നശിപ്പിച്ചത് ഏഴു ലക്ഷം ടിൻ അരവണ; നഷ്ടം ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണം: ചെന്നിത്തല
Mail This Article
തിരുവനന്തപുരം ∙ ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനിയുണ്ടെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഏഴു ലക്ഷം ടിൻ അരവണയാണ് നശിപ്പിച്ചത്. ഇതിന്റെ നഷ്ടം ഉത്തരവാദികളായവരിൽനിന്ന് ഈടാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
‘‘ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വാങ്ങിക്കൊണ്ടുപോകുന്ന അരവണയിൽ കീടനാശിനി കണ്ടെത്തിയതിന്റെ ഞെട്ടലിലാണിപ്പോൾ വിശ്വാസി സമൂഹം. ഹൈക്കോടതി പരിശോധിച്ചില്ലായിരുന്നെങ്കിൽ ഇക്കാര്യം പുറത്തുവരില്ലായിരുന്നു. ഈ സാഹചര്യത്തിൽ അരവണയ്ക്ക് ഉപയോഗിക്കുന്ന ശർക്കര ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളുടെയും ഗുണനിലവാരം പരിശോധിക്കേണ്ടിയിരിക്കുന്നു’ – ചെന്നിത്തല പറഞ്ഞു.
‘‘സാധാരണ ഗുണനിലവാര പരിശോധനയ്ക്കു ശേഷമാണ് ബോർഡ് ഇത്തരം സാധനങ്ങൾ വാങ്ങാൻ അനുമതി നൽകാറുള്ളത്. വേണ്ടപ്പെട്ട ആർക്കോ വേണ്ടിയാണ് ഇപ്പോൾ പരിശോധന കൂടാതെ ഏലക്ക വാങ്ങി വിശ്വാസികളെ വഞ്ചിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ട്. ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ അടിയന്തിരമായി സർക്കാർ ഇടപെടണം. കോടിക്കണക്കിനു രൂപ വരുമാനമുള്ള ശബരിമലയെ കൊള്ളയടിക്കുകയാണ് ദേവസ്വം ബോർഡ്. അതിന് ഒത്താശ ചെയ്യുകയാണ് സർക്കാർ’’ – രമേശ് ചെന്നിത്തല പറഞ്ഞു.
English Summary: Ramesh Chennithala on pesticide found in cardamon used in aravana