ഉത്തരേന്ത്യയിൽ അതിശൈത്യം; യുപിയിൽ മൂടല്‍മഞ്ഞില്‍ 40 വാഹനങ്ങൾ കൂട്ടിയിടിച്ചു, 2 മരണം
Mail This Article
ന്യൂഡൽഹി∙ ഉത്തരേന്ത്യയിൽ അതിശൈത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 40 വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിക്കുകയും പത്തോളം യാത്രക്കാർക്ക് പരുക്കേൽക്കുകയും ചെയ്തു. അർണിയയിലെ ദസറ മേൽപാലത്തിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മരിച്ചവരിൽ ഒരാൾ ട്രക്ക് ഡ്രൈവറാണെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നിരവധി ലോറികളും കാറുകൾ റോഡിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഹരിയാനയില്‍ ഉപമുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍പ്പെട്ടു.
രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇന്നു രാവിലെ മുതൽ കനത്ത മൂടൽമഞ്ഞാണ്. ഡൽഹി വിമാനത്താവളം ‘ഫോഗ് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വിമാന സർവീസുകൾക്ക് ഇതുവരെ തടസ്സമുണ്ടായിട്ടില്ല. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, നോർത്ത് രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് രൂക്ഷമാണ്.
English Summary: 2 Dead After Massive Pile-Up In UP In Dense Fog, Several Injured