യുഎസ് വ്യോമമേഖലയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ; 5400 വിമാനങ്ങളെ ബാധിച്ചു
Mail This Article
ന്യൂയോർക്ക്∙ സാങ്കേതിക തകരാറിനെത്തുടർന്ന് യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ലെങ്കിലും സാങ്കേതിക തകരാര്‍ പരിഹരിച്ചു തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. ആകെ 5400 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു.
യുഎസിലെ വ്യോമഗതാഗതം നിയന്ത്രിക്കുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) എയർ മിഷൻ സിസ്റ്റത്തിലാണ് (എൻഒടിഎഎം) തകരാർ കണ്ടെത്തിയത്. പൈലറ്റുമാര്‍ക്ക് വിവരങ്ങളും നിര്‍ദേശങ്ങളും നല്‍കുന്ന സംവിധാനത്തില്‍ തകരാറ് സംഭവിച്ചത് അമേരിക്കയിലെ മുഴുവന്‍ വിമാനങ്ങളുടെയും സര്‍വീസിനെ പ്രതികൂലമായി ബാധിച്ചിരുന്നു. പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്ഡേറ്റിനെ ബാധിക്കുന്ന വിധമാണ് സാങ്കേതിക തടസ്സം നേരിട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
യുഎസിലെങ്ങും യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ഹവായ് മുതൽ വാഷിങ്ടൻ വരെ യുഎസിലെ എല്ലാ സ്ഥലങ്ങളിൽനിന്നും വിമാനങ്ങൾ വൈകുന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽനിന്ന് വ്യക്തമാകുന്നുണ്ട്. ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്തരമൊരു അവസ്ഥയെക്കുറിച്ച് കേട്ടിട്ടില്ലെന്നും വ്യോമയാന മേഖലയിലെ വിദഗ്ധൻ പർവേസ് ഡാമനിയ പ്രതികരിച്ചു. ആയിരക്കണക്കിന് യാത്രക്കാരെയാണു പ്രശ്‌നം ബുദ്ധിമുട്ടിലാക്കിയത്. നിരവധി പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. തകരാർ കണ്ടെത്തിയതിനുപിന്നാലെയാണ് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കിയത്.
English Summary: All flights grounded across America after computer glitch