നാടുനടുങ്ങിയ നരബലി, കാമുകിയുടെ ‘വിഷ’ക്കഷായം; യുവതിയെ 35 കഷ്ണമാക്കിയ യുവാവ് - ക്രൈം@2022
Mail This Article
ദുർമന്ത്രവാദത്തിന്റെ പേരിൽ രണ്ടു സ്ത്രീകളെ ബലി കൊടുത്തതും കീടനാശിനി കലർത്തി കാമുകി നൽകിയ കഷായവും ജൂസും കുടിച്ച് യുവാവ് കൊല്ലപ്പെട്ടതുമായിരുന്നു മലയാളക്കരയെ 2022 ൽ നടുക്കിയ ക്രൈംവാർത്തകൾ. യുവതിയെ കൊന്നു 35 കഷ്ണമാക്കി മൂന്നാഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ആ ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടു ഡൽഹിയുടെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ച വാർത്തയാണ് ദേശീയതലത്തിൽ നടുക്കിയത്. ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പെൺപതിപ്പെന്ന് ബിസിനസ് ലോകം വാഴ്ത്തിയ ശതകോടീശ്വരി എലിസബത്ത് ഹോംസിനെ ഒറ്റത്തുള്ളിച്ചോരത്തട്ടിപ്പു കേസിൽ 11 വർഷം തടവുശിക്ഷ വിധിച്ചത് രാജ്യാന്തരതലത്തിലും ചർച്ചയായി. 2022 ൽ ലോകത്തെ നടുക്കിയ കുറ്റകൃത്യങ്ങളുടെ നിര നീണ്ടതാണ്. നാടിനെ നടുക്കിയ ചില കുറ്റകൃത്യങ്ങളിലെ കോടതി വിധിയും ഈ വർഷം വന്നു. അവയിൽ ചിലതിലൂടെ ഒരു ഫ്ലാഷ്ബാക്.
∙ ഞെട്ടിച്ച നരബലി
നരബലിക്കായി കൊച്ചിയിൽനിന്നു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം കേരളം കേട്ടത് നടുക്കത്തോടെയാണ്. സ്ത്രീകളെ കൊന്ന് കഷ്‍ണങ്ങളാക്കി കുഴിച്ചിട്ട കേസിൽ തിരുവല്ല സ്വദേശി ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവർ പിടിയിലായി.
ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയാണു ക്രൂരകൃത്യം ചെയ്തതെന്നാണ് ചോദ്യംചെയ്യലിൽ വെളിപ്പെട്ടത്. സമ്പദ് സമൃദ്ധിക്കുവേണ്ടി ഐശ്വര്യപൂജയ്ക്കിടെ സ്ത്രീകളെ തലയ്ക്കടിച്ചു വീഴ്ത്തി അതിക്രൂരമായി ശരീരഭാഗങ്ങൾ മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ലോട്ടറി വിൽപനക്കാരായ സ്ത്രീകളെ വശീകരിച്ചാണു തട്ടിക്കൊണ്ടു പോയത്. കടവന്ത്ര സ്റ്റേഷൻ പരിധിയിൽ പൊന്നുരുന്നി പഞ്ചവടി കോളനിയിൽനിന്നു കാണാതായ പത്മം (52), കാലടി സ്വദേശിനി റോസിലി (50) എന്നിവരാണു കൊല്ലപ്പെട്ടത്. പത്മത്തെ സെപ്റ്റംബർ 26നാണു കാണാതായത്. അതിനും ആറു മാസം മുൻപ് റോസിലിയെയും. ഇവരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ സിഗ്നൽ പത്തനംതിട്ടയിൽ അവസാനിച്ചതായി കണ്ടു. തുടർഅന്വേഷണത്തിലാണു നിഷ്ഠുര കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
∙ കഷായത്തിൽ വിഷം കലർത്തിയ കാമുകി
കീടനാശിനി കലർത്തിയ കഷായവും ജൂസും കുടിച്ച് യുവാവ് മരിച്ച സംഭവത്തിൽ കാമുകി അറസ്റ്റിലായ വാർത്തയും കേരളത്തെ ഞെട്ടിച്ചു. തിരുവനന്തപുരം മുര്യങ്കര ജെ.പി ഹൗസിൽ ജയരാജിന്റെ മകൻ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥി ജെ.പി ഷാരോൺരാജ് ഒക്ടോബർ 25ന് വൈകിട്ട് മരിച്ച സംഭവത്തിൽ കാമുകി ഗ്രീഷ്മയാണ് പിടിയിലായത്. ഒക്ടോബർ 14 ന് രാവിലെ ഷാരോൺരാജും സുഹൃത്ത് റെജിനും രാമവർമൻചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തിയിരുന്നു. റെജിനെ പുറത്ത് നിർത്തി ഷാരോൺ ഒറ്റയ്ക്കാണ് വീട്ടിലേക്ക് പോയത്. അൽപ സമയം കഴിഞ്ഞ് ഛർദ്ദിച്ച് അവശനിലയിൽ ഷാരോൺരാജ് പുറത്തെത്തി. ഗ്രീഷ്മ നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോടു പറഞ്ഞ ശേഷം വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
അടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയിലായി. 17ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനശേഷി കുറഞ്ഞതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളിൽ മിക്ക ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി. ഒൻപത് ദിവസത്തിനുള്ളിൽ അഞ്ച് തവണ ഡയാലിസിസ് നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വന്നു. പിന്നാലെ മരണവും.
ദിവസങ്ങൾക്കു ശേഷം പൊലീസ് പിടിയിലായ ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഷാരോണിന് കഷായത്തിൽ കീടനാശിനി കലക്കി നൽകിയതാണെന്നും മുൻപു ജൂസിൽ വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ കലർത്തി നൽകി അപായപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നും ഗ്രീഷ്മ വെളിപ്പെടുത്തിയത് കേസന്വേഷണത്തിൽ നിർണായകമായി. സാവധാനം വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്നു (സ്ലോ പോയിസണിങ്) ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. അങ്ങനെയാണു ചില വേദനസംഹാരി ഗുളികകൾ അമിതമായ അളവിൽ ഉള്ളിൽ ചെന്നാൽ വൃക്കകൾ തകരാറിലാകുമെന്നും അതു പിന്നീടു മരണത്തിലേക്കു നയിക്കുമെന്നും കണ്ടെത്തിയതെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തോടു പറഞ്ഞു.
∙ വിധിയുറപ്പിച്ച് ലാത്വിയൻ യുവതിയുടെ കൊലപാതകം
2018 ൽ ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഉമേഷിനും ഉദയകുമാറിനും ഇരട്ട ജീവപര്യന്തം വിധിച്ചതും ഈ വർഷമാണ്. ഇരുവരും ജീവിതാവസാനംവരെ തടവ് അനുഭവിക്കണമെന്നായിരുന്നു കോടതി വിധി. വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ബന്ധുവും സുഹൃത്തുമായ ഉദയകുമാർ (24) എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം അഡി.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഒന്നാം പ്രതി ഉമേഷും രണ്ടാം പ്രതി ഉദയകുമാറും 1.25 ലക്ഷം രൂപ വീതം പിഴയടയ്ക്കണം. പിഴത്തുക കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിക്കു നൽകണമെന്നും കോടതി വിധിച്ചു.
ആയുർവേദ ചികിൽസയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ യുവതിയെ 2018 മാർച്ച് 14നാണ് കാണാതായത്. കടുത്ത വിഷാദരോഗത്തെ തുടർന്നാണ് യുവതിയെ സഹോദരി ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്. മാർച്ച് 14നു രാവിലെ ഒൻപതിനു പതിവു നടത്തത്തിനിറങ്ങിയ യുവതിയെ കാണാതാകുകയായിരുന്നു. ചൂണ്ടയിടാൻ പോയ യുവാക്കളാണ് ഒരുമാസത്തിനുശേഷം അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. ഡിഎൻഎ പരിശോധനയിലൂടെ,മരിച്ചതു വിദേശവനിതയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമീപത്ത് ചീട്ടുകളിച്ചിരുന്ന ആളുകളാണ് പ്രതികളെക്കുറിച്ചു സൂചന നൽകിയത്.
കോവളം ബീച്ചിൽനിന്നു വാഴമുട്ടത്തെ കണ്ടൽക്കാടിന് അടുത്തുള്ള ക്ഷേത്ര ഓഡിറ്റോറിയം വരെ നടന്നെത്തിയ വനിതയെ ടൂറിസ്റ്റ് ഗൈഡ് എന്ന വ്യാജേന ഉമേഷ് കെണിയിൽ വീഴ്ത്തിയെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തായ ഉദയനുമൊത്തു യുവതിക്കു ലഹരി മരുന്നു നൽകി കാട്ടിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്തു. വൈകിട്ടു ബോധം വീണ്ടെടുത്ത യുവതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നാണു പൊലീസ് ഭാഷ്യം. ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ മൃതദേഹം സമീപത്തുള്ള മരത്തിൽ കാട്ടുവള്ളി ഉപയോഗിച്ചു കെട്ടിത്തൂക്കി.
∙ കാമുകിയെ കൊന്നു കഷ്ണങ്ങളാക്കി, ഫ്രിജിലാക്കി
കാമുകി ശ്രദ്ധ വാൽക്കറിനെ (29) ക്രൂരമായി ഇല്ലാതാക്കിയ പ്രതി മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാലയെ (28) അറസ്റ്റ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. മെഹ്റോളിയിൽ മേയിലായിരുന്നു കൊലപാതകം. യുവതിയെ കൊന്നു 35 കഷ്ണങ്ങളായി മുറിച്ച് 3 ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു ഡൽഹിയുടെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. മകളെ കാണാനില്ലെന്നു ശ്രദ്ധയുടെ പിതാവ് വികാശ് മദൻ വാൽക്കർ നൽകിയ പരാതിയിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മുംബൈയിലെ കോൾ സെന്ററിൽ ജോലി ചെയ്യുമ്പോൾ, ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. കുടുംബങ്ങൾ ബന്ധം അംഗീകരിക്കാതെ വന്നതോടെ ഈ വർഷമാദ്യം ഇവർ ഡൽഹിയിലേക്കു താമസം മാറ്റി. വിവാഹം കഴിക്കാൻ ശ്രദ്ധ പതിവായി അഫ്താബിനെ നിർബന്ധിച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മേയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായ ദിവസമാണ് അഫ്താബ് ശ്രദ്ധയെ കൊന്നത്. മൃതദേഹം സൂക്ഷിക്കാൻ 300 ലീറ്ററിന്റെ പുതിയ റഫ്രിജറേറ്റർ അഫ്താബ് വാങ്ങി. ദുർഗന്ധം ഒഴിവാക്കാൻ ചന്ദനത്തിരികളും റൂം ഫ്രഷ്നറുകളും ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു. അഫ്താബ് കൊലപാതക രീതിയും അതിനുശേഷവും ചെയ്യേണ്ട കാര്യങ്ങളും ഇന്റർനെറ്റിൽനിന്നാണു പഠിച്ചത്.
∙ രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനം
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയും ഭർത്താവ് ശ്രീഹരനും ഉൾപ്പെടെ ശേഷിക്കുന്ന 6 പേരെയും ജയിലിൽ നിന്ന് മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്കു പല ഘട്ടങ്ങളിലായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിൽ ഇളവു നൽകിയാണ് മോചിപ്പിച്ചത്. നളിനിക്കു പുറമേ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ആർ.പി.രവിചന്ദ്രൻ, റോബർട്ട് പയസ്, എസ്.രാജയെന്ന ശാന്തൻ, ജയകുമാർ എന്നിവരാണ് 23 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞത്. സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്കുള്ള പ്രത്യേകാധികാരം (ഭരണഘടനയുടെ 142-ാം വകുപ്പ്) പ്രയോഗിച്ച് ഇതേ കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ മേയിൽ മോചിപ്പിച്ചിരുന്നു. ഇതാണ് ശേഷിച്ച 6 പേർക്കും തുണയായത്.
മറ്റു കേസുകളിൽ ആവശ്യമില്ലെങ്കിൽ എല്ലാവരെയും മോചിതരാക്കാനാണ് ജഡ്ജിമാരായ ബി.ആർ.ഗവായ്, ബി.വി.നാഗരത്ന എന്നിവരുടെ ഉത്തരവ്. 2021 ഡിസംബർ മുതൽ പരോളിലായിരുന്ന നളിനിയും രവിചന്ദ്രനും പേരറിവാളന്റെ മോചനത്തിനു പിന്നാലെയാണ് ആദ്യം മദ്രാസ് ഹൈക്കോടതിയെയും പിന്നീടു സുപ്രീം കോടതിയെയും സമീപിച്ചത്. ഇവർക്കു പിന്നാലെ, ജയിലിലുള്ള മറ്റു 4 പ്രതികളും ഹർജി നൽകുകയായിരുന്നു.
∙ 34 വർഷം മുൻപുള്ള കേസ്: സിദ്ദുവിന് ഒരു വർഷം തടവ്
കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിനിടെ 1988ൽ ഗുർണാം സിങ് എന്നയാളെ അക്രമിച്ച കേസിൽ, കോൺഗ്രസ് നേതാവും ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദുവിന്റെ (58) ശിക്ഷ സുപ്രീം കോടതി ഒരു വർഷം തടവും 1000 രൂപ പിഴയുമായി വർധിപ്പിച്ചു. മർദനത്തിൽ പരുക്കേറ്റ ഗുർണാം സിങ് (65) ആശുപത്രിയിലാണു മരിച്ചത്. നേരത്തേ പഞ്ചാബ്-ഹരിയാന ഹൈക്കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ച കേസാണിത്. 2018ൽ 1000 രൂപ മാത്രം പിഴ വിധിച്ച് ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു. തുടർന്നു ഗുർണാം സിങ്ങിന്റെ കുടുംബാംഗങ്ങൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷം തടവു കൂടി വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 324-ാം വകുപ്പ് (പരുക്കേൽപിക്കൽ) പ്രകാരമുള്ള പരമാവധി ശിക്ഷയാണിത്. 1000 രൂപ പിഴത്തുക നേരത്തേ അടച്ചിരുന്നു.
അതേസമയം, കൊലക്കുറ്റം ചുമത്തണമെന്ന പുനഃപരിശോധനാ ഹർജിയിലെ ആവശ്യം ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സഞ്ജയ് കിഷൻ കൗൾ എന്നിവരുടെ ബെഞ്ച് തള്ളി. കൊല്ലാനുള്ള ഉദ്ദേശ്യമില്ലായിരുന്നുവെന്നും അതിനാൽ ഹർജി തള്ളണമെന്നുമായിരുന്നു സിദ്ദുവിന്റെ വാദം.
∙ വിരലിലെ തൊലി നീക്കി കൂട്ടുകാരന് വച്ചു, ഒടുവിൽ പിടിവീണു
റെയിൽവേയിൽ ജോലി ലഭിക്കാനായി ഉദ്യോഗാർഥി നടത്തിയ തട്ടിപ്പ് പദ്ധതി പൊളിഞ്ഞു. ഇരുവരും അറസ്റ്റിലായെങ്കിലും വിചിത്രമായ തട്ടിപ്പുബുദ്ധി അധികൃതരെയും നടുക്കി. ബയോമെട്രിക് പരിശോധനയിൽ കടന്നുകൂടാൻ തന്റെ കൈവിരലിലെ തൊലിയെടുത്ത് കൂട്ടുകാരനായ രാജ്യഗുരു ഗുപ്തയുടെ വിരലിൽ വച്ചുപിടിപ്പിക്കുകയാണ് ഉദ്യോഗാർഥിയായ മനീഷ് കുമാർ ചെയ്തത്. സമർഥനായ രാജ്യഗുരു പരീക്ഷയെഴുതിയാൽ തനിക്കു ജോലി ഉറപ്പാണെന്നു മനീഷ് കണക്കുകൂട്ടി.
ബയോമെട്രിക് പരിശോധനയിൽ വിരലടയാളം ശരിയാകാത്തതുമൂലം രാജ്യഗുരുവിനെ ഗേറ്റിൽ തടഞ്ഞു. സംശയം തോന്നിയ ഇൻവിജിലേറ്റർ വിരൽ പരിശോധിച്ചപ്പോൾ, വച്ചുപിടിപ്പിച്ച തൊലി അടർന്നുവീണു. ചൂടാക്കിയ പാത്രത്തിൽ വിരൽവച്ചു പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേർപെടുത്തിയത്. ഗുജറാത്തിലെ ലക്ഷ്മിപുരയിൽ നടത്തിയ റെയിൽവേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് നടത്താൻ ഇവർ ശ്രമിച്ചത്.
∙ സൽമാനെതിരെ വധശ്രമം; സംഘത്തിൽ ഷാർപ് ഷൂട്ടറും
നടൻ സൽമാൻ ഖാനെ വധിക്കാൻ പദ്ധതിയിട്ട ഗുണ്ടാസംഘം മുംബൈ പൻവേലിനടുത്തുള്ള നടന്റെ ഫാം ഹൗസിനു സമീപം വീട് വാടകയ്ക്ക് എടുത്തു താമസിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. പഞ്ചാബി ഗായകനും കോൺഗ്രസ് യുവനേതാവുമായ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ ലോറൻസ് ബിഷ്ണോയ് സംഘം സൽമാനെയും ലക്ഷ്യമിട്ടിരുന്നതായി മൂസാവാല കേസിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണു പൊലീസിനു വിവരം ലഭിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കുന്നയാൾ ഉൾപ്പെടെയുള്ള സംഘം നടന്റെ ഫാം ഹൗസിനടുത്ത് ഒന്നരമാസം താമസിച്ചു.
ഫാം ഹൗസിലേക്കുളള റോഡിൽ സൽമാന്റെ കാർ പതിയെയാണ് സഞ്ചരിക്കാറുള്ളതെന്നും അധികം അംഗരക്ഷകർ ഉണ്ടാകാറില്ലെന്നും മനസ്സിലാക്കി ഇവർ കണക്കുകൂട്ടലുകൾ നടത്തി. ഫാം ഹൗസിലെ സുരക്ഷാജീവനക്കാരുമായി സൽമാന്റെ ആരാധകരെന്ന പേരിൽ ഇവർ സൗഹൃദം സ്ഥാപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. വർഷങ്ങൾക്കു മുൻപ് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതാണു സൽമാനോടുള്ള പകയ്ക്ക് കാരണമെന്നാണു സംഘത്തിന്റെ മൊഴി. ബിഷ്ണോയ് സമുദായത്തിന്റെ പവിത്രമൃഗമാണിത്. 2018ലും സൽമാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് പറഞ്ഞു.
∙ റുഷ്ദിയ്ക്കു നേരെ വധശ്രമം
ന്യൂയോര്‍ക്കിലെ പൊതുചടങ്ങിനിടെ ഇന്ത്യൻ വംശജനായ പ്രശസ്ത നോവലിസ്റ്റ് സൽമാൻ റുഷ്ദി(75)യ്ക്കു നേരെ വധശ്രമമുണ്ടായ വാർത്ത രാജ്യാന്തരതലത്തിൽ ശ്രദ്ധനേടി. ഓഗസ്റ്റ് 12ന് ന്യൂയോർക്കിലെ ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്സി സ്വദേശിയായ ഹാദി മതാർ (24) സ്റ്റേജിൽ കയറി കുത്തിവീഴ്ത്തുകയായിരുന്നു. കഴുത്തിന് 3 കുത്തും നെഞ്ചിൽ 15 മുറിവുമേറ്റു. അക്രമിയെ കാണികൾ പിടികൂടി പൊലീസിൽ എൽപിച്ചു.
ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ റുഷ്ദി ആക്രമണത്തെ അതിജീവിച്ചെങ്കിലും ഒരു കണ്ണിന്റെ കാഴ്ചയും ഒരു കയ്യുടെ സ്വാധീനവും നഷ്ടപ്പെട്ടു. ‘സാത്താനിക് വേഴ്സസ്’ എന്ന റുഷ്ദിയുടെ നോവലിൽ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാൻ 1989 ൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടർന്ന് 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ റുഷ്ദി, സമീപവർഷങ്ങളിലാണു പൊതുജീവിതത്തിലേക്കു തിരിച്ചെത്തിയത്.
∙ മഹ്സയുടെ ദുരൂഹമരണം, ഇറാനിലെ പ്രക്ഷോഭം
നിർബന്ധിത ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്‌ത യുവതി മരിച്ച സംഭവത്തിൽ ഇറാനിൽ വൻ പ്രതിഷേധമുണ്ടായതും ഈ വർഷം വാർത്തകളിൽ ഇടം നേടി. സഗേസിൽ നിന്നുള്ള 22 വയസ്സുകാരി മഹ്‌സ അമിനിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത്. ഇറാനിലെ ‘സദാചാര പോലീസ്’ ആയ 'ഗഷ്‌തെ ഇര്‍ഷാദ് (ഗൈഡന്‍സ് പട്രോള്‍) അറസ്റ്റ് ചെയ്‌ത മഹ്‌സയെ ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റുന്നതിനിടെ പൊലീസ് വാനിൽ ക്രൂര മർദനത്തിന് ഇരയായെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ആക്രമണത്തിനു പിന്നാലെ കോമയിലായ യുവതിക്ക് ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നുവെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പുവരുത്തുക എന്നതാണ് ഗൈഡന്‍സ് പട്രോളിന്റെ ചുമതല. പ്രക്ഷോഭത്തിൽ പങ്കെടുത്ത മൊഹ്സെൻ ഷെക്കാരി, മജിദ്റെസ റഹ്നാവാദ് എന്നിവരെ പരസ്യമായി തൂക്കിക്കൊന്നു. രഹസ്യവിചാരണ നടത്തി 12 പേർക്കെങ്കിലും വധശിക്ഷ വിധിച്ചതായാണ് പൗരാവകാശ സംഘടനകൾ ആരോപിക്കുന്നത്. പ്രക്ഷോഭത്തിന്റെ ചൂട് ഇറാനിൽ അടങ്ങിയിട്ടില്ല.
∙ ലോക്കർബീ വിമാനസ്ഫോടനം: ബോംബ് നിർമിച്ച ഗദ്ദാഫി വിശ്വസ്തൻ കസ്റ്റഡിയിൽ
സ്കോട്‍ലൻഡിലെ ലോക്കർബീക്കു മീതേ പറക്കുകയായിരുന്ന പാൻ അമേരിക്കൻ വിമാനം തകർക്കാനുപയോഗിച്ച ബോംബ് നിർമിച്ച ലിബിയക്കാരൻ യുഎസ് കസ്റ്റഡിയിലായി. ലിബിയൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫിയുടെ വിശ്വസ്തനായ ബോംബ് നിർമാണവിദഗ്ധൻ അബു അഗില മസൂദ് വിമാനദുരന്തം നടന്ന് 34 കൊല്ലത്തിനു ശേഷമാണ് കേസിൽ പിടിയിലാകുന്നത്. 1988 ഡിസംബർ 21ന് ലണ്ടനിൽനിന്നു ന്യൂയോർക്കിലേക്കു പറക്കുകയായിരുന്ന ബോയിങ് 747 വിമാനം സ്ഫോടനത്തിൽ തകർന്നുവീണു യാത്രക്കാരും പ്രദേശവാസികളും ഉൾപ്പെടെ 270 പേരാണു മരിച്ചത്. രണ്ടു വർഷം മുൻപാണു മസൂദിനെതിരെ കുറ്റം ചുമത്തി, വിചാരണയ്ക്കായി വിട്ടു കിട്ടാനുള്ള ശ്രമം യുഎസ് ആരംഭിച്ചത്. ലിബിയയിൽ മസൂദിനെ സായുധ സംഘടന തട്ടിക്കൊണ്ടു പോയതായി വാർത്തകളുണ്ടായിരുന്നു.
ലിബിയയിൽ നിഗൂഢകഥാപാത്രമായ ഈ സാങ്കേതിക വിദഗ്ധൻ, ഗദ്ദാഫിയുടെ പുറത്താക്കലിലേക്കു നയിച്ച 2011ലെ പ്രതിഷേധങ്ങളിലും പങ്കാളിയായിരുന്നെന്നു കണ്ടെത്തിയതിനെ തുടർന്നു തടവിലായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ലോക്കർബീ കേസിൽ ആദ്യഘട്ട അന്വേഷണത്തിൽ ഉൾപ്പെട്ടിരുന്നതാണ്. ലിബിയൻ അധികൃതരോടു മസൂദ് നടത്തിയ കുറ്റസമ്മതത്തിന്റെ പകർപ്പു ലഭിച്ചതാണ് യുഎസ് അന്വേഷണത്തിൽ വഴിത്തിരിവായത്.
വിമാനത്തിൽ ബോംബ് വച്ചതിന് 2001ൽ ശിക്ഷിക്കപ്പെട്ട ലിബിയൻ ചാരസംഘടനാ ഓഫിസർ അബ്‌ദുൽ ബാസിത് അൽ മെഗ്രാഹിയെ അർബുദരോഗിയെന്ന പരിഗണന നൽകി സ്കോട്‌ലൻഡ് സർക്കാർ 2009ൽ മോചിപ്പിച്ചിരുന്നു. മൂന്നു വർഷത്തിനു ശേഷം ഇദ്ദേഹം ലിബിയയിലെ ട്രിപ്പോളിയിലുള്ള വീട്ടിൽ മരിച്ചു. ലിബിയയിൽ യുഎസ് നടത്തിയ ബോംബാക്രമണങ്ങൾക്കു പ്രതികാരമായി ഗദ്ദാഫിയുടെ ചാരന്മാർ ആസൂത്രണം ചെയ്തതായിരുന്നു ലോക്കർബീ ദുരന്തമെന്നാണ് ബ്രിട്ടിഷ് അധികൃതരുടെ അനുമാനം. വിമാനസ്ഫോടനത്തിൽ മരിച്ചവരിൽ 189 പേർ അമേരിക്കക്കാരാണ്. 7 ഇന്ത്യക്കാരുമുണ്ടായിരുന്നു.
∙ ഒറ്റത്തുള്ളിച്ചോരത്തട്ടിപ്പ്: ശതകോടീശ്വരി ഇനി തടവറയിൽ
ഒറ്റത്തുള്ളിച്ചോരയിൽനിന്ന് അർബുദമടക്കമുള്ള രോഗങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് തെറ്റിദ്ധരിപ്പിച്ച് തെറാനോസ് എന്ന കമ്പനിയിലൂടെ ലോകത്തെ മുഴുവൻ കബളിപ്പിച്ച എലിസബത്ത് ഹോംസിന് കലിഫോർണിയ ഡിസ്ട്രിക്ട് കോടതി 11 വർഷം തടവുശിക്ഷ വിധിച്ചു. നിക്ഷേപകരെയടക്കം വഞ്ചിച്ച ഹോംസ് (38) കുറ്റക്കാരിയാണെന്നു കോടതി നേരത്തേ കണ്ടെത്തിയിരുന്നു. സിലിക്കൺവാലിയിലെ പ്രമുഖ കമ്പനിയുടെ സിഇഒയും ശതകോടീശ്വരിയുമാണ് ഹോംസിനെ, ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ പെൺപതിപ്പെന്ന് ബിസിനസ് ലോകം വാഴ്ത്തിയിരുന്നു.
യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ശതകോടീശ്വരി (വ്യക്തിഗത ആസ്തി 450 കോടി ഡോളർ– 36,675 കോടി രൂപ) എന്നു ഫോബ്സ് മാസിക വിശേഷിപ്പിച്ച ഹോംസ് ലോകത്തെ മാറ്റിമറിക്കുന്ന ശാസ്ത്രകണ്ടുപിടിത്തമെന്ന മട്ടിൽ അവതരിപ്പിച്ച് പറ്റിച്ചത് വമ്പൻ നിക്ഷേപകരുൾപ്പെടെയുള്ളവരെയാണ്. വ്യാജ മെഡിക്കൽ റിപ്പോർട്ടിലൂടെ ആയിരക്കണക്കിനു രോഗികളെയും ഹോംസ് കബളിപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഒറ്റത്തുള്ളി രക്തത്തിൽനിന്ന് കൊളസ്ട്രോൾ മുതൽ അർബുദം വരെ കണ്ടുപിടിക്കാൻ കഴിയുന്ന 240 പരിശോധനകളാണ് തെറാനോസ് മുന്നോട്ടുവച്ചത്.
എഡിസൻ മെഷീൻ എന്ന പരിശോധനയാണ് തെറാനോസ് അവതരിപ്പിച്ചത്. എന്നാൽ, പരിശോധനാ ഫലങ്ങൾ മിക്കതും തെറ്റായിരുന്നു. വോൾസ്ട്രീറ്റ് ജേണൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു വെളിച്ചത്തായത്. കോടിക്കണക്കിനു ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനി കള്ളിവെളിച്ചത്തായപ്പോൾ വട്ടപ്പൂജ്യമായി. 2018 ൽ പൂട്ടി. 90 കോടി ഡോളറാണ് (7336 കോടി രൂപയിലേറെ) കമ്പനി നിക്ഷേപകരിൽനിന്നു സ്വന്തമാക്കിയത്. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിച്ചാണ് എലിസബത്ത് 2003 ൽ 19–ാം വയസ്സിൽ തെറാനോസ് ആരംഭിച്ചത്. ഗർഭിണിയായ എലിസബത്ത് ഹോംസ് കോടതിയോട് മാപ്പിരന്നു. കടുത്ത കുറ്റബോധമുണ്ടെന്നും കബളിപ്പിച്ചവരുടെ വേദന മനസ്സിലാക്കുന്നുവെന്നും പറഞ്ഞു.
∙ അമേരിക്കൻ ‘സുകുമാരക്കുറുപ്പ്’ സ്കോട്‌ലൻഡിൽ പിടിയിൽ
കേസുകളിൽനിന്നു രക്ഷപ്പെടാൻ സ്വന്തം ചരമവാർത്ത പ്രസിദ്ധീകരിച്ചു രാജ്യംവിട്ട അമേരിക്കൻ യുവാവ് സ്കോട്‍ലൻഡിൽ ജയിലിലായി. സ്ത്രീപീഡനം, സാമ്പത്തികത്തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളിൽ യുഎസിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിയായ നിക്കോളാസ് അലവെർദിയൻ (34) പല പേരിൽ സ്കോട്‍ലൻഡിൽ കഴിയുകയായിരുന്നു.
യുഎസിൽ കേസുകളിൽ കുടുങ്ങിയതോടെ, താൻ ഗുരുതര രോഗബാധിതനാണെന്ന് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞ നിക്കോളാസ്, 2020 ഫെബ്രുവരി 29ന് ഓൺലൈനിൽ തന്റെ ചരമക്കുറിപ്പും പ്രസിദ്ധീകരിച്ചു. ഇതു തട്ടിപ്പാണെന്ന് പൊലീസിനു സംശയമുണ്ടായിരുന്നു. തുടർന്നു യുഎസിൽനിന്നു സ്കോട്‌ലൻഡിലേക്കു മുങ്ങിയ കക്ഷി ഡിസംബറിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ പിടിയിലാകുകയായിരുന്നു.
∙ റഷ്യയിൽ 6 മാസത്തിനിടെ പത്തോളം എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങൾ
യുക്രെയ്നിൽ റഷ്യ സൈനികമായി ഇടപെട്ടതിനെ തുടർന്ന് രാജ്യത്തെ എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങൾ വർധിച്ചു. ആറു മാസങ്ങൾക്കിടെ പത്തോളം പേരാണ് കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തത്. റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ ചെയർമാൻ റവിൽ മഗനോവിനെ (67) ആശുപത്രി ജനാലയിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. 1993 ൽ ലുക്കോയിലിൽ സേവനം ആരംഭിച്ച മഗനോവ് 2020 ൽ ചെയർമാനായി.
ഫെബ്രുവരിയിൽ റഷ്യൻ സൈന്യം യുക്രെയ്നിൽ ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് ഗാസ്പ്രോം എക്സിക്യൂട്ടീവ് അലക്സാണ്ടർ ട്യുലക്കോവ് സെന്റ് പീറ്റേഴ്സ്ബർഗിലെ ഗാരിഷിൽ മരിച്ച നിലയിൽ കാണപ്പെട്ടു. നൊവാടെക്കിന്റെ മുൻ ഉന്നതൻ സെർജി പ്രോട്ടോസെന്യയും ഭാര്യയും മകളും ഏപ്രിലിൽ സ്പെയിനിലെ വില്ലയിൽ മരിച്ചു. ലുക്കോയിൽ മാനേജർ അലക്സാണ്ടർ സുബോട്ടിൻ മോസ്കോയിലെ വീടിന്റെ ബേസ്മെന്റിൽ മരിച്ചുകിടക്കുന്നതായി കണ്ടത് മേയിലാണ്. ആ മാസം തന്നെ ഗാസ്പ്രോംബാങ്ക് മുൻ വൈസ് പ്രസിഡന്റ് വ്ലഡിസ്ലാവ് അവയേവ് വീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടു.
∙ കാമുകിയെ ജാമ്യത്തിലിറക്കാൻ മോഷണത്തിനിടെ ഇരട്ടക്കൊല: പ്രതിക്കു വധശിക്ഷ
21 വർഷം മുൻപ് നടന്ന ഇരട്ടക്കൊലപാതകത്തിലെ പ്രതി ഡോണാൾഡ് ഗ്രാന്റിന്റെ (46) വധശിക്ഷ ജനുവരി 27 ന് ഒക്‌ലഹോമയിൽ യുഎസ് നടപ്പാക്കി. 2022 ലെ, രാജ്യത്തെ ആദ്യ വധശിക്ഷയായിരുന്നു ഇത്. വിഷമിശ്രിതം കുത്തിവച്ചായിരുന്നു വധശിക്ഷ.
ജയിലിൽ കഴിയുകയായിരുന്ന കാമുകിയെ ജാമ്യത്തിലിറക്കാനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയാണ് 2001 ൽ 25 വയസ്സ് പ്രായമുണ്ടായിരുന്ന ഡോണാൾഡ് മോഷണത്തിനിറങ്ങിയത്. ഹോട്ടലിൽ മോഷണശ്രമം തടയാൻ ശ്രമിച്ച രണ്ടു ജീവനക്കാർക്കു നേരേ പ്രതി വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് ജീവനക്കാരിലൊരാൾ തല്‍ക്ഷണം മരിച്ചു. രണ്ടാമനെ കത്തി കൊണ്ട് കുത്തി മരണം ഉറപ്പു വരുത്തി.
∙ ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീന വെടിയേറ്റു മരിച്ചു
ബ്രസീലിയൻ ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സര്‍ നുബിയ ക്രിസ്റ്റീന ബ്രാഗ(23)യെ വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നു.
ഒക്ടോബർ 14 ന് രാത്രി ബ്രസീലിലെ സെർഗിപെ സംസ്ഥാനത്തിലെ അറക്കാജുവിൽ സാന്താ മരിയയ്ക്ക് സമീപമുള്ള വീട്ടിലാണ് നുബിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബ്രസീലിലെ അറിയപ്പെടുന്ന ഇൻസ്റ്റഗ്രാം ഇൻഫ്ലുവന്‍സറായ ക്രിസ്റ്റീനയ്ക്ക് 60,000 ത്തോളം ഇൻസ്റ്റഗ്രാം ഫോളോവേഴ്‍സ് ഉണ്ട്.
∙ ഇൻസ്റ്റഗ്രാം വൈറൽ താരം കിലി പോളിനു നേരെ ആക്രമണം
ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായ ടാന്‍സാനിയന്‍ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ആക്രമണത്തെ കുറിച്ച് കിലി വിവരിച്ചത്. കിലി ആശുപത്രിയില്‍ കിടക്കുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്.
‘‘അഞ്ച് പേര്‍ ചേര്‍ന്ന് എന്നെ ആക്രമിച്ചു. വലതുകയ്യില്‍ കത്തികൊണ്ട് പരുക്കേറ്റു അഞ്ച് തുന്നലുകളിട്ടു. എന്നെ വടികൊണ്ട് അടിച്ചു. പക്ഷേ ദൈവത്തിന് നന്ദി. രണ്ട് പേരെ അടിച്ചതിനു ശേഷം ഞാൻ സ്വയം പ്രതിരോധിച്ചു. അവർ ഓടിപ്പോയെങ്കിലും എനിക്ക് പരുക്കേറ്റു. എനിക്ക് വേണ്ടി പ്രാർഥിക്കണം.’’- കിലി കുറിച്ചു.
∙ കാമുകിക്ക് ഉൾപ്പെടെ രഹസ്യവിവരം കൈമാറി, നേടിയത് 7.5 കോടി
ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയർ കമ്പനിയുടെ ഓഹരിവില വർധിക്കുമെന്നു മുൻകൂട്ടി കണ്ട്, രഹസ്യ വിവരങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചോർത്തി നൽകി തട്ടിപ്പു നടത്തിയ 7 ഇന്ത്യക്കാർക്കെതിരെ യുഎസിൽ കേസ്.
ഇത്തരത്തിൽ ‘ഇൻസൈഡർ ട്രേഡിങ്’ നടത്തി ഇവർ ഏഴരക്കോടി രൂപയോളം സമ്പാദിച്ചുവെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ കണ്ടെത്തിയതോടെയാണ് നടപടി.
സാൻഫ്രാൻസിസ്കോയിലെ ട്വിലിയോ എന്ന കമ്പനിയിൽ ജോലി ചെയ്യുന്ന ഹരിപ്രസാദ് സുരേ, ലോകേഷ് ലഗുഡു, ചോട്ടു പ്രഭു തേജ് പുളകം എന്നീ സുഹൃത്തുക്കളാണ് തട്ടിപ്പിനു ചുക്കാൻ പിടിച്ചത്.
Content Highlight: Major crimes in 2022 - Year Ender