‘ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി; പഴയിടം ഭയന്നോടരുത്’: എം.വി.ജയരാജൻ
Mail This Article
കോഴിക്കോട്∙ കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് രംഗത്ത് എത്തുന്നത്. പഴയിടത്തെ പിന്തുണച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജനും രംഗത്തെത്തി.
സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയവിഷം കലർത്താൻ നോക്കിയവർക്ക് കേരളം മാപ്പുനൽകില്ലെന്നും പഴയിടത്തെ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളുമുണ്ടെന്നും എം.വി.ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടമാണ്. ഒരാക്ഷേപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ലെന്നും കുറിപ്പിൽ പറയുന്നു.
എം.വി.ജയരാജന്റെ കുറിപ്പ്
കാട്ടാളന്മാരേ അരുത്- പഴയിടം ഭയന്നോടരുത്
സ്‌കൂൾ കലോത്സവ ഭക്ഷണത്തിൽ വർഗീയ വിഷം കലർത്താൻ നോക്കിയ കാട്ടാളന്മാരേ, നിങ്ങൾക്ക് കേരളം മാപ്പുനൽകില്ല. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന വർഗീയഭ്രാന്തന്മാരുണ്ട്. അവർക്ക് ശ്രീനാരായണഗുരു മുതൽ കൃഷ്ണപിള്ളയും എകെജിയും ഇഎംഎസ്സും വരെയുള്ളവർ പാകപ്പെടുത്തിയ മലയാളികളുടെ മണ്ണിൽ ഇതുവരെ സ്ഥാനം ലഭിച്ചിരുന്നില്ല.
ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കിൽ ‘ഭക്ഷണമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന ചുട്ട മറുപടി വർഗീയവൈതാളികൾക്ക് നൽകിയേനെ. ഭാവിപൗരന്മാരായ കുട്ടികളുടെ മനസ്സിൽ വർഗീയവിഷം കുത്തിവയ്ക്കുന്നവർ കാവിവൽക്കരണ അജൻഡയുമായി ഭരണകൂടത്തിന്റെ സ്‌പോൺസർഷിപ്പോടെ പാഠ്യപദ്ധതിയെപ്പോലും മാറ്റിമറിക്കുമ്പോൾ, കേരളം ഭരണഘടനയുടെ അടിസ്ഥാന തൂണായ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നു.
നാളിതുവരെ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും അധ്യാപകർക്കും രുചികരമായ ഭക്ഷണം നൽകിവന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. ഒരാക്ഷേപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയെയും മേന്മയെയും നന്മുടെ നാട്ടിലെ ജനങ്ങളും മാധ്യമകളും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. സേവനതൽപരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനൻ നമ്പൂതിരിയെ ഇപ്പോൾ ആക്ഷേപിക്കുന്നവരിൽ വർഗീയവാദികൾ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്.
ഇത്തരത്തിൽ ചില പ്രതികരണം വരുമ്പോൾ ഭയന്നോടുകയെന്നത് ഒരു പ്രതിഭാശാലിയിൽനിന്നു നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെവന്നാൽ സന്തോഷിക്കുക വർഗീയക്കോമരങ്ങൾ മാത്രമാണ്. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ!
എം.വി.ജയരാജൻ
English Summary: MV Jayarajan support Pazhayidom Mohanan Namboothiri