ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞു താഴും: ഐഎസ്ആര്‍ഒ മുന്നറിയിപ്പ്
Mail This Article
ന്യൂഡൽഹി∙ ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായി ഇടിഞ്ഞുതാഴുമെന്ന് ഐഎസ്ആർഒ മുന്നറിയിപ്പ്. ഭൂമി ഇടിഞ്ഞുതാഴുന്നതിന്റെ വേഗം വർധിക്കുന്നു. 2022 ഡിസംബർ 27 മുതൽ ഈവർഷം ജനുവരി 8 വരെ 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്റർ ഇടിഞ്ഞുതാണു. കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെ ആകെ 8.9 സെന്റീമീറ്റർ മാത്രം ഇടിഞ്ഞു താഴ്ന്ന അവസ്ഥയിൽനിന്നാണ് ഈ അടുത്ത ദിവസങ്ങളിൽ ഭൂമി താഴ്ന്നുപോയതിന്റെ വേഗത കൂടിയത്.
ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണ് (എൻആർഎസ്‌സി) ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചത്. ഐഎസ്ആർഒയുടെ കാർട്ടോസാറ്റ് – 2എസ് ഉപഗ്രഹമാണ് ചിത്രങ്ങളെടുത്തത്.
സൈന്യത്തിന്റെ ഹെലിപ്പാഡും നരസിംഹ ക്ഷേത്രവും ഉൾപ്പെടെ ജോഷിമഠ് നഗരഭാഗം മുഴുവൻ താഴുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. ജോഷിമഠ് – ഓലി റോഡും ഇടിഞ്ഞു താഴും. വീടുകളിലും റോഡുകളിലും രൂപപ്പെട്ട വിള്ളലുകളും മറ്റും ശാസ്ത്രസംഘം വിശദമായി പരിശോധിക്കുന്നു. വിശദ റിപ്പോർട്ട് ഉടനടി സമർപ്പിക്കും.
English Summary: ISRO report shows entire Joshimath may sink ; see satellite images