ADVERTISEMENT

അഹമ്മദാബാദ്∙ സെക്സ് വിഡ‍ിയോ കോൾ കെണിയിലകപ്പെട്ട് യുവാവിന് നഷ്ടപ്പെട്ടത് 2.69 കോടി രൂപ. ഗുജറാത്തിൽ റിന്യൂവബിൾ എനർജി സ്ഥാപനം നടത്തുന്ന യുവാവിനാണ് തട്ടിപ്പിലൂടെ പണം നഷ്ടമായത്. 

2022 ആഗസ്റ്റ് 8 നാണ് യുവാവിന് ഒരു യുവതിയുടെ ഫോൺകോൾ ലഭിച്ചത്. റിയ ശർമ എന്നാണ് തന്റെ പേരെന്നും മോർബി സ്വദേശിയാണെന്നുമാണ് പരിചയപ്പെടുത്തിയത്. തുടർന്ന് അടുപ്പം സൃഷ്ടിച്ചെടുത്ത യുവതി വിഡിയോ ചാറ്റിനിടെ വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുകയും യുവാവ് അത് അനുസരിക്കുകയുമായിരുന്നു. എന്നാൽ തൊട്ടുപിന്നാലെ യുവതി വിഡിയോ കോൾ കട്ട് ചെയ്തു. പിന്നീട് നഗ്ന വിഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെടുകയും ചെയ്തു. 

കുറച്ചു ദിവസങ്ങൾക്കു ശേഷം യുവാവിന് മറ്റൊരു ഫോൺകോൾ ലഭിച്ചു. ഡൽഹിയിലെ പൊലീസ് ഇൻസ്പെക്ടർ ഗുഡ്ഡു ശർമയാണെന്ന് പറയുകയും വിഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും പ്രചരിപ്പിക്കാതിരിക്കാൻ മൂന്നു ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഒാഗസ്റ്റ് 14 ന് ഡൽഹി സൈബർ സെല്ലില്‍ നിന്നാണെന്നും യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും കേസെടുക്കാതിരിക്കാൻ 80.97 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു.

Read Also: ‘മോദിക്കെതിരെ എഴുതണം, കൂടെ കിടന്നാൽ വീസ’: പാക്ക് നയതന്ത്രജ്ഞർക്കെതിരെ വനിതാ പ്രഫസർ

പിന്നീട് സിബിഐ ഓഫിസിൽ നിന്നാണെന്ന് പറഞ്ഞ് കോൾ എത്തി. യുവതിയുടെ അമ്മ പരാതിയുമായി എത്തിയിട്ടുണ്ടെന്നും കേസ് ഒത്തു തീർക്കാൻ 8.5 ലക്ഷം രൂപ നൽകണമെന്നും പറഞ്ഞു. ഫോൺകോളുകളിൽ സംശയം തോന്നാത്ത യുവാവ് ആവശ്യപ്പെട്ട പണം മുഴുവൻ നൽകുകയായിരുന്നു. 

ഡിസംബർ 15 ന് കേസ് അവസാനിച്ചെന്ന് അറിയിച്ച് ഡൽഹി ഹൈക്കോടതിയിൽ നിന്ന് ഓർഡർ ലഭിച്ചു. ഇത് വ്യാജമാണെന്ന് തോന്നിയതോടെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. ജനുവരി 10 ന് സൈബർ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തി 2.69 കോടി രൂപ തനിക്കു നഷ്ടപ്പെട്ടെന്ന് അറിയിക്കുകയും തട്ടിപ്പുമായി ബന്ധമുള്ള പതിനൊന്നു പേർക്കെതിരെ പരാതി നൽകുകയുമായിരുന്നു. ഐപിസി 387, 170, 465, 420, 120–ബി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിൽ അന്വേഷണം നടന്നു വരികയാണെന്നും ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

English Summary: Gujarat Businessman Loses ₹ 2.69 Crore In Sex Video Call Trap: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com