തരൂർ പ്രഭാവം: മുഖം തിരിച്ച് കോൺഗ്രസ്; മറക്കരുത് തമിഴ്നാട്ടിലെ മൂപ്പനാർ ഇഫക്ട്
Mail This Article
ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ശശി തരൂരിനെ ഒറ്റപ്പെടുത്താൻ നടക്കുന്ന ചിലരുടെ ഏകോപിതമായ ശ്രമങ്ങൾ കാണുമ്പോൾ രണ്ടു മുൻകാല കാര്യങ്ങളാണ് ഓർമ വരേണ്ടത്. ഒന്ന്, ഇന്നത്തെ ആഗോളവൽക്കരിക്കപ്പെട്ട ഇന്ത്യയുടെ പ്രധാന ശിൽപികളിൽ ഒരാളായ നരസിംഹ റാവുവിന്റെ ഓർമ പോലും ഡൽഹിയിൽനിന്ന് നാട് കടത്തപ്പെടുത്തപ്പെട്ടത്, രണ്ട്, അതേ നരസിംഹ റാവുവിന്റെ നേതൃത്വത്തിനെതിരായി ജി. കെ. മൂപ്പനാരുടെ നേതൃത്വത്തിൽ പാർട്ടിയുടെ സംസ്ഥാന ഘടകത്തെ വിഴുങ്ങി തമിഴ് മാനില കോൺഗ്രസ് ഉണ്ടായതും പിന്നീട് ആ കോൺഗ്രസ് യഥാർഥ കോൺഗ്രസായതും. ഇന്ത്യയിലെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവും ആയ ഏറ്റവും ദുർഘടമായ കാലത്ത് നെഹ്‌റു കുടുംബത്തിന്റെ (സോണിയാ ഗാന്ധി) ഒരിടപെടലുകളും അനുവദിക്കാതെ ഒരു കോൺഗ്രസ് ഗവൺമെന്റിന് നേതൃത്വം നൽകിയ ആളാണ് പി.വി. നരസിംഹ റാവു. അടുത്തിടെ ശ്രീലങ്കയിൽ കണ്ട പോലുള്ള സാമ്പത്തിക-രാഷ്ട്രീയ തകർച്ചയുടെ വക്കിൽനിന്ന് ഈ രാജ്യത്തെ രക്ഷിക്കുകയും, സാമ്പത്തിക വളർച്ചയുടെ പുതിയ പാത വെട്ടിത്തുറക്കുകയും ചെയ്ത ധിഷണാശാലിയും പ്രഗത്ഭനുമായ ഭരണാധികാരി. രണ്ടാഴ്ചയ്ക്കുള്ളിൽ വിദേശനാണ്യം മുഴുവൻ തീർന്ന് വിദേശകടം തിരിച്ചടയ്ക്കാനാവാതെ ഊരാക്കുടുക്കിൽ പെട്ട് പോകുമായിരുന്ന രാജ്യത്തെ കരകയറ്റുന്നതിനായി ചുരുക്കം ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ ഏറ്റവും നല്ല വിദഗ്ധരെ സംഘടിപ്പിച്ചതും, മൻമോഹൻ സിങ്ങിനും മറ്റു സാങ്കേതിക, നയ-രൂപീകരണ വിദഗ്ധർക്കും ഭരണപരമായ സ്വാതന്ത്ര്യവും, രാഷ്ട്രീയ നേതൃത്വവും നൽകിയതും ആയിരുന്നു 1991ൽ തുടങ്ങിയ സാമ്പത്തിക നവീകരണത്തിന്റെ നട്ടെല്ല്.