സർട്ടിഫിക്കറ്റ് തിരിച്ചെടുക്കാൻ പണമില്ല; സർക്കാർ ജോലിക്ക് അവസരം നഷ്ടപ്പെട്ട് ആദിവാസി യുവതി
Mail This Article
പാലക്കാട്∙ ഭിന്നശേഷിക്കാരനായ മകന്റെ ചികിത്സയ്ക്കായി നഴ്സിങ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ആദിവാസി യുവതിയുടെ സർക്കാർ ജോലിയെന്ന സ്വപ്നത്തിനു തടസമിട്ട് നഴ്സിങ് സ്ഥാപനം. ഷോളയൂർ പഞ്ചായത്തിലെ കാരയൂർ ഊരിലെ ആരതിയാണ് പ്രതിസന്ധിയിലായത്. സ്ഥാപനം ആവശ്യപ്പെട്ട തുക അടച്ച് സർട്ടിഫിക്കറ്റുകൾ വാങ്ങാനാകാത്തതു കാരണം കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്കുള്ള മുഖാമുഖത്തിൽ പങ്കെടുക്കാനാകാതെ ആരതിക്കു മടങ്ങേണ്ടി വന്നു.
2015ൽ ആരതി പാലക്കാട് ഗവ.നഴ്സിങ് സ്കൂളിൽ ജിഎൻഎം കോഴ്സിനു ചേർന്നിരുന്നു. ആറുമാസത്തിനു ശേഷം ഭിന്നശേഷിക്കാരനായ മകന് അസുഖം ബാധിച്ചതിനെ തുടർന്ന് പഠനം തുടരാനായില്ല. വിവരം സ്ഥാപന അധികൃതരെ അറിയിച്ചിരുന്നു. ഏഴു വർഷത്തിനുശേഷം പിഎസ്‌സി സ്പെഷൽ റിക്രൂട്ട്മെന്റിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിലെ അവസാന ഘട്ടത്തിലാണു സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കഴിയാതെ വന്നത്.
പല തവണ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും പണമടയ്ക്കാതെ തരമില്ലെന്നായിരുന്നു മറുപടി. സർട്ടിഫിക്കറ്റുകൾ വിട്ടുകിട്ടാൻ എൻസിപി സംസ്ഥാന സെക്രട്ടറി സി.എ.സലോമി വഴി വനം മന്ത്രിക്കും പട്ടികവർഗക്ഷേമ വകുപ്പ് മന്ത്രിക്കും അപേക്ഷ നൽകി കാത്തിരിക്കുകയാണ് ആരതി. നഴ്സിങ് സ്ഥാപന അധികാരികൾ കടുംപിടിത്തം തുടർന്നാൽ തളർന്നുപോയ കുഞ്ഞിനെ കൈപിടിച്ചുയർത്താനുള്ള അമ്മയുടെ ശ്രമങ്ങളും പാതിവഴിയിൽ മുടങ്ങും.
English Summary: Tribal woman in crisis as education institute hasn't provide certificate