രണ്ടാം ബൂസ്റ്റർ ഡോസ് എടുക്കേണ്ടതില്ല; ‘ഒന്നാം ഡോസ് എല്ലാവർക്കും എത്തിക്കട്ടെ’
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തു കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ സുപ്രധാന നിർദേശവുമായി കേന്ദ്ര സർക്കാർ. രണ്ടാമതും ബൂസ്റ്റർ ഡോസ് (മുൻകരുതൽ) വാക്സീൻ സ്വീകരിക്കേണ്ടെന്നാണു നിർദേശം. ആദ്യ ബൂസ്റ്റർ ഡോസ് എല്ലാവർക്കും നൽകാനാണു ശ്രമമെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ് കൂടിയ സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ പ്രതിരോധ നടപടികൾ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ചൊവ്വാഴ്ച 134 കേസുകളാണു റിപ്പോർട്ട് ചെയ്തത്. ചികിത്സയിൽ കഴിയുന്നവർ 2,582. ഇന്ത്യയിലെ ആകെ കോവിഡ് കേസ് 4.46 കോടി പിന്നിട്ടു. ഇതുവരെ 5.30 ലക്ഷം പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്.
ചൈനയ്ക്കു പുറമേ സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്നു വരുന്നവർക്കു കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ഈ രാജ്യങ്ങളിൽനിന്നു വരുന്നവർക്ക് 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ പരിശോധനാ ഫലം വേണം. യാത്രയ്ക്കിടയിൽ ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവർക്കും ഇതു ബാധകമാകുമെന്നു കേന്ദ്രം പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.
English Summary: Amid Covid Concerns in India, Centre Says No Need For Second Dose of Covid Vaccine Booster Shot