യുഎസിൽ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ ശീതക്കൊടുങ്കാറ്റ്: മരണം 60 കടന്നു
Mail This Article
ന്യൂയോർക്ക് ∙ ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസിൽ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റിൽ മരണം 60 കടന്നു.
തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായി. വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞുപൊതിഞ്ഞിരിക്കുകയാണ്.
ബഫലോയിൽ മാത്രം 27 പേർ മരിച്ചു. ഏതാനും പേർ കാറുകളിൽ മരിച്ച നിലയിലായിരുന്നു. ഇവിടെ 18 അടി ഉയരത്തിലുള്ള മഞ്ഞുകൂനയിൽ മുങ്ങിയ വൈദ്യുതി സബ്സ്റ്റേഷൻ പൂട്ടി. മണിക്കൂറിൽ 64 കിലോമീറ്ററിലേറെ വേഗത്തിൽ വീശുന്ന ശീതക്കൊടുങ്കാറ്റു മൂലം ഞായറാഴ്ച മാത്രം 1,707 ആഭ്യന്തര–രാജ്യാന്തര വിമാനസർവീസുകൾ യുഎസിൽ റദ്ദാക്കി.
യുഎസിൽ ഒട്ടേറെ പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്. ആയിരക്കണക്കിനു വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു.
ജപ്പാനിൽ അതിശൈത്യം 17 പേരുടെ ജീവൻ കവർന്നു. വരും ദിവസങ്ങളിൽ സ്ഥിതി രൂക്ഷമാകുമെന്നാണു മുന്നറിയിപ്പ്. നൂറുകണക്കിനു പേർക്ക് ഹിമപാതത്തിൽ പരുക്കേറ്റിട്ടുണ്ട്.
മരണം ഏറെയും വീടിന്റെ മേൽക്കൂരയിൽനിന്നു മഞ്ഞുനീക്കുന്നതിനിടെ അപകടത്തിൽ പെട്ടാണ്. വടക്കുകിഴക്കൻ ജപ്പാനിൽ പലയിടത്തും മഞ്ഞുവീഴ്ച മൂന്നിരട്ടി വർധിച്ചെന്നാണു റിപ്പോർട്ട്.
കാനഡയ്ക്കു സമീപം ഗ്രേറ്റ് തടാകം മുതൽ മെക്സിക്കോ അതിർത്തിയിലെ റിയോ ഗ്രാൻഡെ വരെ വീശുന്ന ശീതക്കാറ്റ് യുഎസിലെ 60% പേരെയും ബാധിച്ചു. ഈ മേഖലയിൽ അന്തരീക്ഷമർദം വീണ്ടും കുറയുന്നത് കൊടുങ്കാറ്റു ശക്തിപ്പെടാനുള്ള സൂചനയാണെന്നാണു വിലയിരുത്തൽ.
English Summary: Bomb cyclone continues to batter US as death toll mounts