തെറ്റിനെ തെറ്റായി കണ്ട് നടപടിയെടുക്കും; ഒരിക്കലും ന്യായീകരിക്കില്ല: വി.ജോയ്
Mail This Article
തിരുവനന്തപുരം ∙ സിപിഎമ്മിന്റെ വർഗ, യുവജന സംഘടനകളിൽ ചില ആളുകളുടെ ഭാഗത്തുനിന്ന് സംഘടനയ്ക്കു യോജിക്കാത്ത പ്രവർത്തനങ്ങൾ വന്നിട്ടുണ്ടെന്നു ജില്ലാ സെക്രട്ടറി വി.ജോയ്. പാർട്ടിക്ക് യോജിക്കാൻ പറ്റാത്ത പ്രവർത്തനങ്ങൾ ഉണ്ടായാൽ, ചെയ്യാൻ പറ്റുന്നത് ശക്തമായ നടപടികൾ സ്വീകരിക്കലാണ്. ചെയ്ത തെറ്റ് ചൂണ്ടിക്കാണിച്ച് തിരുത്താനുള്ള അവസരം നൽകും. തെറ്റു തിരുത്താൻ അവസരം നൽകിയിട്ടും വീണ്ടും തെറ്റിലേക്കു പോകുകയാണെങ്കില്‍ കർശനമായ നടപടികളിലേക്കു പാർട്ടി കടക്കും.
പ്രവർത്തകരിൽ തെറ്റു കണ്ടെത്തിയാൽ സിപിഎമ്മും വർഗ ബഹുജന സംഘടനകളും കർശന നടപടികളാണ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. തലസ്ഥാനത്ത് നേതാക്കൾക്കെതിരെ ഉയർന്ന വിഷയത്തിലും പാർട്ടി നടപടിയെടുത്തു. തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്ന പ്രശ്നമില്ല. തെറ്റിനെ തെറ്റായി കണ്ട് നടപടിയെടുക്കും.
മറ്റു സംഘടനകളിലാണെങ്കിൽ ഇത്തരം തെറ്റു ചെയ്യുന്നവർപോലും സംഘടനയ്ക്കുള്ളിൽ നിൽക്കുന്ന സ്ഥിതിയാണ്. എന്നാൽ, സിപിഎം കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാറുണ്ട്. അതിനിയും തുടരും. പാർട്ടിയിൽ കർശനമായ അച്ചടക്കം നിലനിർത്തുവാനുള്ള നടപടി സ്വീകരിക്കും. അച്ചടക്ക ലംഘനം കണ്ടെത്തിയതിനാലാണ് എസ്എഫ്ഐയുടെ ജില്ലാ പ്രസിഡന്റിനെയും സെക്രട്ടറിയെയും മാറ്റിയത്. സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും നടപടിയെടുത്തു. കൂടുതൽ കർശനമായ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ജോയ് പറഞ്ഞു.
English Summary: Party will take strict action against wrong attitude: V Joy