ADVERTISEMENT

അഹമ്മദാബാദ്∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ പതിനൊന്നു മണിയോടെ ഗാന്ധിനഗറിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കാരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മുത്ത സഹോദരൻ സോമ മോദി എന്നിവർ ചേർന്ന് അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി. മരണവിവരം അറിഞ്ഞയുടൻ പ്രധാനമന്ത്രി ഡൽഹിയിൽനിന്നു ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകള്‍ വാസന്തിബെൻ. ഭർത്താവിന്റെ മരണത്തിന് മുൻപ് വഡ്‌നഗറിലെ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് മാറി.

അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു.

Narendra-Modi-heeraben-2902
അമ്മയുടെ മൃതദേഹം തോളിലേറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിത്രം: പിടിഐ

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപ് മോദി, അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. 2015ൽ യുഎസ് സന്ദർശന വേളയിൽ, ഫെയ്‌സ്ബുക് ആസ്ഥാനം സന്ദർശിക്കുന്നതിനിടെ അമ്മയെക്കുറിച്ച് സംസാരിച്ച മോദി വികാരാധീനനായി‌. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒരിക്കൽ മാത്രമാണ് അമ്മ ഹീരാബെൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016ൽ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ വീൽചെയറിൽ കൊണ്ടുനടക്കുന്നതിന്റെ ചിത്രങ്ങൾ അന്ന് മോദി പോസ്റ്റ് ചെയ്തിരുന്നു. 2016 നവംബറിൽ, പഴയ കറൻസി നോട്ടുകൾ നിരോധിക്കുന്നതിനുള്ള മകന്റെ തീരുമാനത്തെ പിന്തുണച്ച് അവർ എടിഎം ക്യൂവിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

PTI11_15_2016_000062B
ഹീര ബെൻ മോദി രണ്ടായിരത്തിന്റെ നോട്ടുമായി.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപും മോദി അമ്മയെ സന്ദർശിച്ച് അനുഗ്രഹം തേടി. ആ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഹീരാബെൻ, തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വൻ വിജയം നേടിയ ശേഷം തന്റെ വീടിന് പുറത്ത് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു.

English Summary: PM Modi's mother, Heeraben Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com