51 ദിവസം, 3,200 കിലോമീറ്റർ, 13 ലക്ഷം രൂപ; ഒഴുകും കൊട്ടാരം ഫ്ലാഗ് ഓഫ് ചെയ്തു പ്രധാനമന്ത്രി
Mail This Article
വാരാണസിയിൽ നിന്നാരംഭിച്ച് ബംഗ്ലദേശിലൂടെ അസമിലെ ദിബ്രുഗഡിൽ പൂർത്തിയാകുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബരക്രൂസ് എംവി ഗംഗാവിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വിഡിയോ കോൺഫറൻസ് വഴി ഫ്ലാഗ് ഓഫ് ചെയ്തു. ഇതോടെ ‘റിവർ ക്രൂയിസ് ടൂറിസ’ത്തിന്റെ പുതിയ യുഗത്തിന് തുടക്കമായി. ഫ്ലാഗ് ഓഫിനൊപ്പം 1000 കോടിയിലധികം വരുന്ന മറ്റു ഉൾനാടൻ ജലപാത പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
∙ 51 ദിവസം, 3200 കിലോമീറ്റർ
51 ദിവസം നീണ്ട യാത്രയിൽ ഇന്ത്യയിലെയും ബംഗ്ലദേശിലെയും 27 നദീതടങ്ങളിലൂടെ കടന്നുപോകുന്ന ഗംഗാവിലാസ് 3,200 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ പാർക്കുകൾ എന്നിവയുൾപ്പെടെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാം. 62 മീറ്റർ നീളവും 12 വീതിയുമുള്ള ഗംഗാ വിലാസിൽ 3 ഡെക്കുകളും 18 സ്വീറ്റുകളുമാണുള്ളത്. 36 വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുണ്ട്. ആദ്യയാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 സഞ്ചാരികളാണുള്ളത്. ഒരാൾക്ക് പ്രതിദിനം 25,000 രൂപ വീതം ചെലവാകും. ഏകദേശം 13 ലക്ഷം രൂപയാണ് ഒരാൾക്ക് ആകെ ചെലവാകുക.
51 ദിവസത്തിനിടെ, വാരാണസിയിലെ ഗംഗാ ആരതി, ഏറ്റവും വലിയ നദി ദ്വീപായ അസമിലെ മജുലി, ബിഹാർ സ്കൂൾ ഓഫ് യോഗ, വിക്രംശില യൂണിവേഴ്സിറ്റി, സുന്ദർബന്‍ ഡെൽറ്റ, കാസിരംഗ ദേശീയ ഉദ്യാനം, ബിഹാറിലെ പട്ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, ബംഗാളിലെ കൊൽക്കത്ത, ബംഗ്ലദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ, മറ്റു ലോക പൈതൃക കേന്ദ്രങ്ങൾ എന്നിവിങ്ങളിലൂടെയാണ് ആഡംബരക്രൂസ് സഞ്ചരിക്കുക. ഇതിലൂടെ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, എന്നിവ അനുഭവിക്കാൻ സഞ്ചാരികൾക്കാകും. എംവി ഗംഗാ വിലാസിന്റെ അടുത്ത യാത്ര ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കും. ഇതിന്റെ ബുക്കിങ് ഉടൻ തുടങ്ങും. നിലവിൽ കൊൽക്കത്തയ്ക്കും വാരാണസിക്കും ഇടയിൽ എട്ട് റിവർ ക്രൂയിസുകള്‍ സർവീസ് നടത്തുന്നുണ്ട്.
English Summary: PM Modi flags off world's longest cruise MV Ganga Vilas