4000 വീടുകൾ, സ്കൂളുകൾ, പള്ളികൾ...; ഉത്തരാഖണ്ഡിലെ ‘പൊളി വിവാദം’ നാളെ സുപ്രീംകോടതിയിൽ
Mail This Article
ന്യൂഡൽഹി∙ ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള 29 ഏക്കർ പ്രദേശം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കുന്നു. ഉത്തരവ് നടപ്പാക്കിയാൽ ഏതാണ്ട് നാലായിരത്തിലധികം കുടുംബങ്ങളാണ് വഴിയാധാരമാകുക. ഹൈക്കോടതി വിധിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഈ കുടുംബങ്ങൾ തെരുവിൽ തുടരുമ്പോഴാണ്, എതിർ ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്.
ജനവാസ മേഖലയായ ഇവിടെ വീടുകൾക്കു പുറമെ നാലു സർക്കാർ സ്കൂളുകളും 11 സ്വകാര്യ സ്കൂളുകളും ഒരു ബാങ്കും രണ്ട് വൻകിട കുടിവെള്ള ടാങ്കുകളും 10 മുസ്‍ലിം പള്ളികളും നാല് അമ്പലങ്ങളും ഒട്ടേറെ കടകളുമുണ്ട്. ഇവയിൽ മിക്കവയും പതിറ്റാണ്ടുകൾക്കു മുന്നേ പണിയപ്പെട്ടവയുമാണ്.
നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ്, ഈ പ്രദേശം റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവിടുത്തെ ‘കയ്യേറ്റം’ ഒഴിപ്പിക്കണമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി, ജനുവരി ഒൻപതിനകം ഇവിടെനിന്ന് ഒഴിയാൻ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം 2022 ഡിസംബർ 20ന് ‘കയ്യേറ്റക്കാർക്ക്’ നോട്ടിസ് നൽകിയിരുന്നു.
ഹാൽദ്വാനി റെയിൽവേ സ്റ്റേഷന്റെ ഏതാണ്ട് രണ്ടു കിലോമീറ്ററോളം പരിധിയിൽ താമസിക്കുന്നവരെയാണ് കോടതി വിധി പ്രതികൂലമായി ബാധിക്കുക. ഗഫൂർ ബസ്തി, ധോലക് ബസ്തി, ഇന്ദിര നഗർ, ബാൻഭുൽപുര തുടങ്ങിയ പ്രദേശങ്ങൾ ഒഴിപ്പിക്കാനാണ് ഉത്തരവ്.
കോടതിവിധി നടപ്പാക്കുന്നതിനു മുന്നോടിയായി അധികൃതർ പരിശോധനയ്ക്ക് എത്തിയപ്പോൾ, പ്രദേശവാസികൾ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തിയും കുത്തിയിരുന്നും പ്രാർഥനാ യോഗങ്ങൾ സംഘടിപ്പിച്ചും അവർ കുടിയൊഴിപ്പിക്കലിനെ എതിർത്തു. ഒട്ടേറെപ്പേർ പൊട്ടിക്കരഞ്ഞു.
ഒഴിപ്പിക്കൽ വിവാദം മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്, വ്യാഴാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചത്. ജസ്റ്റിസുമായ എസ്.എ.നസീർ, പി.എസ്.നരസിംഹ എന്നിവരും ബെഞ്ചിലെ അംഗങ്ങളാണ്.
English Summary: 4,000 Homes, Schools, Mosques: Uttarakhand Demolition Row In Supreme Court Tomorrow