ADVERTISEMENT

കൊച്ചി ∙ വോട്ടർ‌മാരുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് സംഘടിപ്പിക്കുന്ന സംഘം സജീവമാകുന്നതായി സൂചന. വോട്ടർ‌മാർ‌ അറിയാതെ, അവരുടെ മൊബൈൽ നമ്പർ നൽകിയാണ് തട്ടിപ്പുകാർ തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കുന്നത്. ഇത്തരമൊരു അപേക്ഷ ലഭിച്ചതായി നാഷനൽ വോട്ടേഴ്സ് സർവീസസ് പോർട്ടലിൽ നിന്ന് അങ്കമാലി സ്വദേശി വിമലിന് എസ്എംഎസ് ലഭിച്ചതോടെയാണ് തട്ടിപ്പിനെപ്പറ്റി സൂചന ലഭിച്ചത്.

തന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് രണ്ട് തിരിച്ചറിയൽ കാർഡുകൾക്ക് അപേക്ഷ നൽകിയതായാണ് വിമലിനു സന്ദേശം ലഭിച്ചത്. ആദ്യ സന്ദേശം വന്നപ്പോൾ, അബദ്ധത്തിൽ സംഭവിച്ചതാകാം എന്നു കരുതി അവഗണിച്ചെങ്കിലും വീണ്ടും സന്ദേശം വന്നതോടെ ഗൗരവമായി എടുക്കുകയായിരുന്നു.

നാഷനൽ വോട്ടേഴ്സ് സർവീസസ് പോർട്ടലിൽ പരിശോധിച്ചപ്പോൾ കണ്ണൂരിൽ നിന്നുള്ള ഒരു വിലാസത്തിൽ തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയതായി കണ്ടു. രണ്ടാമത്തെ സന്ദേശം പരിശോധിച്ചപ്പോഴും കണ്ണൂരിലെ വിലാസത്തിൽത്തന്നെ അപേക്ഷിച്ചതായാണ് കണ്ടത്. ഇതോടെ, ഇന്റർനെറ്റിൽനിന്നു ലഭിച്ച ഔദ്യോഗിക നമ്പരിലേക്കു വിളിച്ചപ്പോൾ, കലക്ടറാണ് എന്നു പരിചയപ്പെടുത്തിയ ആളാണ് ഫോൺ എടുത്തതെന്നും വിവരം പറഞ്ഞപ്പോൾ പരാതി നൽകാൻ നിർദേശിച്ചു ഫോൺ വച്ചെന്നും വിമൽ പറയുന്നു.

താൻ തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകാതിരുന്നിട്ടും നാഷനൽ വോട്ടേഴ്സ് പോർട്ടലിൽനിന്ന് ഒന്നിലേറെ തവണ സന്ദേശം വന്നത് മനപ്പൂർവം ചെയ്തതാകാമെന്നാണ് വിമൽ പറയുന്നത്. ഇതുവരെയും പരാതി നൽകിയിട്ടില്ലെന്നും മറ്റാർക്കെങ്കിലും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ അവർക്കൊപ്പം പരാതി നൽകാൻ തയാറാണെന്നും വിമൽ അറിയിച്ചു.

English Summary: Suspected Fake voters ID created using strange mobile numbers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com