ഏഴാം ജയത്തിനും ബിജെപിക്ക് ഒറ്റ ഉത്തരം, മോദി; കോൺഗ്രസ് തകരുമ്പോൾ പകരം ആം ആദ്മി
Mail This Article
‘‘മോദി ഒരു വ്യാജഹിന്ദുവാണെന്ന് സ്ഥാപിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷത്തിന് ഗുജറാത്തിൽ ജയിക്കാനാവില്ല’’ എന്ന് തിരഞ്ഞെടുപ്പിനു മുൻപു നിരീക്ഷിച്ചത് ഗുജറാത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകനാണ്. മോദിയെ ആണ് ജനങ്ങൾ അംഗീകരിച്ചതെന്ന് തെളിയിക്കുന്നതായി ഗുജറാത്തിലെ തിരഞ്ഞെടുപ്പുഫലം. ഹിന്ദുത്വ രാഷ്ട്രീയത്തിന് ആശയപരമായും സംഘടനാപരമായും ആഴമേറിയ അടിത്തറയുള്ള ഗുജറാത്തിൽ ചലനം സൃഷ്ടിക്കാൻ ‘മൃദുഹിന്ദുത്വം’ (ആരോപണം) പയറ്റിയിട്ടും ആംആദ്മി പാർട്ടിക്കോ കോൺഗ്രസിനോ സാധിക്കാതെപോയതിന് ഇതും ഒരു കാരണമാണ്. മോദിയുടെ പ്രഭാവത്തിനു മുന്നിൽ മറ്റ് ഹിന്ദുനാമധാരികൾക്ക് പ്രസക്തിയില്ല. കേജ്‌രിവാളിന്റെ ‘ഹിന്ദു വേഷംകെട്ടി’നേക്കാൾ മോദിയുടെ രാഷ്ട്രീയമാണ് ജനം അംഗീകരിച്ചതെന്നാണ് ഒരു വിലയിരുത്തൽ. വാഗ്ദാനങ്ങളും സൗജന്യങ്ങളും ആണ് ആംആദ്മി പാർട്ടിയെ വേറിട്ടുനിർത്തുന്നതെങ്കിൽ ഗുജറാത്തിൽ ബിജെപിയും വാഗ്ദാനങ്ങൾ നൽകാൻ തയാറായല്ലോ. ഏകദേശം 92% ഹിന്ദു ജനവിഭാഗമുള്ള ഗുജറാത്തിൽ നിന്ന് 97% ഹിന്ദുക്കൾ ഉള്ള ഹിമാചലിലേക്ക് എത്തുമ്പോൾ കഥ മാറി. കോൺഗ്രസ് ഞെട്ടിച്ചു. ഗുജറാത്തിൽ 7 തവണ തുടർച്ചയായി ജയിച്ചുവെന്ന റെക്കോർഡുമായി ഡൽഹിയിലേക്കു നോക്കുമ്പോൾ അവിടെയുള്ളത് മറ്റൊരു റെക്കോർഡാണ്– ബിജെപി 6 തവണ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെട്ടു. ഇതിനിടയിലാണ് ഡൽഹി മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ അവർ നേരിട്ട പരാജയം.