കരിപ്പൂരിൽ കൊറിയൻ വനിത പീഡിപ്പിക്കപ്പെട്ടു: പിടിയിലായത് രേഖകളില്ലാതെ, പൊലീസ് കേസ്
Mail This Article
കോഴിക്കോട് ∙ കരിപ്പൂരില്‍ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശവനിത പീഡനത്തിനിരയായി. വൈദ്യപരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് മതിയായ രേഖകൾ ഇല്ലാതെ കൊറിയൻ യുവതിയെ കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടെത്തിയത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ, കോഴിക്കോട് നഗരത്തിലെ ഹോട്ടലിൽ ആണ് താമസിച്ചതെന്ന് മനസ്സിലായി. തുടർന്നാണ് യുവതിയെ കോഴിക്കോട് വനിതാ സെല്ലിന് കൈമാറിയത്. പിന്നീട് കൊറിയൻ ഭാഷ അറിയുന്ന ആളുകളെവച്ച് കാര്യങ്ങൾ തിരക്കിയെങ്കിലും യുവതി സഹകരിച്ചില്ല.
ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ് താൻ കരിപ്പൂരിൽ പീഡനത്തിനിരയായെന്ന് യുവതി ഡോക്റോട് വെളിപ്പെടുത്തിയത്. വൈദ്യ പരിശോധനാ റിപ്പോർട്ടിന്റെയും ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണു കേസെടുത്തത്.
ഡിസംബർ ആദ്യം മുതൽ കോഴിക്കോട് വിവിധ ഹോട്ടലുകളിൽ യുവതി താമസിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസം കൊറിയയിലേക്ക് തിരികെ പോകാനാരിക്കെയാണ് പൊലീസിന്റെ പിടിയിലായത്.
English Summary: Foreign woman sexual assault case