ഉത്തരേന്ത്യയിൽ അതികഠിന ശൈത്യം 48 മണിക്കൂർകൂടി; രക്തം കട്ടപിടിച്ച് മരണം
Mail This Article
ന്യൂഡൽഹി∙ ഉത്തരേന്ത്യ അതിശൈത്യത്തിൽ വിറങ്ങലിക്കുന്ന പശ്ചാത്തലത്തിൽ 4 സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി, യുപി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. രാജസ്ഥാനിലും ബിഹാറിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 48 മണിക്കൂറിൽ ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുമെന്നാണ് പ്രവചനം.
അവസാന 24 മണിക്കൂറിൽ ഡൽഹിയിൽ താപനില 2.2 ഡിഗ്രി സെൽഷ്യസ് വരെയായി താഴ്ന്നു. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ജമ്മു കശ്മീരിലെയും പല മലനിരകളെ വച്ചുനോക്കുമ്പോൾ വളരെ താഴ്ന്ന താപനിലയായിരുന്നു ഇതെന്നാണു റിപ്പോർട്ടുകൾ. ശനിയാഴ്ച ഡൽഹിയിൽ ചില പ്രദേശങ്ങളിൽ താപനില 1.5 ഡിഗ്രി വരെയായി.
ഹരിയാനയിലെ ഹിസാറിൽ താപനില 1.4 ഡിഗ്രിയിലെത്തി. യുപിയിലെ കാൺപുരിൽ രക്തസമ്മർദം വർധിച്ചും രക്തം കട്ടപിടിച്ചും ഒരാഴ്ചയ്‌ക്കിടെ 98 പേർ മരിച്ചു. ഇന്നലെ മാത്രം 14 മരണം റിപ്പോർട്ട് ചെയ്തു. ഡല്‍ഹിയില്‍ മുഴുവന്‍ സ്കൂളുകളും ഈ മാസം 15 വരെ അടച്ചിടാന്‍ നിര്‍ദേശം നല്‍കി.
English Summary: Biting Cold to Continue in North India for the Next 48 Hours