കനലുമായി നൂപുർ, മിന്നിത്തിളങ്ങി നയൻസ്, വിക്രാന്തവീര്യം, മോദി മാജിക്: ഇന്ത്യ @ 2022
Mail This Article
കോവിഡിനു ശമനമുണ്ടായപ്പോൾ വാർത്തകളുടെ കുത്തൊഴുക്കാണ് 2022 ൽ രാജ്യം കണ്ടത്. നേട്ടങ്ങളും സന്തോഷങ്ങളും വിവാദങ്ങളും വേർപിരിയലുകളും അട്ടിമറികളും തിരിച്ചടികളും പലകുറി തലക്കെട്ടുകളായി. ആരോപണപ്രത്യാരോപണങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞു. വായനക്കാർക്കു വരുംകാലവും ഓർത്തിരിക്കാവുന്ന സംഭവബഹുലമായ വാർത്താവർഷമാണു കടന്നുപോകുന്നത്. തുടരൻ വാർത്തകളുടെ മാലപ്പടക്കത്തിനു വഴിമരുന്നിട്ട ‘ഒറ്റയാൻ വാർത്ത’കളുടെ വർഷം കൂടിയായിരുന്നു 2022. കലണ്ടറിലെ താളുകൾ മാറുമ്പോഴും രാജ്യത്തിന്റെ വാർത്താഭൂമികയിൽ മായാതെ നിലകൊള്ളുന്ന സംഭവങ്ങളെയും വ്യക്തികളെയും ഓർക്കുകയാണിവിടെ.
∙ മതവേഷം വിലക്കി കർണാടക
ഫെബ്രുവരിയിൽ രാജ്യമാകെ ചർച്ചയായ വാർത്തകളിലൊന്ന് ഹിജാബ് വിലക്കാണ്. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് (ശിരോവസ്ത്രം) വിലക്ക് അയൽസംസ്ഥാനമായ കേരളത്തിലും ചലനമുണ്ടാക്കി. ഉഡുപ്പിയിലെ ഡിഗ്രി കോളജിൽ ഹിജാബ് ധരിച്ച 60 വിദ്യാർഥിനികളെ ക്ലാസിൽ കയറ്റിയില്ല. കർണാടകയിൽ പലയിടങ്ങളിലായി ഒട്ടേറെ പ്രീ യൂണിവേഴ്സിറ്റി (പിയു) കോളജുകളിൽ വിദ്യാർഥിനികളെ മടക്കിയയച്ചതും സംഘർഷാവസ്ഥയുണ്ടാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജുകളിൽ ഉൾപ്പെടെ കർണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന ഉത്തരവ് നിയമപോരാട്ടത്തിനു വഴിവച്ചു. വിദ്യാർഥികൾ സർക്കാർ നിഷ്കർഷിക്കുന്ന യൂണിഫോം ധരിക്കണമെന്നും ഹിജാബ് ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വിധിച്ചു. ഒക്ടോബറിൽ സുപ്രീം കോടതിയിൽ ഹിജാബ് കേസെത്തിയപ്പോൾ വിലക്കിനെ എതിർത്തും അനുകൂലിച്ചും ജഡ്‍ജിമാർ വിധി പറഞ്ഞു. ഇതോടെ, അന്തിമവിധി വരുന്നതുവരെ ഹിജാബ് നിരോധനം തുടരുമെന്നു വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് അറിയിച്ചു. ഹിജാബിന്റെ പേരിൽ രാജ്യത്തെ പെൺമക്കൾക്കു മികച്ച വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ച് ഭാവി ഇല്ലാതാക്കുകയാണെന്നു കോൺഗ്രസ് അഭിപ്രായപ്പെട്ടു.
∙ തീ കോരിയിട്ട് നൂപുർ
മേയിലെ വേനൽച്ചൂടിലൂടെ രാജ്യം കടന്നുപോകവെ വാർത്തയുടെ കനൽ കോരിയിട്ടതു നൂപുർ ശർമയാണ്. ചാനൽ ചർച്ചയ്ക്കിടെ പ്രവാചകനിന്ദ നടത്തിയെന്നതായിരുന്നു ബിജെപി നേതാവ് നൂപുർ ശർമയ്ക്ക് എതിരായ ആരോപണം. രാജ്യത്തും പുറത്തും വിവാദം ആളിപ്പടർന്നു. മുസ്‍ലിം രാജ്യങ്ങളിൽനിന്നടക്കം വ്യാപക പ്രതിഷേധമുയർന്നു. അമേരിക്കയും എതിർപ്പുമായി രംഗത്തെത്തി. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഭീകരസംഘടനയായ അൽ ഖായിദയുടെ ആഹ്വാനമുണ്ടായി. ഇന്ത്യ മാപ്പ് പറയണമെന്നു ചില രാജ്യങ്ങൾ ആവശ്യപ്പെട്ടു. നൂപുറിനെ വക്താവ് സ്ഥാനത്തുനിന്നു നീക്കിയ ബിജെപി പിന്നീട് പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തു. ജീവനു ഭീഷണിയുള്ളതിനാൽ നൂപുർ ശർമയ്ക്കും കുടുംബത്തിനും ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
മതവിദ്വേഷ പരാമർശം നടത്തിയ ബിജെപി നേതാക്കളായ നൂപുർ ശര്‍മ, നവീൻ കുമാര്‍ ജിൻഡാല്‍ എന്നിവർക്കെതിരെ രാജ്യത്തു പലയിടത്തും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കലാപങ്ങളായി മാറി. അക്രമങ്ങളിൽ നിരവധിപ്പേർ മരിച്ചു. ഉത്തർപ്രദേശിൽ സംഘർഷത്തിൽ ഉൾപ്പെട്ടവരുടെ വീടുകൾ അധികൃതർ ബുൾഡോസർ കൊണ്ട് ഇടിച്ചുനിരത്തി. നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട രാജസ്ഥാനിലെ ഉദയ്പുരിലുള്ള തയ്യൽ കടയുടമ കനയ്യ ലാൽ, മഹാരാഷ്ട്രയിലുള്ള അമരാവതിയിലെ മരുന്നുകട ഉടമ ഉമേഷ് പ്രഹ്ലാദ്‌റാവു കോൽഹെ എന്നിവർ ആഴ്ചകളുടെ ഇടവേളയിൽ കൊല്ലപ്പെട്ടു. നൂപുറിനെ കൊല്ലാൻ പദ്ധതിയിട്ട ജയ്‌ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് നദീമിനെ ഉത്തർപ്രദേശ് പൊലീസ് പിടികൂടി. നൂപുർ ശർമയുടെ വാവിട്ട വാക്കുകൾ രാജ്യത്താകെ തീപടർത്തിയെന്നും രാജ്യത്തോടു മാപ്പ് പറയണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്നാൽ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
∙ നക്ഷത്രത്തിന്റെ കല്യാണമേളം
പത്തനംതിട്ടയിലെ തിരുവല്ലയിൽനിന്ന് ഇന്ത്യയാകെ പ്രഭ പരത്തിയ താരകമാണു നയൻതാര; വെള്ളിത്തിരയിലെ ലേഡി സൂപ്പർസ്റ്റാർ. നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള (വിക്കി) പ്രണയവിവാഹമായിരുന്നു ജൂണിൽ ഇന്ത്യ ശ്രദ്ധിച്ച സംഭവങ്ങളിലൊന്ന്. 7 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ, ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ, സൂപ്പർസ്റ്റാർ രജനീകാന്തിന്റെ അനുഗ്രഹം സ്വീകരിച്ചാണു നയൻസും വിക്കിയും വിവാഹിതരായത്. സംവിധായകൻ ഗൗതം മേനോന്റെ നേതൃത്വത്തിൽ നെറ്റ്ഫ്ലിക്സ് ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററിയായി വിവാഹച്ചടങ്ങ് ചിത്രീകരിച്ചു.
വിവാഹം കഴിഞ്ഞു 4 മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നപ്പോൾ താരദമ്പതികൾ വീണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നു തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചതോടെ വിവാദമായി; പലവിധ ചർച്ചകളുയർന്നു. 2016ല്‍ വിവാഹം റജിസ്റ്റർ ചെയ്തിരുന്നതായി ഇരുവരും അറിയിച്ചു. വാടക ഗര്‍ഭധാരണത്തിനു ദമ്പതികള്‍ കാത്തിരിക്കേണ്ട കാലയളവ് താരങ്ങൾ പിന്നിട്ടതായും വീഴ്ചയില്ലെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബറിൽ പുറത്തുവന്നതോടെ വിവാദത്തീ അണഞ്ഞു. ‘ഉയിർ’, ‘ഉലകം’ എന്നീ കൺമണികളുടെ കളിചിരികളിൽ നയൻസിനും വിക്കിക്കും സന്തോഷ ജീവിതം.
∙ നാടകീയം, ‘മഹാ’ അട്ടിമറി
പോയ വർഷം ‘മഹാ’ രാഷ്ട്രീയ അട്ടിമറിക്കും രാജ്യം സാക്ഷിയായി. ജൂണിൽ ശിവസേനയിലെ വിമതനീക്കത്തിനൊടുവിൽ, ഉദ്ധവ് താക്കറെയെ തെറിപ്പിച്ച് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയിലെത്തി. പ്രവചനങ്ങളെ കാറ്റിൽ പറത്തിയ നാടകീയതയിലൂടെയാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായത്. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഭരണസാരഥ്യം ഏറ്റെടുക്കാതെ ഉപമുഖ്യമന്ത്രിയായതും ഏവരെയും ഞെട്ടിച്ചു.
ബിജെപിയാണു വലിയ ഒറ്റക്കക്ഷിയെന്നിരിക്കെ, ഫഡ്നാവിസ് മുഖ്യമന്ത്രിയും ഷിൻഡെ ഉപമുഖ്യമന്ത്രിയും ആകുമെന്നായിരുന്നു രാഷ്ട്രീയവൃത്തങ്ങളുടെ കണക്കുകൂട്ടൽ. പക്ഷേ നേരെ തിരിച്ചാണു സംഭവിച്ചത്. പശ്ചിമ മഹാരാഷ്ട്രയിലെ സത്താറ സ്വദേശിയായ ഷിൻഡെ, താനെയിലെത്തി ഓട്ടോ ഡ്രൈവറായ ശേഷമാണു രാഷ്ട്രീയത്തിൽ സജീവമായത്. ഉദ്ധവ് താക്കറെയുടെ വിശ്വസ്തനും താഴെത്തട്ടിൽ ഏറെ സ്വാധീനവുമുള്ള നേതാവുമായ ഷിൻഡെ അപ്രതീക്ഷിതമായി നടത്തിയ വിമത നീക്കമാണു ശിവസേന– എൻസിപി– കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയതും ബിജെപിയുമായി ചേർന്നു പുതിയ സഖ്യസർക്കാർ സാധ്യമാക്കിയതും.
∙ അഗ്നിപടർത്തി അഗ്നിപഥ്
ഏറെ കണക്കുകൂട്ടിയാണു കേന്ദ്ര സർക്കാർ ജൂണിൽ ‘അഗ്നിപഥ്’ എന്ന പേരിൽ 4 വർഷ സൈനികസേവനപദ്ധതി പ്രഖ്യാപിച്ചത്. സൈനികരുടെ ശരാശരി പ്രായം കുറയ്ക്കുക, വർധിച്ചുവരുന്ന സൈനിക പെൻഷൻ ചെലവ് വെട്ടിക്കുറയ്ക്കുക എന്നീ പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു ലക്ഷ്യം. ‘അഗ്നിവീർ’ ആകാമെന്ന വാഗ്ദാനം പക്ഷേ, യുവാക്കൾക്കിടയിൽ വിലപ്പോയില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കേരളമടക്കം രാജ്യത്തെമ്പാടും പ്രതിഷേധം ആളിക്കത്തി.
തെരുവിലിറങ്ങിയ ഉദ്യോഗാർഥികൾ അക്രമപരമ്പര അഴിച്ചുവിട്ടു, ട്രെയിനുകൾക്കും മറ്റു വാഹനങ്ങൾക്കും തീയിട്ടു. റെയിൽവേയ്ക്കു മാത്രമുണ്ടായതു ശതകോടികളുടെ നഷ്ടം. പദ്ധതി നിർത്തിവയ്ക്കണമെന്നു കോൺഗ്രസ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. ചില ഇളവുകൾ പ്രഖ്യാപിച്ച കേന്ദ്രം പിന്നോട്ടില്ലെന്ന് ഉറച്ച നിലപാടെടുത്തു. കരസേനയിൽ 40,000 പേർക്കും വ്യോമ, നാവിക സേനകളിൽ 3,000 പേർക്കു വീതവും ആദ്യ ബാച്ചിൽ നിയമനം നൽകാൻ അടുത്തിടെ വിജ്ഞാപനമിറക്കി. പ്രതിഷേധാഗ്നി വകവയ്ക്കാതെ പതിനായിരക്കണക്കിനു പേർ കേരളത്തിലുൾപ്പെടെ റിക്രൂട്ടിങ് റാലികളിൽ പങ്കെടുത്ത് അഗ്നിപഥിനെ വരവേറ്റു.
∙ മുർമു, ഇന്ത്യയുടെ ദീദി
ജൂലൈയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് പതിവിൽനിന്നു വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമു ചരിത്രത്തിലേക്കു കൂടിയാണു കാലെടുത്തുവച്ചത്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി, ഏറ്റവും കുറഞ്ഞ പ്രായത്തിൽ രാഷ്ട്രപതി പദത്തിലെത്തിയ വ്യക്തി, രാഷ്ട്രപതിയായ ആദ്യ ഗോത്രവർഗക്കാരി, രാഷ്ട്രപതിയായ രണ്ടാമത്തെ വനിത... ഒന്നിലേറെ റെക്കോർഡുകൾ മുർമു സ്വന്തം പേരിനൊപ്പം ചേർത്തു. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ തോൽപിച്ചാണ് എൻഡിഎ സ്ഥാനാർഥിയായ മുർമുവിന്റെ വിജയം.
പാർലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിയായ അപൂർവം വ്യക്തികളിലൊരാൾ. 1997ൽ ഒഡീഷയിലെ റായ്റംഗ്പുർ നഗർ പഞ്ചായത്ത് കൗൺസിലറായ മുർമു, ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകത്തിൽ തുടങ്ങി രാഷ്ട്രപതി പദവി വരെ ഉയർന്ന വ്യക്തിയെന്ന ഖ്യാതിയും നേടി. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഗ്രാമമായ ഉപർബേദയാണു മുർമുവിന്റെ ജന്മനാട്. ഉപർബേദക്കാരുടെ മാത്രമായിരുന്ന ദീദി അങ്ങനെ ഇന്ത്യയുടെ സ്വന്തമായി. രാജ്യത്തിന്റെ 14–ാം ഉപരാഷ്ട്രപതിയായി ബംഗാൾ മുൻ ഗവർണറും ഭരണമുന്നണി സ്ഥാനാർഥിയുമായ ജഗ്ദീപ് ധൻകർ ഓഗസ്റ്റിൽ സ്ഥാനമേറ്റു. പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയെയാണ് അദ്ദേഹം തോൽപിച്ചത്.
∙ കടൽക്കരുത്തായി വിക്രാന്ത്
നമ്മുടെ സൈനികക്കരുത്തിന്റെയും സ്വാഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും വിളംബരമായിരുന്നു സെപ്റ്റംബർ മാസം. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ‘ഐഎൻഎസ് വിക്രാന്ത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. കപ്പൽ നിർമിച്ചതു കൊച്ചിൻ ഷിപ്‌യാഡാണെന്നത് ഓരോ മലയാളിക്കും അഭിമാനമായി. അതിനൂതന സംവിധാനങ്ങളുടെയും സർഫസ് ടു എയർ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുടെയും കരുത്തുണ്ട് വിക്രാന്തിന്.
രാജ്യത്തു നിർമിക്കപ്പെട്ടതിൽ ഏറ്റവും വലിയ കപ്പൽ, കൊച്ചിൻ ഷിപ്‌യാഡിൽ നിർമിച്ച ആദ്യ പടക്കപ്പൽ, 3ഡി മോഡലിങ് സംവിധാനം ഉപയോഗിച്ചു രൂപകൽപന ചെയ്ത രാജ്യത്തെ ആദ്യ വിമാനവാഹിനി തുടങ്ങി സവിശേഷതകളേറെ. 76% നിർമാണ സാമഗ്രികളും രാജ്യത്തുതന്നെ ഉണ്ടാക്കി. കപ്പൽ നിർമാണത്തിനാവശ്യമായ എക്സ്ട്രാ ഹൈ ടെൻസൈൽ സ്റ്റീൽ രാജ്യചരിത്രത്തിലാദ്യമായി തദ്ദേശീയമായി നിർമിച്ചുപയോഗിച്ചു.
കപ്പൽശാലയിലെ രണ്ടായിരത്തോളം ജീവനക്കാർക്കു പ്രത്യക്ഷമായും വിവിധ മേഖലകളിലെ 40,000 പേർക്കു പരോക്ഷമായും തൊഴിൽ നൽകി. 15 ഡെക്കുകൾ, 3 റൺവേകൾ, ക്രൂവിനു താമസിക്കാൻ 2,300 കംപാർട്മെന്റുകൾ– കടലിൽ ഒഴുകുന്ന ചെറുനഗരമാണ് ഈ പടക്കപ്പൽ. വിക്രാന്തിന്റെ കമ്മിഷനിങ് വേളയിൽ, നാവികസേനയ്ക്കു ഭാരതീയ പൈതൃകവും സമുദ്രപാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന പുതിയ പതാകയും സ്വന്തമായി.
∙ ഹൃദയം തൊട്ടുള്ള നടത്തം
കാൽക്കീഴിലെ മണ്ണ് ഇളകാതിരിക്കാൻ അടിച്ചുറപ്പിക്കുകയേ മാർഗമുള്ളൂ എന്നു മനസ്സിലായപ്പോഴാണു കോൺഗ്രസ് മണ്ണിലിറങ്ങി നടക്കാൻ തീരുമാനിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ പദയാത്ര അക്ഷരാർഥത്തിൽ നാടിനെ ഇളക്കിമറിച്ചു.
കേരളം, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന പദയാത്ര 2023 ജനുവരിയിൽ ശ്രീനഗറിലാണു സമാപിക്കുക. 150 ദിവസം കൊണ്ട് പിന്നിടുന്നത് 3,500 ലേറെ കിലോമീറ്റർ. ജോഡോ യാത്ര രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായയ്ക്കു മിഴിവേകി. സാധാരണക്കാരോടും പ്രമുഖരോടും ഒരുപോലെ ഇടപഴകി രാഹുൽ കൂടുതൽ ജനകീയനായി.
∙ വേണ്ട, പോപ്പുലർ ഫ്രണ്ട്
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ 5 വർഷത്തേക്കു നിരോധിച്ചതു സെപ്റ്റംബറിലാണ്. യുഎപിഎ മൂന്നാം വകുപ്പു പ്രകാരമായിരുന്നു നടപടി. ‘ഓപ്പറേഷൻ ഒക്ടോപസ്’ എന്ന പേരിൽ പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകളിലും നേതാക്കളുടെ വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡുണ്ടായി. ഇതിനെതിരെ പിഎഫ്ഐ പ്രഖ്യാപിച്ച ഹർത്താലിൽ കേരളത്തിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്. പിന്നാലെയായിരുന്നു നിരോധനം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നിവയെയാണു നിരോധിച്ചത്. ഐഎസ് ഉൾപ്പെടെ രാജ്യാന്തര ഭീകര സംഘടനകളുമായി ബന്ധമുള്ള പിഎഫ്ഐ രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണ്, തീവ്രവാദത്തിൽ അധിഷ്ഠിതമായ ഭരണം രാജ്യത്ത് അടിച്ചേൽപിക്കാൻ ശ്രമമുണ്ടാവും തുടങ്ങിയ കാര്യങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
കേരളത്തിൽ പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയത്, സഞ്ജിത്, അഭിമന്യു, നന്ദു, ബിബിൻ എന്നിവരുടെ കൊലപാതകങ്ങൾ എന്നിവയിൽ പോപ്പുലർ ഫ്രണ്ടിനു പങ്കുണ്ടെന്നും കേന്ദ്രം പറഞ്ഞു. എന്‍ഡിഎഫിന്റെ പില്‍ക്കാല രൂപമായ പിഎഫ്ഐയ്ക്കും നിരോധനവിധി മറികടക്കാനായില്ല.
∙ കോൺഗ്രസിനെ നയിക്കാൻ ഖർഗെ
24 വർഷത്തിനു ശേഷം ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരാൾ കോൺഗ്രസ് പ്രസിഡന്റാകുന്നതിനും പോയവർഷം സാക്ഷിയായി. ഒക്ടോബറിലെ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ തോൽപ്പിച്ച് മല്ലികാർജുൻ ഖർഗെ ആണു കോൺഗ്രസിന്റെ ക്യാപ്റ്റനായത്. 2 ഘട്ടങ്ങളിലായി 22 വർഷം കോൺഗ്രസിനെ നയിച്ച സോണിയാ ഗാന്ധി പ്രസിഡന്റ് പദവിയിൽനിന്ന് പടിയിറങ്ങി.
∙ ആഗോള തലപ്പത്ത് ഇന്ത്യ
ലോകത്തിനു മുന്നിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന സംഭവമാണ് ഇന്ത്യയുടെ ജി20 അധ്യക്ഷപദവി. ബാലിയിൽ നടന്ന ഉച്ചകോടിയുടെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. നവംബറിലാണു ജി20 ലോഗോ പുറത്തിറക്കിയത്. ഡിസംബർ 1 മുതൽ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ഒരു വർഷമാണു കാലാവധി.
2023 സെപ്റ്റംബർ 9നും 10നും ഡൽഹിയിലാണ് അടുത്ത ഉച്ചകോടി. ‘ഏകഭൂമി, ഏകകുടുംബം, ഏകഭാവി’ എന്നതാണു പ്രമേയം. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 50 നഗരങ്ങളിൽ ഈ കാലയളവിൽ സമ്മേളനങ്ങളുണ്ടാകും. ‘‘നമ്മുടെ യുഗം യുദ്ധത്തിന്റേതായിരിക്കരുത്. ഇന്നു നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികൾ - കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, പകർച്ചവ്യാധികൾ - പരസ്പരം പോരാടുന്നതിലൂടെയല്ല, ഒരുമിച്ചു പ്രവർത്തിക്കുന്നതിലൂടെ മാത്രമേ പരിഹരിക്കാനാകൂ’’– ഭാവിയിലേക്കു കണ്ണുനട്ട് മോദി നിലപാട് വ്യക്തമാക്കുന്നു.
∙ ബഹിരാകാശത്ത് പുതുയുഗം
ഐഎസ്ആർഒ മാത്രം രംഗത്തുണ്ടായിരുന്ന റോക്കറ്റ് വിക്ഷേപണ മേഖലയിലേക്ക് തെലങ്കാന ആസ്ഥാനമായ സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് രൂപകൽപന ചെയ്‌ത ‘വിക്രം–എസ്’ റോക്കറ്റ് കുതിച്ചുയർന്നത് നവംബറിലാണ്. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ (എസ്‌ഡിഎസ്‌സി) സൗണ്ടിങ് റോക്കറ്റ് കോംപ്ലക്‌സിൽനിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. 6 മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റായ വിക്രം എസ് 5 മിനിറ്റിനുള്ളിൽ 89.5 കിലോമീറ്റർ ഉയരത്തിലെത്തി. 80 കിലോമീറ്റർ താണ്ടുകയായിരുന്നു ലക്ഷ്യം.
പ്രാരംഭ് എന്ന ദൗത്യത്തിൽ ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എൻ-സ്‌പേസ്‌ടെക്, അർമേനിയൻ ബസൂംക്യു സ്‌പേസ് റിസർച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണു ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ത്യൻ ബഹിരാകാശ മേഖലയിലെ പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു ഈ വിക്ഷേപണം. രാജ്യത്തെ യുവാക്കൾക്കു വലിയ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള പ്രേരണയാകും സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണമെന്നാണ് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥിന്റെ അഭിപ്രായം.
∙ താമരത്തരംഗം, മോദി മാജിക്
വർഷാന്ത്യത്തെ സംഭവബഹുലമാക്കിയതു ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പാണ്. ഡിസംബറിലെ ജനവിധിയിൽ, ഒത്ത എതിരാളികളില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു ഗുജറാത്തിൽ ബിജെപിക്ക് ഇടർച്ചയില്ലാതെ ഏഴാമൂഴം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറിയ ബിജെപി 182 അംഗ നിയമസഭയിൽ 156 സീറ്റും നേടി റെക്കോർഡിട്ടു. കോൺഗ്രസ് 17 സീറ്റിലേക്കു ചുരുങ്ങി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതിച്ഛായാബലത്തിൽ എഎപി അഞ്ചിടത്തു ജയിച്ച് വരവറിയിച്ചു.
ഗുജറാത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഹിമാചലിൽ ബിജെപിയിൽനിന്നു കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ നാടായ ഹിമാചലിലെ തോൽവി ബിജെപിക്കു ക്ഷീണമായി. കോൺഗ്രസ് 40 സീറ്റ് നേടിയപ്പോൾ ബിജെപിക്ക് കിട്ടിയത് 25 സീറ്റ് മാത്രം.
2022ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 7 സംസ്ഥാനങ്ങളിൽ അഞ്ചിടത്തും ഭരണം നേടിയാണു ബിജെപിയും മോദിയും തിളങ്ങിയത്. ഗോവ (മുഖ്യമന്ത്രി പ്രമോദ് സാവന്ത്), മണിപ്പൂർ (മുഖ്യമന്ത്രി എൻ.ബിരേൻ സിങ്), ഉത്തർപ്രദേശ് (മുഖ്യമന്ത്രി യോഗി ആദിത്യനാഥ്), ഉത്തരാഖണ്ഡ് (മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി), ഗുജറാത്ത് (മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ) എന്നിവിടങ്ങളിൽ ബിജെപി ഭരണം നിലനിർത്തി. പഞ്ചാബിൽ കോൺഗ്രസിന്റെ കയ്യിൽനിന്ന് എഎപി അധികാരം കയ്യടക്കി ചരിത്രം രചിച്ചു; ഭഗവന്ത് സിങ് മാൻ മുഖ്യമന്ത്രിയായി. ഹിമാചലിലെ തിരിച്ചുവരവ് മാത്രമാണു (മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു) കോൺഗ്രസിന്റെ ആശ്വാസം.
ബിജെപിയുമായുള്ള കൂട്ട് ഉപേക്ഷിച്ച് ആർജെഡി–കോൺഗ്രസ്–ഇടതു സഖ്യത്തിനൊപ്പം ‘മഹാസഖ്യം’ പ്രഖ്യാപിച്ച നിതീഷ് കുമാർ എട്ടാമതും ബിഹാർ മുഖ്യമന്ത്രിയായതു ദേശീയ രാഷ്ട്രീയത്തിലെ നിർണായക നീക്കമായിരുന്നു. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുയർത്തി ഗുലാം നബി ആസാദും കപിൽ സിബലും പാർട്ടിയെ കൈവിട്ടു. കോൺഗ്രസിൽ സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ടു സോണിയയ്ക്കു കത്തെഴുതിയ ജി–23 കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു ഇരുവരും.
18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ വിമാന കമ്പനി ടാറ്റ സൺസ് ഏറ്റെടുത്തത്, ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു 135 പേർ മരിച്ചത്, സുപ്രീം കോടതി ഉത്തരവിനെതുടർന്ന് ഉത്തർപ്രദേശിലെ നോയിഡയിൽ ഇരട്ട ടവർ സ്ഫോടനത്തിലൂടെ തകർത്തത്, 5ജി ഇന്റർനെറ്റ് സേവനങ്ങളുടെ തുടക്കം, നമീബിയയിൽനിന്ന് 8 ചീറ്റകളെ എത്തിച്ച് 7 പതിറ്റാണ്ടത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്, സുപ്രീം കോടതിയുടെ 50–ാം ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ് ചുമതലയേറ്റത്... തുടങ്ങി ചെറുതുംവലുതുമായ അനേകം സംഭവങ്ങളും വാർത്താലോകത്ത് ഇന്ത്യയെ സജീവമാക്കി.
English Summary: Major news events in India- year ender 2022