82 അടിയുടെ അക്വേറിയം പൊട്ടി; 10 ലക്ഷം ലീറ്റർ വെള്ളവും 1500 മീനുകളും ഹോട്ടലിനുള്ളിൽ!
Mail This Article
ബെർലിൻ∙ ലോകത്തെ ഏറ്റവും വലിയ സിലിൻഡ്രിക്കൽ (ദീർഘ വൃത്താകൃത്രിയിലുള്ള) അക്വേറിയം എന്ന ഖ്യാതിയുള്ള ജർമനിയിലെ ബെർലിനിലുള്ള അക്വാ ഡോം പൊട്ടി. 25 മീറ്റർ(82 അടി) ഉയരമുള്ള അക്വേറിയം സംവിധാനത്തിൽ 50 വിഭാഗങ്ങളിലുള്ള 1500ൽപരം മത്സ്യങ്ങളുണ്ടായിരുന്നു.
ബെർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ ആണ് ഈ അക്വേറിയം സ്ഥിതി ചെയ്തിരുന്നത്. അക്വേറിയത്തിൽനിന്നുള്ള വെള്ളം പുറത്ത് തെരുവിലേക്ക് ഒഴുകിയിട്ടുണ്ട്. അക്വേറിയം പൊട്ടി വെള്ളം പുറത്തുവന്നതിനെത്തുടർന്നു സ്ഥലത്ത് 100ൽപ്പരം അഗ്നിരക്ഷാസേന എത്തിയിട്ടുണ്ട്. ഹോട്ടലിന്റെ ഉള്ളിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.
2004ലാണ് അക്വാഡോം തുറന്നത്. 12.8 ദശലക്ഷം യൂറോയായിരുന്നു ചെലവ്. യുഎസ് കമ്പനിയാണ് അക്വാഡോം നിർമിച്ചത്. 11 മീറ്റർ (36 അടി) വിസ്തീർണവും 16 മീറ്റർ (52 അടി) ഉയരവുമാണ് അക്വേറിയത്തിന് ഉള്ളത്. അക്വേറിയം ഘടിപ്പിച്ചിരിക്കുന്നത് ഒൻപതു മീറ്റർ (30 അടി) ഉയരമുള്ള ഫൗണ്ടേഷനിലാണ്. 10 ലക്ഷം ലീറ്റർ വെള്ളമാണ് നിറച്ചിരുന്നത്.
മീനുകൾക്കു തീറ്റ കൊടുക്കുകയും അക്വേറിയം വൃത്തിയാക്കുകയും ചെയ്യുന്നത് ദിവസവും 3–4 ഡൈവർമാരെ ഉപയോഗിച്ചായിരുന്നു. ദിവസവും 8 കിലോ മീൻതീറ്റയായിരുന്നു വേണ്ടിയിരുന്നത്.
അക്വേറിയം പൊട്ടി വെള്ളം പുറത്തുവന്ന സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്കു മാറ്റി.
English Summary: Huge Berlin aquarium Aqua Dom damaged, water spills into the street