ADVERTISEMENT

തൃശൂർ∙ നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയെന്ന കെ.പി. പ്രവീണിനെ കുരുക്കിയത്, ഒളിയിടത്തിൽനിന്ന് അതിഥി തൊഴിലാളിയുടെ ഫോണിൽ വീട്ടിലേക്കുള്ള വിളി! കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ പരിശോധനയ്ക്കെത്തിയപ്പോൾ റാണ തലനാരിഴയ്ക്കു കയ്യിൽനിന്നു വഴുതിപ്പോയതിന്റെ ‘ക്ഷീണ’ത്തിലായിരുന്നു അന്വേഷണ സംഘം. രാഷ്ട്രീയത്തിലും പൊലീസിലും ഉൾപ്പെടെ ഉന്നതരുമായി അടുത്ത ബന്ധമുള്ള റാണയെ ഏതു വിധേനയും കുരുക്കാനുള്ള ശ്രമത്തിലായിരുന്നു പൊലീസ് സംഘം.

കൊച്ചിയിലെ ഫ്ലാറ്റിൽനിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീൺ കണ്ണൂരിലേക്കാണു കടന്നതെന്നായിരുന്നു ആദ്യ സൂചനകൾ. ഇതുപ്രകാരം അന്വേഷണ സംഘം കണ്ണൂരിലെത്തി തിരച്ചിൽ നടത്തിയെങ്കിലും റാണയെ പിടികൂടാനായില്ല. റാണ ഒളിവിൽ പോയതിനു പിന്നാലെ കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഒരു കുടുംബാംഗത്തിന്റെ ഫോണിലേക്ക് ഒളിയിടത്തിൽനിന്നും റാണയുടെ വിളിയെത്തിയത്. ക്വാറിയിലെ അതിഥി തൊഴിലാളിയുടെ ഫോണിൽനിന്ന് ‘ഒളിച്ചായിരുന്നു’ വിളിയെങ്കിലും, ആ വിളിയിൽ ‍റാണയെ അന്വേഷണ സംഘം കുരുക്കി.

കുടുംബാംഗത്തിനു വന്ന ഫോൺകോളിന്റെ ഉറവിടം അന്വേഷിച്ച പൊലീസ് സംഘത്തിന്, അതു തമിഴ്നാട്ടിലെ ദേവരായപുരത്തുനിന്നാണെന്നു മനസ്സിലായി. തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ സിഐ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുമ്പോൾ, സ്വാമിയായി വേഷം മാറിയായിരുന്നു ക്വാറിയിലെ തൊഴിലാളികളുടെ കുടിലിൽ പ്രവീൺ റാണയുടെ ഒളിവിലെ വാസം.

കൂട്ടാളികൾക്കൊപ്പം എതിർത്തു നിൽക്കാൻ ശ്രമിച്ച റാണയെ, ബലപ്രയോഗത്തിലൂടെയാണു പൊലീസ് സംഘം കീഴ്പ്പെടുത്തിയത്. പൊലീസ് എത്തിയതു മനസ്സിലായതോടെ റാണയും സംഘവും പട്ടികളെ അഴിച്ചുവിട്ടു പ്രതിരോധിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. പിടികൂടുമ്പോൾ റാണയുടെ കൈവശം പണമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

അറസ്റ്റ് ചെയ്ത റാണയെ അന്വേഷണ സംഘം തൃശൂരിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. റാണയുടെ തട്ടിപ്പിന്റെ വ്യാപ്തി നൂറു കോടിയിലൊതുങ്ങുമെന്നായിരുന്നു ആദ്യ വിലയിരുത്തലെങ്കിലും, ഇപ്പോൾ അത് 150 കോടി കടക്കുന്ന സ്ഥിതിയിലാണ്. റാണയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തിയുടെ കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

English Summary: Conman Praveen Rana arrested at Pollachi, he was in the disguise of a pilgrim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com