വനിതാ എൻജിഒ ജീവനക്കാർക്കും വിലക്ക്: പ്രശ്നം വസ്ത്രധാരണമെന്ന് താലിബാൻ
Mail This Article
കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന എൻജിഒകളിലെ വനിതാ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി താലിബാൻ ഭരണകൂടം. വസ്ത്രധാരണത്തിൽ ഇസ്‌ലാമിക രീതികൾ പിന്തുടരുന്നില്ല എന്നാരോപിച്ചാണ് ഇത്. രാജ്യത്തെ പ്രാദേശിക, വിദേശ സർക്കാർ ഇതര സംഘടനകൾക്ക് വിലക്ക് സംബന്ധിച്ച് ഉത്തരവു നൽകിയിട്ടുണ്ട്. അതേസമയം, അഫ്ഗാനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഈ നീക്കം ബാധിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന ആശങ്ക പ്രകടിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അഫ്ഗാനിൽ ശൈത്യകാലം കൂടി വരുന്നതോടെ ജനജീവിതം കൂടുതൽ ദുരിതത്തിലാകുമെന്നും അവർക്കു സഹായമെത്തിക്കുന്നതിനെ വിലക്ക് ബാധിക്കുമെന്നും യുഎൻ വക്താവ് പറഞ്ഞു.
വനിതകൾ ഇസ്‌ലാമിക രീതിയിൽ വസ്ത്രം ധരിക്കണമെന്ന താലിബാന്റെ നിർദേശം ചില എൻജിഒകളിലെ ജീവനക്കാർ പാലിച്ചില്ലെന്നും അതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വനിതാ ജീവനക്കാർക്കു വിലക്കുണ്ടെന്നും ധനമന്ത്രാലയത്തിന്റെ കത്തിനെ ഉദ്ധരിച്ച് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു.
ഏതാനും ദിവസം മുൻപാണ് സർവകലാശാലകളിൽ വിദ്യാർഥിനികൾക്കു വിലക്കേർപ്പെടുത്തി താലിബാൻ ഉത്തരവിട്ടത്. അതിനെതിരെ രാജ്യത്തിനകത്തും പുറത്തും കടുത്ത വിമർശനമുയർന്നിരുന്നു. രാജ്യാന്തര അംഗീകാരം നേടാനും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കാനുമുള്ള താലിബാൻ ഭരണകൂടത്തിന്റെ ശ്രമങ്ങൾക്ക് ഈ രണ്ടു നിയന്ത്രണങ്ങളും തിരിച്ചടിയായേക്കും.
ലോകമെങ്ങും ദുരിതാശ്വാസ, മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രധാന പങ്കു വഹിക്കുന്നത് സ്ത്രീകളാണെന്നും താലിബാന്റെ നീക്കം ദശലക്ഷക്കണക്കിനു മനുഷ്യർക്ക് അടിയന്തര സഹായമെത്തിക്കുന്ന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
Content Highlight: Taliban bans female NGO staff