ബിജെപി കൗൺസിലർമാർക്ക് ജാമ്യം: സമരം ശക്തമായി തുടരുമെന്ന് വി.വി.രാജേഷ്
Mail This Article
തിരുവനന്തപുരം ∙ നിയമന ശുപാർശ കത്തു വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിൽ സമരം ചെയ്തതിന് അറസ്റ്റിലായ ബിജെപി കൗൺസിലർമാരെ ജാമ്യത്തിൽ വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണു കൗൺസിലർമാരെ അറസ്റ്റ് ചെയ്തത്. സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പ്രതികരിച്ചു.
മേയർ ആര്യാ രാജേന്ദ്രനെ തടഞ്ഞതിനു കൗൺസിലർമാരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണു ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ രാപകൽ സമരം ആരംഭിച്ചത്. രാത്രി പത്തോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി അറസ്റ്റിനു വഴങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സമരവുമായി മുന്നോട്ടു പോകാനായിരുന്നു കൗൺസിലർമാരുടെ തീരുമാനം.
പത്തരയോടെ മൂന്നു എസിമാരുടെ നേതൃത്വത്തിലെത്തിയ പൊലീസ് കൗൺസിലർമാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കൗൺസിലർമാർ പ്രതിഷേധ മുദ്രാവാക്യമുയർത്തി പ്രതിരോധിച്ചു. വാനിനു സമീപം പ്രവർത്തകരും പ്രതിഷേധവുമായെത്തി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ നന്ദാവനം എആർ ക്യാംപിലേക്കാണു മാറ്റിയത്.
English Summary: BJP Councillors protest in Thiruvananthapuram Corporation- Updates