്രമം എന്നീ വകുപ്പുകളാണു ഇവർക്കെതിരെ ചുമത്തിയത്. പിന്നീട് 3 പേരെയും ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ പൊലീസ് മർദിച്ചെന്നും ഒരാൾ രക്തം ഛർദിച്ചെന്നും ഇവർ ആരോപിച്ചു.
English Summary: Director Ranjith criticized at 27th IFFK stage