ഇഷ്ടം വിദേശ വിസ്കി; ചായ്വ് ചൈനയോട്, പ്രചണ്ഡ വീണ്ടും: ഇനി ഇന്ത്യ– നേപ്പാൾ ഉലച്ചിൽ?
Mail This Article
1996 മുതൽ നേപ്പാളെന്ന ഹിമാലയൻ രാജ്യത്തെ വിറപ്പിച്ച മാവോയിസ്റ്റ് ഗറില്ലാ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച നേതാവായാണ് പ്രചണ്ഡ (68) അറിയപ്പെടുന്നത്. എന്നാൽ 10 വർഷത്തെ ആഭ്യന്തര സംഘർഷത്തിൽ ഏകദേശം 8 വർഷത്തോളം ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞാണു പ്രചണ്ഡ ഗറില്ലാ യുദ്ധം നയിച്ചതെന്നതാണു വസ്തുത. അയൽ രാജ്യത്ത് ഒളിച്ചിരുന്ന് ഗറില്ലാ യുദ്ധം നയിച്ച നേതാവായാണ് ചരിത്രം ഈ മാവോയിസ്റ്റ് നേതാവിനെ അടയാളപ്പെടുത്തുന്നത്. വർഷങ്ങൾ നീണ്ട ഒളിയുദ്ധത്തിനു താവളമാക്കിയ ഇന്ത്യയെ തന്നെ പ്രചണ്ഡ പിന്നീടു തന്റെ ശത്രുവായി പ്രഖ്യാപിച്ചുവെന്നതാണ് ഇതിലേറെ കൗതുകകരം. പ്രചണ്ഡ ഇന്ത്യയുടെ മിത്രമല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നതെങ്കിലും ശത്രുവായും കരുതാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. ആഡംബരപ്രിയനായ, സ്വന്തം പാർട്ടിയിൽനിന്നു തന്നെ അഴിമതി ആരോപണങ്ങൾ നേരിടുന്ന കമ്യൂണിസ്റ്റ് നേതാവായ പ്രചണ്ഡ മൂന്നാംവട്ടവും പ്രധാനമന്ത്രി പദത്തിലെത്തുമ്പോൾ നേപ്പാളിന്റെ രാഷ്ട്രീയ നിലപാടുകളും മാറുമോ? എന്താകും ഇന്ത്യ– നേപ്പാൾ ബന്ധത്തിന്റെ ഭാവി? വിശദമായി പരിശോധിക്കാം.