കൊച്ചിയിലും കോഴിക്കോട്ടും കൊല്ലത്തും വാഹനാപകടം: 5 പേർക്ക് ദാരുണാന്ത്യം
Mail This Article
കൊച്ചി ∙ കേരളത്തിൽ 3 ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്കു ദാരുണാന്ത്യം. എറണാകുളത്ത് ദേശീയപാതയിൽ അങ്കമാലി മോണിങ് സ്റ്റാർ കോളജിനു മുന്നിൽ ബൈക്കപകടത്തിൽ ശിവജിപുരം വാഴേലിപറമ്പിൽ അശ്വിൻ (23 ) മരിച്ചു. പുലർച്ചെ 1.25ന് നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിൽ തട്ടി മറിഞ്ഞായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോഴിക്കോട് കൊയിലാണ്ടി കാട്ടിലപീടികയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ച് 2 യുവാക്കൾ മരിച്ചു. വടകര കുര്യാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (19) എന്നിവരാണ് മരിച്ചത്. പുതിയാപ്പ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാവിലെ നാലോടെ ആയിരുന്നു അപകടം. ഒരേ ദിശയിൽ വന്ന ബൈക്കും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അശ്വിൻ തൽക്ഷണം മരിച്ചു.
ദീക്ഷിതിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്വിന്‍റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിത്തിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. കൊല്ലം കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കില്‍ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ജോബിന്‍ ഡിക്രൂസ്, ആഗ്നല്‍ സ്റ്റീഫന്‍ എന്നിവരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.
English Summary: 5 people killed in road accidents across Kerala