ഇന്ത്യൻ സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്ന ആരോപണവുമായി ഉസ്ബെക്കിസ്ഥാനും; പരിശോധിക്കാന്‍ കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ഗാംബിയയ്ക്കു പിന്നാലെ, ഇന്ത്യൻ നിർമിത കഫ് സിറപ്പിനെപ്പറ്റി പരാതിയുമായി ഉസ്ബെക്കിസ്ഥാനും. ഇന്ത്യൻ കഫ് സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്‍ബെക്കിസ്ഥാന്റെ ആരോപണം. നോയിഡ ആസ്ഥാനമായുള്ള മാരിയോണ്‍ ബയോടെക് നിർമിച്ച ഡോക്–1 മാക്സ് കഴിച്ചവർക്കാണു പ്രശ്നമെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ആരോപണം പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് (ഡിസിജിഐ) നിര്‍ദേശം നല്‍കി. മരുന്നുനിര്‍മാണം സംബന്ധിച്ച് സര്‍ക്കാരിന്റെ വീമ്പിളക്കല്‍ അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മരുന്നു കമ്പനിയായ മാരിയോണ്‍ ബയോടെക്കില്‍നിന്ന് ഡിസിജിഐ റിപ്പോര്‍ട്ട് തേടി.
ലാബ് പരിശോധനയിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷപദാർഥത്തിന്റെ സാന്നിധ്യം കഫ് സിറപ്പിൽ കണ്ടെത്തിയെന്നും ആരോപണമുണ്ട്. ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ രക്ഷിതാക്കൾ സ്വന്തം നിലയ്ക്കു മരുന്നു വാങ്ങി കുട്ടികൾക്കു കൊടുത്തതാണു പ്രശ്നമായതെന്നാണു സൂചന. കുട്ടികളുടെ മരണത്തെത്തുടർന്നു ‘ഡോക്–1 മാക്സ്’ ടാബ്‍ലെറ്റും സിറപ്പും രാജ്യത്തെ എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ ജോലിയിൽനിന്നു പിരിച്ചുവിട്ടെന്നും ഉസ്‌ബെക്കിസ്ഥാൻ അറിയിച്ചു. ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഗാംബിയയിൽ 66 കുട്ടികൾ വൃക്കരോഗം ബാധിച്ചു മരിച്ചതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സംശയം പ്രകടിപ്പിച്ച 4 കഫ് സിറപ്പുകൾക്കെതിരെ നേരത്തേ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹരിയാന ആസ്ഥാനമായ ‘മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്’ നിർമിക്കുന്ന കഫ് സിറപ്പുകൾക്കെതിരെയാണ് അന്വേഷണം.
പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നീ കഫ് സിറപ്പുകളാണ് സംശയനിഴലിലുള്ളത്. ഈ കഫ് സിറപ്പുകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) മുന്നറിയിപ്പു നൽകിയിരുന്നു.
English Summary: Uzbekistan Says 18 Children Deaths Linked To India-Made Syrup, Probe On