ADVERTISEMENT

കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കു വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നടപടി വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ, നടപടിയെ ന്യായീകരിച്ച് താലിബാൻ ഭരണകൂടം രംഗത്ത്. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണു വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയതെന്ന താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം വ്യക്തമാക്കി. ‘വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്നതുപോലെയാണ് പെൺകുട്ടികൾ വസ്ത്രം ധരിക്കുന്നതെ’ന്നും മന്ത്രി കുറ്റപ്പെടുത്തി.

‘‘താലിബാൻ അധികാരത്തിൽ വന്ന് 14 മാസം പിന്നിട്ടു. നിർഭാഗ്യവശാൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകിയ കർശന നിർദ്ദേശങ്ങൾ ആരും പാലിക്കുന്നില്ല. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനു സമാനമാണ് പെൺകുട്ടികളുടെ വസ്ത്രധാരണം. പഠനത്തിനായി സർകലാശാലകളിൽ എത്തുന്ന പെൺകുട്ടികൾ ഹിജാബുമായി ബന്ധപ്പെട്ട നിർദ്ദേശവും പാലിക്കുന്നില്ല’’– മന്ത്രി കുറ്റപ്പെടുത്തി.

ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്കു ചേർന്നതല്ലെന്നും മന്ത്രി വിശദീകരിച്ചു. ‘‘എൻജിനീയറിങ്, അഗ്രികൾച്ചർ തുടങ്ങിയ ചില വിഷയങ്ങൾ വിദ്യാർഥിനികളുടെ അന്തസ്സിനും അഫ്ഗാൻ സംസ്കാരത്തിനും ചേരുന്നതല്ല’ – മന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കു വിദ്യാഭ്യാസം പാടേ നിഷേധിക്കുന്ന പരമ്പരാഗത നിലപാട് ഉപേക്ഷിക്കുമെന്നും ഉദാരസമീപനമായിരിക്കുമെന്നും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരം പിടിച്ചതിനു പിന്നാലെ താലിബാൻ നൽകിയ ഉറപ്പ് വെറുതെയായി. ഹൈസ്കൂളുകൾക്കു പുറമേ സർവകലാശാലകളിൽകൂടി പെൺകുട്ടികൾക്കു പഠിപ്പുവിലക്കു പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്.

സമൂഹത്തിൽനിന്ന് സ്ത്രീകളെ മായ്ച്ചു കളയാനുള്ള നീക്കങ്ങളുടെ ഭാഗമാണു വിലക്കെന്ന് യുഎൻ പ്രത്യേക പ്രതിനിധി കുറ്റപ്പെടുത്തി. ലോകത്തൊരിടത്തും പെൺകുട്ടികൾക്ക് ഇത്തരം വിലക്കില്ലെന്ന് യുഎസ് വിമർശിച്ചു. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങളെ ബഹുമാനിക്കാത്തിടത്തോളം കാലം താലിബാന് രാജ്യാന്തര അംഗീകാരം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു.

വിവിധ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനപ്പരീക്ഷയിൽ ആയിരക്കണക്കിനു പെൺകുട്ടികൾ ജയിച്ചത് 3 മാസം മുൻപായിരുന്നു. എൻജിനീയറിങ്ങും സാമ്പത്തികശാസ്ത്രവും മാധ്യമപ്രവർത്തനവും പോലെയുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കരുതെന്ന കർശന നിർദേശം പെൺകുട്ടികൾക്ക് അനുസരിക്കേണ്ടി വന്നു. ആൺകുട്ടികളും പെൺകുട്ടികളും ക്ലാസിൽ ഒരുമിച്ച് ഇരിക്കരുതെന്നും പെൺകുട്ടികൾക്കായി അധ്യാപികമാർ തന്നെ വേണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.

ഹൈസ്കൂൾ വിദ്യാഭ്യാസം നിരോധിച്ചുള്ള ഉത്തരവിനെതിരെ പ്രതിഷേധമുണ്ടായപ്പോൾ നീക്കം പി‍ൻവലിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. വിദ്യാഭ്യാസം നേടരുതെന്നു മാത്രമല്ല, സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും പാർക്കിലും ജിമ്മിലും നീന്തൽക്കുളങ്ങളിലും പോകരുതെന്നും അടുത്തയിടെ ഉത്തരവിറങ്ങി.

English Summary: Taliban Explains Why Afghan Women Have Been Banned From Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com