നെതന്യാഹുവിന്റെ ചിറകൊടിക്കാൻ മതയാഥാസ്ഥിതിക സഖ്യം; ഇസ്രയേലിൽ ഇനി സംഘർഷകാലം?
Mail This Article
‘‘അടുത്ത സർക്കാർ എല്ലാ ഇസ്രയേല്‍ പൗരന്മാര്‍ക്കും വേണ്ടിയുള്ളതാവണം. ആ സർക്കാരിനു വോട്ടു ചെയ്തവർക്കും പിന്തുണച്ചവർക്കും മാത്രമല്ല, അതിനെതിരെ നിലകൊള്ളുന്നവർക്കും കൂടിയുള്ളതാവണം അടുത്ത സർക്കാർ’’, ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ബെഞ്ചമിൻ നെതന്യാഹു പുതിയ സർക്കാരുണ്ടാക്കുന്നതിന് തൊട്ടുമുൻപ് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് അഭിപ്രായപ്പെട്ടതാണ് മുകളിൽ പറഞ്ഞത്. പ്രസിഡന്റിന്റേത് ഒരു ആലങ്കാരിക പദവി ആണെങ്കിൽ പോലും, ഇസ്രയേലിൽ പുതുതായി അധികാരത്തിൽ വന്നിട്ടുള്ള സർക്കാരിനെ സംബന്ധിച്ച് വലിയ വിഭാഗം ജനങ്ങളിൽ ഉണ്ടായിട്ടുള്ള ആശങ്ക കൂടിയാണ് ഹെർസോഗിൽനിന്ന് പുറത്തു വന്നത്. ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ–യാഥാസ്ഥിതിക പാർട്ടികളുടെ സർക്കാരാണ് വ്യാഴാഴ്ച അധികാരമേറിയത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിക്കൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ട മൂന്ന് തീവ്ര വലതു പാർട്ടികളും രണ്ട് കടുത്ത മതയാഥാസ്ഥിതിക പാർട്ടികളുമാണ് ഭരണസഖ്യത്തിലുള്ളത്. അധികാരത്തിലേറുന്നതിനു മുൻപു തന്നെ സഖ്യകക്ഷികളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകൾ നടപ്പാക്കാനുള്ള ശ്രമവും നെതന്യാഹു തുടങ്ങിയിരുന്നു. അഴിമതി കേസ് നേരിടുന്ന നെതന്യാഹുവിന് ഈ കരാറുകൾ നടപ്പാക്കാതെ രക്ഷപെടാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ എതിരാളികളും ആരോപിക്കുന്നു. ഇസ്രയേലിലെ ഏറ്റവും പ്രധാന പത്രങ്ങളിലൊന്നായ ‘Haaretz’ നെതന്യാഹു സർക്കാരിനെ വിശേഷിപ്പിച്ചത്, ‘ഇസ്രയേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും തീവ്രമായ വലതുപക്ഷ, വംശീയവിരോധമുള്ള, സ്വവർഗലൈംഗികതയെ വെറുക്കുന്ന, അധികാരം ദൈവദത്തമെന്നു കരുതുന്ന കൂട്ടായ്മ’ എന്നാണ്. ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരമേൽക്കുമ്പോൾ എന്തൊക്കെയാണ് ഇസ്രയേലിന്റെ മനസ്സില്‍? എന്തായിരിക്കും പലസ്തീനുമായും അറബ് ലോകമായും പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം? ചോദ്യങ്ങൾ നിരവധിയാണ്.