‘പിരിച്ചുവിടാതിരിക്കാന്‍ കാരണം വിശദീകരിക്കണം’: സുനുവിനെതിരെ നടപടി കടുപ്പിക്കുന്നു
Mail This Article
തിരുവനന്തപുരം∙ പീഡനക്കേസുകളിലടക്കം പ്രതിയായ ഇന്‍സ്പെക്ടര്‍ പി.ആര്‍. സുനുവിനെതിരെ നടപടി കടുപ്പിക്കുന്നു. സുനുവിനു ഡിജിപി നോട്ടിസ് അയച്ചു. നാളെ രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ഹാജരാകണം. പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കാനാണു ഹാജരാകേണ്ടത്. പിരിച്ചുവിടുന്നതില്‍ തീരുമാനം മറ്റന്നാളുണ്ടായേക്കും. ബേപ്പൂര്‍ കോസ്റ്റല്‍ എസ്എച്ച്ഒ ആയിരുന്ന സുനു നിലവില്‍ സസ്പെന്‍ഷനിലാണ്.
തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി.ആർ.സുനു. തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സുനുവിനെ ചോദ്യംചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. ഒരു കേസ് പോലും തന്റെ പേരിൽ ഇല്ലെന്നും പരാതിക്കാരിയെ അറിയില്ലെന്നുമാണ് സുനുവിന്റെ അവകാശവാദം.
സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടതും അയോഗ്യതയായി ഡിജിപി കാണുന്നു.
English Summary: DGP notice to Inspector PR Sunu