തണുപ്പ് പിടിമുറുക്കി ഡൽഹി, ഷെൽറ്ററുകളിൽ തിരക്ക്; പ്രകൃതി സ്നേഹികളുടെ ‘ചാകര’ക്കാലം– ചിത്രങ്ങൾ
Mail This Article
ന്യൂഡൽഹി ∙ 20 കിടക്ക അടുത്തടുത്ത്. ഓരോന്നിലും ഒരു ബെഡ്, ഷീറ്റ്, ബ്ലാങ്കറ്റ്, ഒരു തലയിണ. കശ്മീരി ഗേറ്റ് ഐഎസ്ബിടിക്കു സമീപത്തെ ഒരു രാത്രികാല ഷെൽറ്റർ ഇങ്ങനെയാണ്. ഒരു ചെറിയ കെട്ടിടം. ആളുകളുടെ വരവ് അധികമായതോടെ ഒരു താൽക്കാലിക ടെന്റും സമീപത്തുണ്ട്. ഏതാനും ദിവസങ്ങളായി ഷെൽറ്ററുകളിലെ കിടക്കകളിൽ വേഗം ആളുകളെത്തുമെന്നു നടത്തിപ്പുകാർ പറയുന്നു. തണുപ്പ് പിടിമുറുക്കിയതോടെയാണിത്.
കിടക്കയ്ക്കു വേണ്ടി ഇവരുടെ കയ്യാങ്കളിയും പതിവ് കാഴ്ച. കശ്മീരി ഗേറ്റിൽ മാത്രം രണ്ടായിരത്തിലേറെ ആളുകളെ പാർപ്പിച്ചിട്ടുണ്ടെന്നാണു ഡൽഹി അർബൻ ഷെൽറ്റർ ഇംപ്രൂവ്മെന്റ് ബോർഡ് നൽകുന്ന വിവരം. എന്നാൽ ഇതിലേറെ ആളുകളുണ്ടെന്നു ഷെൽറ്റർ കേന്ദ്രങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനക്കാർ പറയുന്നു.
ഷെൽറ്ററിൽ മൂന്നു നേരവും ഭക്ഷണം നൽകുന്നുണ്ടെന്നാണു ഔദ്യോഗിക വിശദീകരണം. ഇവിടെ അന്തിയുറങ്ങുന്ന ഭൂരിഭാഗവും ദിവസക്കൂലിക്കാരാണ്. നഗരത്തിൽ പല ജോലിക്കുമായി എത്തുന്നവർ. വഴിയോര വിൽപനക്കാരും തെരുവിൽ ഭിക്ഷതേടുന്നവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ ഈ തണുപ്പിൽ വീട്ടിലേക്കു മടങ്ങുക പ്രയാസമാണെന്നു പറയുന്നു. അതിനാലാണ് ഷെൽറ്റർ കേന്ദ്രങ്ങളിൽ തങ്ങുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രം വീട്ടിലേക്കു പോകും.
രാത്രി 8 മണിയോടെ ഷെൽറ്റർ കേന്ദ്രങ്ങളിൽ അത്താഴം വിളമ്പും. ചോറും വെജിറ്റബിൾ കറിയും ഉൾപ്പെടുന്നത്. ഷെൽറ്ററിനു സമീപത്തു പോർട്ടബിൾ ശുചിമുറികൾ ക്രമീകരിച്ചിട്ടുണ്ട. രാത്രി 9 മണിയോടെ ഷെൽറ്ററുകളിലെല്ലാം ആളു നിറയും. പലപ്പോഴും ഇടം കിട്ടാതെ മറ്റു സ്ഥലങ്ങൾ തേടി അലയുന്നവരുമുണ്ട്. ഏറ്റവും പ്രതിസന്ധി ശുചിമുറിയാണെന്നു അന്തേവാസികൾ പറയുന്നു.
വൃത്തിഹീനമായ സാഹചര്യവും മോശം അവസ്ഥയുമെല്ലാം ഇവരെ ബാധിക്കുന്നുണ്ട്. 18,768 പേരെ ഉൾക്കൊള്ളാൻ സാധിക്കുന്ന 264 സ്ഥിര–താൽക്കാലിക ഷെൽറ്ററുകൾ നഗരത്തിൽ പലയിടത്തായുണ്ട്. എന്നാൽ ഇതിലുമേറെ ആളുകൾ ഇവിടെ അന്തിയുറങ്ങുന്നുവെന്നാണു വിവരം. ഇതിന്റെ പലമടങ്ങ് ആളുകൾ ഇപ്പോഴും നിരത്തിൽ കഴിയുന്നുവെന്നു വിവിധ സന്നദ്ധ സംഘടനയുടെ ആളുകൾ പറയുന്നു.
∙ ഡൽഹി: ഒരു പിറ്റ്സ്റ്റോപ്പ്
തണുപ്പു തുടങ്ങിയാൽ കശ്മീരി ഗേറ്റിലെ യമുനാ ഘട്ടിൽ സഞ്ചാരികളെത്തും. സൈബീരിയൻ സീഗൾ ഇനത്തിൽപ്പെട്ട പക്ഷികളും ഇവയെക്കാണാനുള്ള വിനോദസഞ്ചാരികളും. ദേശാടനപക്ഷികൾ വിരുന്നു വരുന്ന കാലമാണിത്. ട്രാൻസ് സൈബീരിയൻ അതിർത്തി കടന്ന് ഇന്ത്യയിലേക്കെത്തുന്ന വിവിധ തരം പക്ഷികളുടെ ഇടത്താളവമാണ് ഡൽഹി; ഒരു പിറ്റ്സ്റ്റോപ്പ് എന്നു പറയാം.
സ്വന്തം നാട്ടിലെ അതിശൈത്യം ഒഴിവാക്കാൻ കിലോമീറ്ററുകൾ പറന്ന് അവർ ഇന്ത്യയിലെത്തുന്നു. ഡൽഹിയിൽ ഒന്നു സ്റ്റോപ്പ് ചെയ്യുന്നു. പിന്നീട് കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ തീരം വരെ പറക്കുന്നു. അവിടെ നിന്നു സ്വദേശത്തേക്കു മടങ്ങുമ്പോഴും ഇതാവർത്തിക്കും; ഡൽഹിയിലെ പിറ്റ്സ്റ്റോപ്പ്. രാജ്യത്തെ പക്ഷിനിരീക്ഷകർക്കും പ്രകൃതി സ്നേഹികൾക്കും വിന്റർ ഒരു വൈവിധ്യം നിറഞ്ഞ, തിരക്കേറിയ ‘ചാകര’ക്കാലമെന്നു ചുരുക്കം.
ലോകത്തിലെ ഏറ്റവുമധികം പക്ഷിവൈവിധ്യമുള്ള രണ്ടാമത്തെ രാജ്യതലസ്ഥാന നഗരമെന്ന ഖ്യാതിയുണ്ട് ഡൽഹിക്ക്. കെനിയയിലെ നെയ്റോബിയാണ് ഈ പട്ടികയിൽ ഒന്നാമത്. ഡൽഹി, ഗുരുഗ്രാം, ഹരിയാനയുടെയും രാജസ്ഥാന്റെയും ചില ഭാഗങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന സെൻട്രൽ ഏഷ്യൻ ഇന്ത്യൻ ഫ്ലൈവേ, ദേശാടനപക്ഷികളുടെ ഒരു പ്രധാന സഞ്ചാരപാതയാണ്.
ബുൾബുൾ, മരംകൊത്തി, തത്ത, വ്യത്യസ്ത തരത്തിലുള്ള പ്രാവ് തുടങ്ങിയ പതിവു പക്ഷികൾക്കു പുറമേ കൊക്കിന്റെയും മറ്റും വിവിധ ഇനങ്ങളെ സുലഭമായി ഡൽഹിയിൽ കാണാം. ഓഖ്‍ല പക്ഷികേന്ദ്രം, യമുന ബയോഡൈവേഴ്സിറ്റി പാർക്ക് എന്നിവയെല്ലാം പക്ഷികളുടെ കേന്ദ്രം.
English Summary: Winter in Delhi: Photos