എതിർക്കുന്ന നേതാക്കളുടെ മക്കൾ ഇംഗ്ലിഷ് മിഡിയത്തിൽ: ബിജെപിയുടെ ‘ഹിന്ദി പ്രേമ’ത്തിനെതിരെ രാഹുൽ
Mail This Article
അൽവാർ (രാജസ്ഥാൻ) ∙ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുമായി സംവദിക്കണമെങ്കിൽ ഹിന്ദി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇംഗ്ലിഷ് പഠിച്ചെങ്കിൽ മാത്രമേ അമേരിക്കക്കാർ ഉൾപ്പെടെയുള്ളവരുമായി മത്സരിക്കാൻ ഇന്ത്യക്കാർക്കു കഴിയൂവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. വസ്തുത ഇതായിരിക്കെ, ബിജെപി ഇംഗ്ലിഷ് ഭാഷയോട് അനാവശ്യമായ അയിത്തം കാട്ടുകയാണെന്നും രാഹുൽ തുറന്നടിച്ചു. ‘ഭാരത് ജോഡോ യാത്ര’യുടെ ഭാഗമായി രാജസ്ഥാനിലെ അൽവാറിൽ സംസാരിക്കുമ്പോഴാണു ഹിന്ദിയേക്കാൾ ഇംഗ്ലിഷിനുള്ള പ്രാധാന്യം രാഹുൽ എടുത്തുപറഞ്ഞത്.
‘‘ബിജെപി നേതാക്കൾക്ക് സ്കൂളുകളിൽ ഇംഗ്ലിഷ് പഠിപ്പിക്കുന്നതിനോട് ഒട്ടും താൽപര്യമില്ല. പക്ഷേ, ബിജെപി നേതാക്കളുടെ മക്കളെല്ലാം പഠിക്കുന്നത് ഇംഗ്ലിഷ് മിഡിയം സ്കൂളുകളിലാണ്. സത്യത്തിൽ, പാവപ്പെട്ട കർഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കൾ ഇംഗ്ലിഷ് പഠിക്കുന്നതിനോടും വലിയ സ്വപ്നങ്ങളുടെ പിറകേ പോയി വയലുകളിൽനിന്നു രക്ഷപ്പെടുന്നതിനോടുമാണ് അവരുടെ എതിർപ്പ്’ – രാഹുൽ പറഞ്ഞു.
‘‘ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ജനങ്ങളുമായി സംവദിക്കണമെങ്കിൽ ഹിന്ദി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല. അതിന് ഇംഗ്ലിഷാണ് ആവശ്യം. നമ്മുടെ നാട്ടിലെ പാവപ്പെട്ട കർഷരുടെയും തൊഴിലാളികളുടെയും മക്കൾ അമേരിക്കക്കാരുടെ ഭാഷ പഠിച്ച് അവരുമായി മത്സരിച്ചു ജയിക്കുകയാണ് വേണ്ടത്. രാജസ്ഥാനിൽ 1700 ഇംഗ്ലിഷ് മിഡിയം സ്കൂളുകൾ തുറന്നതിൽ വലിയ സന്തോഷം’ – രാഹുൽ ഗാന്ധി പറഞ്ഞു.
English Summary: 'Hindi won't help in US': Rahul backs English education for poor, slams BJP's 'prejudice'