മിസ് കേരളമാരുടെ മരണം,മോഡലിന്റെ പീഡനം: ‘കോടാനുകോടീശ്വരന്റെ’ എല്ലാം വാടകയാണ് സാർ, ഷർട്ട് പോലും!
Mail This Article
‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനിയിൽ ഒരു ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ കണ്ണുംപൂട്ടി നിക്ഷേപിക്കാൻ നൂറുകണക്കിനാളുകൾക്കു ധൈര്യം വന്നതെങ്ങനെയാണ്? ഈ ചോദ്യത്തിന്റെ ഉത്തരമാണു പ്രവീൺ റാണയുടെ നിക്ഷേപത്തട്ടിപ്പിനു പിന്നിലെ ആത്യന്തിക സൂത്രവാക്യം. റാണ അറസ്റ്റിലാകുമ്പോഴും പല ചോദ്യങ്ങൾക്കും ഇതുവരെ ഉത്തരമായിട്ടില്ല. അതുപോലെത്തന്നെ രഹസ്യങ്ങൾ നിറഞ്ഞതാണ് റാണയുടെ ജീവിതവും. ബാഹുബലി സിനിമയിലെ സ്വർണപ്രതിമയുടെ മട്ടിൽ സ്വയമൊരു ‘ഫിഗർ’ ആയി നിക്ഷേപകരുടെ മനസ്സിൽ പെരുത്തുപൊന്തുകയായിരുന്നു പ്രവീൺ റാണ. ഇയാളെ ഒരുവട്ടം പോലും നേരിട്ടു കാണുകയോ ഇയാളുടെ ആസ്തി എന്തെന്നു വ്യക്തമായി അറിയുകയോ ചെയ്യാതെയാണു ജനം ലക്ഷങ്ങൾ നിക്ഷേപിച്ചത്. നൂറ്റൻപതു കോടി രൂപയോളം നിക്ഷേപകരിൽനിന്നു കൈപ്പറ്റിയെങ്കിലും പ്രവീൺ റാണ അവരെ നേരിട്ടുകണ്ടത് ഒരേയൊരുവട്ടം മാത്രം! സമൂഹമാധ്യമങ്ങൾ വഴിയും പിആർ ഏജൻസികൾ വഴിയും റാണ സ്വയം സൃഷ്ടിച്ചെടുത്ത ‘കോടാനുകോടീശ്വരൻ’ ഇമേജ് ജനം കണ്ണടച്ചു വിശ്വസിച്ചു. നിക്ഷേപകരിൽ ബഹുഭൂരിപക്ഷവും ഇയാളെ ആദ്യമായി നേരിട്ടു കണ്ടത് ‘സേഫ് ആൻഡ് സ്ട്രോങ്’ ചിട്ടിക്കമ്പനി പൊട്ടിയ ശേഷമാണ്. ആരാണ് റാണ, എന്താണ് റാണ? ഇത്രയേറെ പേർ വിശ്വസിക്കാൻ തക്കവിധം എന്താണ് ഇയാൾ ചെയ്തത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് അന്വേഷണ സംഘം ഇപ്പോൾ. അതിൽ ആദ്യഘട്ടത്തിൽ ലഭിച്ച തുമ്പുകൾതന്നെ അമ്പരപ്പിക്കുന്നത്. ആരെയും കുഴക്കുന്നതുമാണ് സത്യത്തിൽ റാണയുടെ ജീവിതം.