ശബരിമല ∙ കാത്തുകാത്തിരുന്ന പുണ്യനിമിഷം.. പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾക്കു ജന്മസാഫല്യം. വ്രതനിഷ്ഠയിൽ തപം ചെയ്ത മനസ്സുമായി കാതങ്ങൾ താണ്ടി അയ്യപ്പനെ കാണാൻ മലകയറി വന്ന സ്വാമിമാരുടെ കണ്ഠങ്ങളിൽ ഒരേ സ്വരത്തിൽ ഒറ്റപ്രാർഥന മാത്രം– സ്വാമിയേ ശരണമയ്യപ്പ..! നെയ്യും കർപ്പൂരവും സുഗന്ധമായി വീശിയടിച്ചപ്പോൾ, ശരണംവിളിയുടെ അലകളിൽ ശബരിമല ഭക്തിയുടെ കൊടുമുടിയായി.
ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ ശബരീശന് ദീപാരാധന നടന്നശേഷം, സന്ധ്യയ്ക്കു 6.46നാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി ആദ്യം തെളിഞ്ഞത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ടുതവണ കൂടി ജ്യോതി മിന്നിത്തെളിഞ്ഞതോടെ പൂങ്കാവനം ഭക്തിപാരവശ്യത്തിലേറി. ശരണപാതകൾ പിന്നിട്ട് തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെയാണു സോപാനത്തിലെത്തിയത്. തിരുവാഭരണം ചാർത്തി ദീപാരാധന നടന്നപ്പോൾ സന്നിധാനം ഭക്തിയുടെ പാരമ്യത്തിലായി. പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞപ്പോൾ ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുയർന്ന ശരണംവിളി അയ്യനുള്ള ആരതിയായി.
പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകരവിളക്കിന്റെ പുണ്യം. മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. സന്നിധാനത്തും പരിസരത്തുംമാത്രം ഒരു ലക്ഷത്തിലേറെപ്പേർ തമ്പടിച്ചിട്ടുണ്ട്. സ്വാമി അയ്യപ്പനു ചാർത്താൻ തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര സന്നിധാനത്തു തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി എന്നിവർ ചേർന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന.
മകരജ്യോതി ദർശനത്തിനായി സന്നിധാനം പമ്പ, പുല്ലുമേട് എന്നിവിടങ്ങളിൽ ഭക്തർ നിറഞ്ഞു. 6.30നും 6.50നുമിടയിൽ പൊന്നമ്പലമേടിൽ മകരജ്യോതി തെളിഞ്ഞു. രാത്രി 8.45നാണ് മകരസംക്രമ മുഹൂർത്തം. അയ്യപ്പ വിഗ്രഹത്തിൽനിന്നു തിരുവാഭരണങ്ങൾ മാറ്റിയശേഷം കവടിയാർ കൊട്ടാരത്തിൽനിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയിൽ അഭിഷേകം ചെയ്യും.
അത്താഴപൂജയ്ക്കു ശേഷം മാളികപ്പുറത്തുനിന്നുള്ള എഴുന്നള്ളത്തു തുടങ്ങും. അപകടങ്ങൾ ഒഴിവാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകരുടെ മടക്കയാത്രയ്ക്കായി 1000 ബസുകൾ കെഎസ്ആർടിസി ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് 19 വരെയാണ് ദർശനം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.