ADVERTISEMENT

കാബൂൾ∙ കുടുംബത്തിൽനിന്ന് ആദ്യമായി സർവകലാശാല പഠനത്തിനുപോകുന്ന സ്ത്രീയാകാൻ പത്തൊൻപതുകാരി മർവയ്ക്ക് ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് താലിബാൻ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനേക്കാൾ ഭേദം സ്ത്രീകളുടെ തലവെട്ടുന്നതാണെന്ന് തുടർപഠനം വഴിമുട്ടിയ മർവ പറയുന്നു. മെഡിക്കൽ എൻട്രൻസ് പരീക്ഷയെഴുതി സഹോദരൻ ഹാമിദിനൊപ്പം ഉന്നതവിദ്യാഭ്യാസത്തിന് തയാറെടുക്കുകയായിരുന്നു മർവ. മാർച്ചിൽ നഴ്സിങ് ഡിഗ്രി ക്ലാസ് ആരംഭിക്കാനിരിക്കെയാണ് താലിബാൻ ഭരണകൂടത്തിന്റെ വിലക്ക് എത്തിയത്. ഇനി സഹോദരൻ കോളജിൽ പോകുന്നത് വേദനയോടെ നോക്കിനിൽക്കാനെ മർവയ്ക്കാകൂ. 

മൃഗങ്ങളേക്കാൾ മോശമായിട്ടാണ് തങ്ങളോട് പെരുമാറുന്നത്. മൃഗങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് പോകാം. എന്നാൽ പെൺകുട്ടികൾക്ക് വീട്ടിൽനിന്ന് ഇറങ്ങാൻ പോലും അവകാശമില്ല. തങ്ങൾ ജനിച്ചില്ലായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. ഈ ലോകത്ത് ജീവിക്കുന്നതിൽ ഏറെ ദുഃഖിക്കുന്നുവെന്ന് മർവ വാർത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

സഹോദരിയുടെ പഠനം മുടങ്ങിയതിൽ ഇരുപതുകാരനായ ഹാമിദിനും വിഷമമുണ്ട്. ഏറെ പ്രതിസന്ധികൾ മറികടന്നാണ് അവൾ പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. അവളുടെ സ്വപ്നം സഫലമാകണമെന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്നാൽ ഇപ്പോൾ തങ്ങൾക്ക് ഒന്നും പറയാനാകില്ലെന്ന്് ഹാമിദ് പറയുന്നു. കാബൂളിലെ സർവകലാശാലയിൽ ബിസിനസ് അഡ്മിനിസ്ട്രേഷന് ചേർന്നിരിക്കുകയാണ് ഹാമിദ്.

സ്ത്രീകൾക്കു വിദ്യാഭ്യാസം പാടേ നിഷേധിക്കുന്ന പരമ്പരാഗത നിലപാട് ഉപേക്ഷിക്കുമെന്നും ഉദാരസമീപനമായിരിക്കുമെന്നുമാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരം പിടിച്ചതിനു പിന്നാലെ താലിബാൻ നൽകിയ ഉറപ്പ്. എന്നാൽ എല്ലാം വെറുതെയാണെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. ഹൈസ്കൂളുകൾക്കു പുറമേ സർവകലാശാലകളിലും പെൺകുട്ടികൾക്കു പഠിപ്പുവിലക്കു പ്രഖ്യാപിച്ചതോടെ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ശക്തമായിട്ടുണ്ട്. സമൂഹത്തിൽനിന്ന് സ്ത്രീകളെ മായ്ച്ചു കളയാനുള്ള നീക്കങ്ങളുടെ ഭാഗമാണു വിലക്കെന്ന് യുഎൻ പ്രത്യേക പ്രതിനിധി കുറ്റപ്പെടുത്തി. ലോകത്തൊരിടത്തും പെൺകുട്ടികൾക്ക് ഇത്തരം വിലക്കില്ലെന്ന് യുഎസ് വിമർശിച്ചു. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങളെ ബഹുമാനിക്കാത്തിടത്തോളം കാലം താലിബാന് രാജ്യാന്തര അംഗീകാരം ലഭിക്കില്ലെന്നും ഓർമിപ്പിച്ചു.

English Summary: Afghan Women Speak Out On University Ban: "Beheading Would've Been Better"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com