ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സമിതി അംഗം വി.ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ ധാരണ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്നു ചേരും. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ജോയി സംസ്ഥാന കമ്മിറ്റിയിലെത്തിയത്.

ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത്. ഏറെ നാളായി പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങളുമെല്ലാം വിമർശന വിധേയമായ സാഹചര്യത്തിൽ ആനാവൂർ നാഗപ്പനെതിരെ പാർട്ടിയിൽ നീക്കം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും അതൃപ്തി വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയാറായത്.

പി.കെ.വിജയന്റെയും ടി.ഇന്ദിരയുടെയും മകനായി 1965ൽ പെരുങ്കുഴിയിലാണ് വി.ജോയിയുടെ ജനനം. എസ്എഫ്ഐ ജില്ലാ പ്രസിഡന്റായിരുന്നു. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന അഴൂർ പഞ്ചായത്ത് പിടിച്ചെടുക്കുന്നത് ജോയിയുടെ നേതൃത്വത്തിലാണ്. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും പ്രവർത്തിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വർക്കല കഹാറിനെ 2386 വോട്ടുകൾക്ക് തോൽപിച്ചു. 2021ൽ കോൺഗ്രസിലെ ബിആർഎം ഷഫീറിനെ 17,821 വോട്ടുകൾക്ക് തോൽപിച്ചു.

English Summary: V Joy MLA All Set To Become CPM Thiruvananthapuram District Secretary Replacing Anavoor Nagappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com